കിംഗ് ഖാന് മദ്യരാജാവായി എത്തുന്ന സിനിമയാണ് റയീസ്. 1980കളിലെ ഗുജറാത്തിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രത്തിന്റെ സംവിധാനം രാഹുല്‍ ദൊലാകിയ ആണ്. തുടര്‍ച്ചയായ പരാജയങ്ങളിലൂടെയാണ് ഷാരൂഖ് ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ റയീസിനെ വിജയിപ്പിക്കാനുള്ള പ്രമോഷന് നേതൃത്വം നല്‍കുന്നതും ഷാരൂഖ് തന്നെ. ചിത്രവുമായി പ്രേക്ഷകരെ അടുപ്പിക്കാന്‍ ഗുജറാത്തില്‍ ഷാരൂഖ് നടത്തിയത് തീവണ്ടി യാത്രയാണ്. ഈ സിനിമാ പ്രമോഷന് എല്ലാ അര്‍ത്ഥത്തിലും ദുരന്തമാവുകയായിരുന്നു. വഡോദ്ര റെയില്‍വേ സ്റ്റേഷനിലാണ് ദുരന്തമുണ്ടായത്. ട്രെയിനില്‍ കൈവീശി യാത്ര ചെയ്യുന്ന ബോളിവുഡ് സൂപ്പര്‍താരത്തെ കാണാന്‍ ആരാധകര്‍ റെയില്‍വേ സ്റ്റേഷനില്‍ തിരക്ക് കൂട്ടി. ഓഗസ്റ്റ് ക്രാന്തി എക്സ്പ്രസിലെത്തിയ ഷാരൂഖ് തീവണ്ടിയില്‍ നിന്ന് പുറത്തിറങ്ങിയില്ല. കൈവീശി ആരാധകരെ അഭിസംബോധന ചെയ്തു. ഷാരൂഖിന്റെ തീവണ്ടി പോയപ്പോള്‍ അവിടെ മുഴുവന്‍ തിക്കും തിരക്കുമായി. ഇതിനിടയില്‍പെട്ടാണ് ഒരാള്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കുമേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഷാരൂഖിന്റെ തീവണ്ടി എത്തുന്നതിന് മണിക്കൂറുകള്‍ മുമ്പ് തന്നെ സ്റ്റേഷന് പരിസരം ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു.
താരത്തെ കണ്ട ആവേശത്തില്‍ ആളുകള്‍ അതിവേഗം പുറത്തിറങ്ങാന്‍ ശ്രമിച്ചതാണ് ദുരന്തമായി മാറിയത്. സമാജ് വാദി പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ ഷെര്ണായി ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ഷാരൂഖിനെ കാണാനെത്തിയതാണ് ഇദ്ദേഹം. ആള്‍ക്കൂട്ടത്തില്‍പ്പെട്ട് പരിക്കേറ്റ ഷെര്ണായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് ട്രയിന്‍ വഡോദര സ്റ്റേഷന്റെ ആറാമത്തെ പ്ലാറ്റ്ഫോമിലെത്തിയത്. ഷാരൂഖിനെ ഒരുനോക്കു കാണാന്‍ നൂറുകണക്കിന് ആരാധകര്‍ സ്റ്റേഷനില്‍ തടിച്ചുകൂടിയിരുന്നു. ട്രെയിന്‍ നിര്‍ത്തിയതും ഷാരൂഖ് ഉണ്ടായിരുന്ന കോച്ചിനു സമീപം തടിച്ചുകൂടിയ ആരാധകര്‍ കോച്ചിന്റെ ജനാല ചില്ലില്‍ ഇടിക്കുകയും ബഹളം കൂട്ടുകയും ചെയ്തു. പത്തു മിനിറ്റോളം സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രയിന്‍ വീണ്ടും നീങ്ങിത്തുടങ്ങിയപ്പോള്‍ ജനങ്ങള്‍ പിന്നാലെ ഓടാന്‍ തുടങ്ങി. ഈ തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും പരിക്കേറ്റു. ഇതിനിടയില്‍ പെട്ട് ശ്വാസം മുട്ടിയാണ് ഒരാള്‍ മരിച്ചത്. ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് ചെറിയ രീതിയില്‍ ലാത്തി വീശി. ഇതിനിടയില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു.
റയീസ് എന്ന സിനിമയില്‍ പാക് നടി മഹീറാഖാന്‍ ആണ് നായിക. ചിത്രം ജനുവരി 25ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസിംഗ് തിയ്യതിയുമായി ബന്ധപ്പെട്ട് നേരത്തേ വിവാദം നടന്നിരുന്നു. ഹൃത്വിക് ചിത്രം കാബിലിന്റെ റിലീസ് തിയ്യതിയാണ് റയീസുമായി ക്ലാഷായത്. കാബിലും ഇതേ ദിവസമാണ് റിലീസ് ചെയ്യുന്നത്.ഷാരൂഖ് കാബിലിന്റെ റിലീസ് ദിവസം നോക്കി റയീസ് റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നെന്നാണ് ഹൃത്വിക്കിന്റെ പിതാവും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ രാകേഷ് റോഷന് ആരോപിച്ചത്. ഇതിനൊപ്പം പാക് നടിയുടെ സാന്നിധ്യവും വിവാദമായി. റയീസിന്റെ ഇന്ത്യയിലെ പ്രചരണ പരിപാടികളില്‍ തനിക്ക് പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഏറെ ദുഃഖമുണ്ടെന്ന് മാഹിറാ ഖാന് പറഞ്ഞിരുന്നു. സ്വന്തം ജന്മനാട്ടില് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ ഏറെ നിരാശയുണ്ടാക്കുന്നുവെന്നും മാഹിറ പറയുന്നു.