33 കിലോ വരെ പരമാവധി വലിപ്പം വയ്ക്കുമെന്നു പ്രതീക്ഷിക്കുന്ന പന്നി 303 കിലോയിലധികം വലിപ്പം വച്ചാല്‍ വളര്‍ത്തുന്നവര്‍ ഞെട്ടുമെന്നത് ഉറപ്പാണ്. ഇറച്ചിക്കു വേണ്ടിയാണ് പന്നിയെ വളര്‍ത്തുന്നത് എങ്കില്‍ അവര്‍ സന്തോഷിക്കുകയേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഓമനിച്ചു വളര്‍ത്താനായിട്ടാണ് പന്നിയെ വാങ്ങിയതെങ്കിലോ? കാനഡയിലെ ദമ്പതിമാരാണ് ഈ പന്നിക്കുട്ടന്റെ ഉടമകള്‍. പന്നിക്കുട്ടന്റെ വളര്‍ച്ച കണ്ട് ആദ്യം ഒന്നതിശയിച്ചെങ്കിലും തങ്ങളുടെ ഓമന മൃഗത്തെ ഇപ്പോഴും എല്ലാ സംരക്ഷണവും നല്‍കി തന്നെയാണ് ഇവര്‍ വളര്‍ത്തുന്നത്.
ഗവേഷകര്‍ വികസിപ്പിച്ചെടുത്ത പുതിയ പന്നിവര്‍ഗ്ഗമാണ് മൈക്രോപിഗ്‌സ്. സാധാരണ പന്നികളേക്കാള്‍ വലിപ്പം കുറഞ്ഞ ഇവ പരീക്ഷണ ശാലകളിലും വീടുകളിലും വളര്‍ത്താനുള്ള സൗകര്യം കണക്കിലെടുത്തു വികസിപ്പിച്ചതാണ്. അഞ്ചു വര്‍ഷം മുന്‍പ് ഈ ഇനത്തില്‍ പെട്ട പന്നിയെയാണ് ദമ്പതിമാരായ സ്റ്റീവും ഡെറികും വാങ്ങി വീട്ടില്‍ നിര്‍ത്തിയത്. ആട്ടിന്‍ കുട്ടിയുടെ വലിപ്പം മാത്രം വയ്‌ക്കേണ്ട പന്നി വളര്‍ന്ന് ഏതാണ്ട് ഹിമക്കരടിയുടെ വലിപ്പത്തിലെത്തിയത് എങ്ങനെയാണെന്നതാണ് ഇവരെ അത്ഭുതപ്പെടുത്തുന്നത്.
സ്റ്റീവിനും ഡെറികിനും ഒപ്പം വീട്ടിനുള്ളില്‍ തന്നെയാണ് എസ്തര്‍ എന്ന പന്നിയുടേയും താമസം. ഉറക്കവും ഭക്ഷണവുമെല്ലാം ഇവരൊന്നിച്ചാണ്. ആഴ്ചതോറും കിലോക്കണക്കിന് ഭക്ഷണമാണ് എസ്തറിന് വേണ്ടി വരിക. ഇതില്‍ പച്ചക്കറികളും പഴങ്ങളും ഓട്‌സും ഐസ്‌ക്രീമും വരെ ഉള്‍പ്പെടും. ഭക്ഷണം മാത്രമല്ല എസ്തറിന്റെ മറ്റു സൗകര്യങ്ങള്‍ കൂടി നോക്കുമ്പോള്‍ നല്ല ചിലവാണ് ഇതിനു വരുന്നത്. എങ്കിലും എസ്തറിനെ ഉപേക്ഷിക്കാനൊന്നും തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് ദമ്പതികള്‍ പറയുന്നത്. ഓമനിച്ചു വളര്‍ത്താന്‍ വേണ്ടിയാണ് എസ്തറിനെ വാങ്ങിയതെന്നും തങ്ങളുദ്ദേശിച്ച വലിപ്പത്തില്‍ ശരീരം നില്‍ക്കാത്തത് എസ്തറിന്റെ കുറ്റമല്ലെന്നും ദമ്പതികള്‍ പറഞ്ഞു. അതുകൊണ്ട് വലിപ്പത്തിന്റെ പേരില്‍ എസ്തറിനെ ഉപേക്ഷിക്കുന്നത് നീതിയല്ലെന്നും ഇവര്‍ പറയുന്നു. ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് മൈക്രോപിഗ് ഇനത്തിലായിട്ടും എസ്തര്‍ ഇത്രയധികം വളര്‍ച്ചന്നതിന് കാരണം എന്നാണ് ഗവേഷകര്‍ പറയുന്നത്.
https://youtu.be/rneKKIrynHs