മലപ്പുറം: വോട്ടിംഗിൽ പങ്കെടുക്കാനുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശം ഒൗദ്യോഗിക സംവിധാനത്തിന്റെ അലംഭാവമോ അശ്രദ്ധയോ കാരണം ഇല്ലാതായിട്ടുണ്ടെങ്കിൽ അതു മനുഷ്യാവകാശ ലംഘനമാണെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ ക്രിമിനൽ കുറ്റമാണെന്നും കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു.
2015 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി തയാറാക്കിയ വോട്ടർ പട്ടികയിൽനിന്നു പുറത്തൂർ പഞ്ചായത്ത് സെക്രട്ടറിയും മറ്റൊരാളും ഗൂഢാലോചന നടത്തി തന്നെ അന്യായമായി ഒഴിവാക്കിയെന്നു ആരോപിച്ച് പുറത്തൂർ സ്വദേശിനി കെ. ഹഫ്സ സമർപ്പിച്ച പരാതിയിലാണ് നടപടി.
വിലാസത്തിൽ സ്ഥിര താമസമില്ലാതിരുന്നതു കൊണ്ടാണ് പട്ടികയിൽ നിന്നു ഹഫ്സയെ ഒഴിവാക്കിയതെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. എന്നാൽ 2015 ഡിസംബർ 15 ന് ഹഫ്സ ഇതേ വിലാസത്തിൽ താമസിക്കുന്നതായി പഞ്ചായത്ത് നൽകിയ റസിഡൻസ് സർട്ടിഫിക്കറ്റ് പരാതിക്കാരി ഹാജരാക്കി. ഇതും സെക്രട്ടറിയുടെ വാദവുമായി യോജിക്കുന്നില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
വോട്ടർ പട്ടിക പുതുക്കൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിക്ഷിപ്തമാണെന്നു മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. അതിനാൽ ഇക്കാര്യത്തിൽ മനുഷ്യാവകാശ കമ്മീഷനു നിഗമനങ്ങളിൽ എത്താനാകില്ല. ഹഫ്സയുടെ പരാതിയിൽ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട രേഖകൾ സഹിതം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു അയച്ചു കൊടുത്തു.