ന്യൂഡൽഹി: ആദായനികുതി ഒഴിവുപരിധി കൂട്ടും, നികുതി വിമുക്തമായ നിക്ഷേപത്തിന്റെ പരിധി കൂട്ടും, ഭവനവായ്പയുടെ പലിശയ്ക്ക് നികുതി ഒഴിവാക്കാനുള്ള പിരിധി കൂട്ടും. വരുന്ന പൊതുബജറ്റിൽ ഇതൊക്കെ ഉണ്ടാകുമെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യുടെ ഗവേഷണവിഭാഗം.ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത്. അതിനു മുന്നോടിയായി എസ്ബിഐ റിസർച്ച് പുറത്തിറക്കിയ ഇക്കോറാപ് എന്ന റിപ്പോർട്ടിലാണ് ഈ പ്രവചനങ്ങൾ.
നികുതി ഒഴിവു പരിധി രണ്ടര ലക്ഷം രൂപയിൽനിന്നു മൂന്നു ലക്ഷം രൂപയായി കൂട്ടുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 80 സി പ്രകാരം നികുതി ഒഴിവായ നിക്ഷേപങ്ങളുടെ പരിധി ഒന്നര ലക്ഷത്തിൽനിന്ന് രണ്ടു ലക്ഷമാക്കും. ഭവനവായ്പയുടെ പലിശയ്ക്ക് നികുതി ഒഴിവ് ഇപ്പോൾ രണ്ടുലക്ഷം രൂപവരെ ഉള്ളത് മൂന്നുലക്ഷം രൂപയാക്കും. ബാങ്കിലെ അഞ്ചുവർഷ സ്ഥിരനിക്ഷേപത്തിനു മാത്രം ഒഴിവ് എന്നത് മൂന്നുവർഷ സ്ഥിരനിക്ഷേപത്തിനുംകൂടിയാക്കും. ഇതാണ് എസ്ബിഐ റിസർച്ചിന്റെ നിഗമനങ്ങൾ.
ഈ ഇളവുകൾക്കെല്ലാംകൂടി 35,300 കോടിരൂപയാണ് അവർ ചെലവ് പ്രതീക്ഷിക്കുന്നത്. കറൻസി റദ്ദാക്കലിനു ശേഷം പ്രഖ്യാപിച്ച വരുമാനം വെളിപ്പെടുത്തൽ സ്കീം വഴി 50000 കോടിരൂപ ലഭിച്ചാൽ ഈ ചെലവ് പ്രശ്നമാകില്ലെന്ന് അവർ നിർദേശിക്കുന്നു. കറൻസി റദ്ദാക്കിയതിനു ശേഷം തിരിച്ചുചെല്ലാത്ത കറൻസികളുടെ പേരിൽ വേറൊരു 75000 കോടിരൂപ റിസർവ് ബാങ്കിൽനിന്നു ഗവൺമെന്റിനു ലഭിക്കുമെന്നും റിപ്പോർട്ടിൽ പ്രതീക്ഷിക്കുന്നു.
കറൻസി റദ്ദാക്കൽ മൂലം ക്ഷീണത്തിലായ സമ്പദ്ഘടനയ്ക്ക് ഉത്തേജനം പകരാൻ കാര്യമായ നികുതി സൗജന്യങ്ങൾ നൽകേണ്ടത് ആവശ്യമാണെന്നു റിപ്പോർട്ടിൽ പറയുന്നു. നികുതിയിളവ് കൂടുതൽ പണം ചെലവഴിക്കാൻ ആൾക്കാരെ പ്രേരിപ്പിക്കും. അത് ഉത്പാദനം കൂട്ടും, എല്ലാവർക്കും വരുമാനം കൂട്ടും.