പരിയാരം: മോഷണക്കേസിൽ ജയിൽ ശിക്ഷകഴിഞ്ഞു പുറത്തിറങ്ങിയ യുവാവിനെ റോഡരികിൽ മർദനമേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നു സംശയിക്കുന്നു. ബക്കളം പുന്നക്കുളങ്ങരയിലെ മോട്ടന്റകത്ത് അബ്ദുൾ ഖാദറിനെയാണ്(38) വായാട് പള്ളിക്കു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകൾ കെട്ടിയിട്ട നിലയിലാണ്. ശരീരമാസകലം മർദനമേറ്റ പാടുകളുണ്ട്. അടിവസ്ത്രം മാത്രമേ മൃതദേഹത്തിലുണ്ടായിരുന്നുള്ളൂ. മൃതദേഹത്തിനു സമീപം രക്തം കട്ടപിടിച്ചു കിടക്കുന്നുണ്ട്. ഇന്നു രാവിലെ നാട്ടുകാരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വാഹനങ്ങൾ, വീടുകൾ, കടകൾ എന്നിവിടങ്ങളിലെ കവർച്ചയുമായി ബന്ധപ്പെട്ടു ഇയാൾക്കെതിരേ നിരവധി കേസുകളുണ്ടായിരുന്നു. രണ്ടു മാസം മുന്പായിരുന്നു ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. അഗ്നിശമന സേനാ ഓഫീസിലേക്കു ഫോണ് വിളിച്ചു കബളിപ്പിച്ച സംഭവത്തിലും ഇയാൾക്കെതിരേ കേസുകളുണ്ട്. പരിയാരം മെഡിക്കൽ കോളജിൽ നിന്നും നിരവധി തവണ ആംബുലൻസുകളും ടാക്സി കാറുകളും വിളിച്ചു ഡ്രൈവർമാരെ കബളിപ്പിച്ചതായും പരാതിയുണ്ട്.
പരിയാരം എസ്ഐ കെ.എൻ.മനോജിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. തളിപ്പറന്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലൻ, സിഐ കെ.ഇ.പ്രേമചന്ദ്രൻ എന്നിവരും സംഭവസ്ഥലം സന്ദർശിച്ചു. ഖാദറിനെ ബക്കളത്തെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന് ഒരുസംഘം അടിച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പഴയങ്ങാടി, തളിപ്പറന്പ്, കണ്ണപുരം, വളപട്ടണം പോലീസ് സ്റ്റേഷനുകളിൽ ഖാദറിനെതിരെ നേരത്തെ കേസുകളുണ്ട്. ജില്ലാ പോലീസ് മേധാവി എത്തിയശേഷമേ ഇൻക്വസ്റ്റ് നടക്കുകയുള്ളൂ. ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.