കൊരട്ടി: ഇഎസ്ഐ ആശുപത്രി സമുച്ചയത്തിനും ബ്രാഞ്ച് ഓഫീസിനുമായി കേന്ദ്രസർക്കാർ ഏറ്റെടുത്ത സ്ഥലം കാടുകയറി നശിക്കുന്നതിലും 25 വർഷമായി സ്ഥലം ഏറ്റെടുത്തിട്ട് ആശുപത്രിയുടെ പണി ആരംഭിക്കാത്തതിലും പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ മൂന്നുവർഷംമുന്പ് കേന്ദ്രമന്ത്രി സ്ഥാപിച്ച ശിലാഫലകത്തിൽ പ്രതിഷേധ സൂചകമായി കൊടി നാട്ടുകയും റീത്ത് സമർപ്പിക്കുകയും ചെയ്തു.
ഇഎസ്ഐ കോർപറേഷനിൽ സമർപ്പിച്ച നിർമാണ അനുമതി ഇതിനോടകം ലഭിച്ചുകഴിഞ്ഞിട്ടുള്ള ഈ പദ്ധതി പൂർത്തീകരിക്കാൻ സാധിക്കാത്തത് അധികൃതരുടെയും ഗവണ്മെന്റിന്റെയും സ്ഥലം എംപിയുടെയും കഴിവുകേടാണെന്നു പ്രതിഷേധ യോഗം ആരോപിച്ചു. ചാലക്കുടി നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ എബി ജോർജ് ഉദ്ഘാടനം ചെയ്തു. കോണ്ഗ്രസ് മന്ത്രിസഭയുടെ കാലത്ത് ശിലാഫലകം സ്ഥാപിക്കുകയും നിർമാണ അനുമതി വാങ്ങുന്നതുവരെയുള്ള കാര്യങ്ങൾ വളരെ നല്ല രീതിയിൽ ചെയ്തുവെങ്കിലും മാറിവന്ന ഗവണ്മെന്റും സ്ഥലം എംപിയും ഇക്കാര്യത്തിൽ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്.
അധികൃതരോട് പല തവണ സൂചന നൽകിയെങ്കിലും തികഞ്ഞ അവഗണനയാണ് ഈ കാര്യത്തിൽ കണിക്കുന്നതെന്ന് മുഖ്യപ്രഭാഷകയും മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ബ്ലോക്ക് മെംബറുമായ ലീല സുബ്രഹ്്മണ്യൻ പറഞ്ഞു.
പ്രദേശത്തെ 75 ഓളം കന്പനികളിലെ 1500-ഓളം തൊഴിലാളികൾക്ക് ഈ ആശുപത്രി യഥാർഥ്യമായാൽ വലിയ ആശ്വാസമാകും എന്നതുകൊണ്ട് തന്നെ 1000-ൽ അധികം തൊഴിലാളികളുടെ ഒപ്പുശേഖരിച്ച് ഒരു ഭീമഹർജി ബന്ധപ്പെട്ട വകുപ്പുകൾക്കും സ്ഥലം എംപിയ്ക്കും കൊടുക്കുമെന്ന് അധ്യക്ഷൻ ചാലക്കുടി യൂത്ത് കോണ്ഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ബേയ്സിൽ ഏലിയാസ് പറഞ്ഞു.
കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയ്നി ജോഷി, മെംബർമാരായ ഗ്രേസി ബാബു, ഡേവിസ് മൂലൻ, മിനി ഡേവിസ്, യൂത്ത് കോണ്ഗ്രസ് പാർലമെന്റ് സെക്രട്ടറി ആന്റു കോട്ടക്ക, ബ്ലോക്ക് സെക്രട്ടറിമാരായ വിനോജ്
പരിയാരം, വിപിൻ കല്ലേലി, ചാലക്കുടി മണ്ഡലം പ്രസിഡന്റ് കെ.കെ.അനിൽലാൽ, മണ്ഡലം സെക്രട്ടറിമാരായ അരുണ് വർഗീസ്, ജോമി നാലുകെട്ട്, മിഥുൻ ഗോപി, റോബിൻ ജോസ്, അഖിൽ ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.