‘അമ്മ’ മോഡല്‍ പദ്ധതിയുമായി മോദി; 30 കോടിയോളം പാവങ്ങളുടെ അക്കൗണ്ടിലേക്ക് എല്ലാമാസവും പണം നിക്ഷേപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഒരുങ്ങുന്നു

mmmരാജ്യത്ത് വിപ്ലവകരമായ ചലനം സൃഷ്ടിക്കാന്‍ പോന്ന പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബാങ്ക് അക്കൗണ്ട് മുഖേന രാജ്യത്തെ 30കോടിയോളം ദരിദ്രര്‍ക്ക് മാസം തോറും നിശ്ചിത തുകനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നെന്നാണ് സൂചന. വരുന്ന ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഈ പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. നോട്ടുറദ്ദാക്കലിനെത്തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളെ വിസ്മരിക്കാന്‍ ഈ പദ്ധതി സഹായകമാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. സാര്‍വത്രീക അടിസ്ഥാന വരുമാന പദ്ധതി(യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം സ്കീം) എന്നു പേരിട്ടിരിക്കുന്ന പദ്ധതി ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍ക്കൊള്ളിക്കാനുള്ള സാധ്യത ഏറെയാണ്.

യാതൊരു വരുമാനമാര്‍ഗങ്ങളുമില്ലാത്ത തൊഴില്‍രഹിതരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. വീട്ടമ്മമാരുടെ കൈയ്യില്‍ പണം വരുന്ന രീതിയിലായിരിക്കും പദ്ധതിയെന്നും സൂചനയുണ്ട്. അടിസ്ഥാന വരുമാനമെന്ന മാനദണ്ഡം സ്വീകരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി ജന്‍ധന്‍ അക്കൗണ്ടുകളോ 2011ലെ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസോ അടിസ്ഥാനമാക്കാനാണ് പദ്ധതിയിടുന്നത്. പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് ഒട്ടേറെ വെല്ലുവിളികളുണ്ടെങ്കിലും  പദ്ധതി നടപ്പാക്കാനായാല്‍ രാജ്യത്തെ ദാരിദ്ര്യ ലഘൂകരണത്തിന് അതു സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മോദി സര്‍ക്കാര്‍ എന്നും പഴികേട്ടിട്ടുള്ളത് ഇന്ധനവില വര്‍ദ്ധനവിലാണ്. ക്രൂഡ് ഓയില്‍ ബാരലിന് അന്താരാഷ്ട്ര വിപണിയില്‍ 52 ഡോളറായി താഴ്ന്നപ്പോഴും ഇന്ത്യയില്‍ പെട്രോളിന്റെ വില 75 രൂപയായിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബാരലിന് 120 രൂപയുള്ളപ്പോള്‍ 74രൂപ മാത്രമായിരുന്നു യുപിഎ ഭരണകാലത്ത്് പെട്രോള്‍ വിലയെന്നതും വിമര്‍ശനങ്ങളുടെ ശക്തികൂട്ടി. അന്താരാഷ്ട്ര വിപണിയിലുണ്ടായ ഏറ്റക്കുറച്ചിലുകളിലൂടെ ശതകോടികളാണ് ഖജനാവിലേക്ക് ഒഴുകിയെത്തിയതെന്ന് വ്യക്തം. ഈ തുകയും നോട്ട് അസാധുവാക്കലിലൂടെ ഒഴുകിയെത്തിയ കോടികളും പാവപ്പെട്ടവക്ക് വീതിച്ചു നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. അതുകൊണ്ടുതന്നെ പദ്ധതി വിജയകരമായി നടപ്പാകുമെന്നാണ് പ്രതീക്ഷ.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് കള്ളപ്പണം പിടിച്ചെടുത്ത് ഇന്ത്യാക്കാരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന വാഗ്ദാനം മോദി നല്‍കിയിരുന്നു. ഇത് നടപ്പാക്കാത്തത് പലപ്പോഴും വിമര്‍ശനത്തിന് കാരണവുമായി. ഇതിനിടെയാണ് നോട്ട് അസാധുവാക്കലും കള്ളപ്പണത്തിനെതിരെ നടപടിയും തുടങ്ങുന്നത്. ഇതിനൊപ്പം കാര്‍ഷിക വായ്പ എഴുതി തള്ളുന്നതും പരിഗണനയിലുണ്ട്. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പാണ് ലക്ഷ്യം. ബാങ്ക് അക്കൗണ്ട് മുഖേന 30 കോടിയോളം പാവപ്പെട്ടവര്‍ക്കു മാസം തോറും നിശ്ചിത തുക ലഭ്യമാക്കി പദ്ധതിക്കു തുടക്കമിടാനാണ് ഉദ്ദേശിക്കുന്നത്. ഇ്ത്തരത്തില്‍ പണം നല്‍കുന്നതിലൂടെ വാര്‍ധക്യകാല പെന്‍ഷന്‍, വിധവ പെന്‍ഷന്‍ തുടങ്ങിയ ക്ഷേമപദ്ധതികളും വിവിധ സബ്‌സിഡികളും നിര്‍ത്തലാക്കും. അതിന് ശേഷം പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കും.  ജയലളിത നടപ്പാക്കിയതു പോലെ ‘അമ്മ’ പദ്ധതികള്‍ ദേശീയ തലത്തില്‍ നടത്തി ജനങ്ങളെ കൈയിലെടുക്കാനാണ് നീക്കം. എല്ലാവര്‍ക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതി പ്രാവര്‍ത്തികമായാല്‍ ലോകത്തിലെ ഏറ്റവും സാമ്പത്തിക സുരക്ഷയുള്ള രാജ്യമായി ഇന്ത്യമാറും എന്നാണ് കണക്കുകൂട്ടുന്നത്.

പദ്ധതി ബാങ്കുകള്‍ മുഖേനയായതിനാല്‍ പണം അനര്‍ഹമായവരിലേക്കു ചോര്‍ന്നുപോകില്ലെന്ന നേട്ടവുമുണ്ട്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ചു വിവിധ സബ്‌സിഡികള്‍, മറ്റു സൗജന്യങ്ങള്‍ എന്നിവയ്ക്കായി ചെലവിട്ട തുക മൂന്നര ലക്ഷം കോടി രൂപയായിരുന്നു. അതായത്, ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്റെ അഞ്ചു ശതമാനത്തോളം. പുതിയ പദ്ധതിക്കു പ്രാരംഭ വര്‍ഷത്തില്‍ ഇത്രയും തുക മതിയാകുമെന്നാണു കണക്കാക്കുന്നത്. എന്നാല്‍ ധനകമ്മിയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് പ്രതിബന്ധം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്. രാജ്യത്തെ ഇരുപതു കോടി നിര്‍ധനര്‍ക്ക് പ്രതിമാസം 1,500 രൂപ വിതരണം ചെയ്യണമെങ്കില്‍തന്നെ കേന്ദ്ര സര്‍ക്കാരിന് മൂന്ന് ലക്ഷം കോടി രൂപ ആവശ്യമായി വരും. ധനക്കമ്മിയും വിതരണത്തിലെ പ്രശ്‌നങ്ങളും പരിഗണിച്ചുകൊണ്ടായിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.

Related posts