മലയാളികളുടെ പ്രിയതാരം അശോകന് രണ്ടു ദിവസംകൊണ്ട് ആകെ വിഷമിച്ചുപോയി. ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നു പരിചയക്കാരുടെയും അല്ലാത്തവരുടെയും ഫോണ്‍കോളുകളുടെ പ്രവാഹമായിരുന്നു… എല്ലാവര്ക്കും അറിയേണ്ടത് ഒറ്റക്കാര്യം, ദുബായില്‍ അശോകനെ പോലീസ് പിടിച്ചോ? മുപ്പതു വര്‍ഷം മുമ്പ് അശോകന്റെ ജീവിതത്തിലുണ്ടായ ഒരു തമാശസംഭവം രാഷ് ട്രദീപിക ഡോട്ട് കോം വഴി വീണ്ടും വായനക്കാരിലേക്കെത്തിയപ്പോള് തെറ്റിദ്ധരിക്കപ്പെട്ടതാണ് അശോകനു തലവേദനയായി മാറിയത്. ആളറിയാതെ ദുബായ് പോലീസ് അശോകനെ കസ്റ്റഡിയിലെടുത്ത സംഭവമാണ് മൂന്നു പതിറ്റാണ്ടിനു ശേഷം രാഷ് ട്രദീപിക ഡോട്ട് കോമിലൂടെ വായനക്കാരിലേക്ക് എത്തിയത്. വാര്‍ത്ത വൈറല്‍ ആയതോടെ ഫോണ്‍ കോള്‍ പ്രവാഹമായി. ആദ്യം അമ്പരന്ന അശോകനും വാര്‍ത്തയുടെ നിജസ്ഥിതി അറിഞ്ഞതോടെ തെല്ല് ആശ്വാസമായെങ്കിലും ആരാധകരുടെ ഫോണ്‍കോള്‍ പ്രവാഹത്തിനു കുറവുണ്ടായില്ല. അതോടെ അശോകന്‍തന്നെ രാഷ്ട്രദീപികയിലേക്കു വിളിച്ചു. തലക്കെട്ടിലെ കുസൃതിയാണു തലവേദനയായതെന്നായിരുന്നു അശോകന്റെ പക്ഷം. വാര്‍ത്തയുടെ തലക്കെട്ടിലെ കുരുക്ക് അഴിച്ച് അശോകന്റെ തലവേദന ഒഴിവാക്കണമെന്നു രാഷ്ട്രദീപികയും നിശ്ചയിച്ചു. അശോകനെ ഒരേസമയം വിഷമിപ്പിക്കുകയും പിന്നീടു ചിരിപ്പിക്കുകയും ചെയ്ത സംഭവം ഇങ്ങനെ:
ഇന്‍ഹരിഹര്‍ നഗറിലെ തോമസുകുട്ടിയായി ഒരു ജനതയുടെ മനസില്‍ കുടിയേറിയ നടനാണ് അശോകന്. ഒരേ സമയം നായകനായും സഹനടനായും വില്ലനായും മലയാള സിനിമയില്‍ സജീവമായിരുന്ന താരം. കുറേക്കാലം സിനിമയില്‍ നിന്നു വിട്ടുനിന്ന താരം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിനിമയില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.
മലയാളത്തിലെ മഹാപ്രതിഭയായിരുന്ന പത്മരാജനാണ് അശോകനിലെ നടനെ കണ്ടെത്തിയത്. മലയാളത്തിലെ ഒട്ടുമിക്ക സംവിധായകന്മാരുടൊയുമൊപ്പം പ്രവര്‍ത്തിക്കാനും അശോകനു കഴിഞ്ഞു.സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം ഇടക്കാലത്ത് ബ്രേക്കെടുത്ത് മറ്റുമേഖലകളില്‍ സജീവമായിരുന്നു. അശോകന്റെ ജീവിതത്തില്‍ മറക്കാനാവാത്ത ഒരു സംഭവത്തിനെക്കുറിച്ചറിയാം…
പറഞ്ഞു വരുന്നത് കുറേ പഴയ കാര്യമാണ്. പത്മരാജന് ചിത്രമായ സീസണിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ സമയം. ഷൂട്ടിംഗ് കഴിഞ്ഞ് അശോകന് ഷാര്‍ജയിലേക്കാണ് പോയത്. പുറത്തെല്ലാം കറങ്ങി നടന്ന് രാത്രി ഹോട്ടല്‍ മുറിയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ദുബായ് പോലീസ് അശോകനെ അന്വേഷിച്ചു വന്നത്. വന്ന പാടെ എവിടെയാണ് മയക്കുമരുന്ന് ഒളിപ്പിച്ചു വച്ചത് എന്നായിരുന്നു പോലീസുകാരുടെ ചോദ്യം. രണ്ടു തടിമാടന്മാരായ പോലീസുകാര്‍ അശോകനെ തടഞ്ഞുവച്ച ചോദ്യം ചെയ്യലും ആരംഭിച്ചു.പോലീസിന്റെ ചോദ്യം ചെയ്യലില്‍ അശോകന് ആകെ വിരണ്ടുപോയി. താന്‍ സിഗരറ്റു പോലും വലിക്കില്ലെന്ന് ആണയിട്ടു പരഞ്ഞിട്ടും അതൊന്നും അവര്‍ വിശ്വസിച്ചതുമില്ല. താമസിച്ചിരുന്ന മുറി മുഴുവന്‍ പരിശോധിച്ചു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അശോകനെ സ്റ്റേഷനിലേക്കും കൊണ്ടുപോയി.ഇടയ്ക്കിടെ നിരപരാധിയാണ് താനെന്ന് അശോകന് ആവര്‍ത്തിച്ചെങ്കിലും പോലീസ് അത് മുഖവിലയ്ക്കെടുത്തില്ല.
ഈ വിവരമറിഞ്ഞ് അശോകന്റെ സ്പോണ്സര് സ്ഥലത്തെത്തിയെങ്കിലും ദുബായ് പോലീസ് അയഞ്ഞില്ല. അശോകന് മയക്കുമരുന്ന് കുത്തിവെക്കുന്ന ഫോട്ടോ സഹിതമാണ് അവര്‍ അന്വേഷണം ആരംഭിച്ചത് എന്നായിരുന്നു അവരുടെ വാദം. അശോകന് അഭിനയിച്ച പ്രണാമം എന്ന ചിത്രത്തിലെ രംഗമായിരുന്നു അത്. അശോകനോട് ദേഷ്യമുള്ള ശത്രുക്കളിലാരോ ആ ഫോട്ടോ പോലീസിന് കൈമാറുകയായിരുന്നു. സംഭവം നടന്ന് പിറ്റേന്ന് പുറത്തിറങ്ങിയ പത്രത്തില്‍ അശോകന് അവാര്‍ഡ് കിട്ടിയ വാര്‍ത്ത ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചിരുന്നു. തങ്ങള്‍ക്ക് തെറ്റു പറ്റിയെന്ന് മനസിലായ ദുബായ് പോലീസ് ഒടുവില്‍ അശോകനോടു മാപ്പു പറയുകയും ചെയ്തു.