ഭർത്താവിന്റെ കഠിനാധ്വാനത്തിന്റെ പ്രതിഫലമാണ് പുരസ്കാരമെന്ന് അനീഷ്യ പ്രതികരിച്ചു. ഇത്തരത്തിലുള്ള ബഹുമതി ഏതൊരു ഭാരതീയനെ സംബന്ധിച്ചിടത്തോളവും അഭിമാനകരവും പ്രചോദനം നൽകുന്നതുമാണ്. കാനഡയിൽ മൂത്തമകനൊപ്പം താമസിക്കുന്ന മാതാപിതാക്കളായ ഉഷയും പട്ടത്ത് രവീന്ദ്രനും തങ്ങളുടെ സന്തോഷം നിറ കണ്ണുകളോടെ പങ്കുവച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് അവർ ആറു മാസത്തെ സന്ദർശനത്തിനായി കാനഡയിലേക്ക് പോയത്. പുരസ്കാര വിവരം അറിഞ്ഞു നിരവധി ഫോണ്‍ കോളുകളാണ് ശ്രീജേഷിനെയും രാജാക്കാട്ടെ അനീഷ്യയുടെ വീട്ടിലും എത്തിയത്. കിഴക്കന്പലത്ത് താമസിച്ചിരുന്ന അനീഷ്യ അടുത്തയിടെയാണു രാജക്കാട്ടെ തറവാട്ടിലേക്കു പോയത്.
തങ്ങൾക്ക് അഭിമാനമായി മാറിയ ഇന്ത്യൻ ഹോക്കി ക്യാപ്റ്റന്റെ പേരിൽ അഭിമാനം കൊള്ളുകയാണ് ഒാരോ മലയാളിയും. കായിക പ്രേമികളും ഫേസ്ബുക്കിലൂടെയും മറ്റും ഇന്ത്യൻ ഹോക്കിയുടെ വിശ്വസ്തനായ കാവൽക്കാരന് അഭിനന്ദനം അറിയിച്ച് ആവേശം കൊള്ളുകയാണ്. ശ്രീജേഷ് സിംപിളാണ്, ബട്ട് പവർ ഫുൾ, ഇന്ത്യൻ ഹോക്കിയുടെ കാവലാളേ നീ അർഹിച്ചതീ പുരസ്കാരം, ഇങ്ങനെ പോകുന്നു ഓണ്‍ലൈൻ ആശംസകൾ.
എറണാകുളം കിഴക്കന്പലം പട്ടത്ത് രവീന്ദ്രന്റെയും ഉഷയുടെയും മകനായി ജനിച്ച ശ്രീജേഷിന് ഇപ്പോൾ മുപ്പതു വയസാണ് . ഒരു കായിക താരത്തിന്റെ കഴിവുകൾ പരമാവധി പുറത്തു വരുന്നന്ന പ്രായമെന്ന് വിലയിരുത്താം. 2006ൽ രാജ്യത്തിനു വേണ്ടി അരങ്ങേറ്റം കുറിച്ച ശ്രീജേഷിന്റെ മികവിലായിരുന്നു 2014 ഇഞ്ചിയോണ്‍ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണം അണിഞ്ഞത്. ഇന്ത്യക്ക് ഒളിന്പിക്സ് യോഗ്യത നേടിയതിലും ഈ ഗോൾകീപ്പറുടെ നിർണായക പ്രകടനങ്ങളുടെ സ്വാധീനമുണ്ടായിരുന്നു. 2015ൽ അർജുന പുരസ്കാരം ലഭിച്ച ശ്രീജേഷ് 2016 മേയിലാണ് ഹോക്കി ടീമിന്റെ ക്യാപ്റ്റനായി ചുമതലയേറ്റത്.
തുടർന്നിങ്ങോട്ട് ഹോക്കിയിലൂടെ ഇന്ത്യയുടെ പ്രതാപം വീണ്ടെടുക്കാനുള്ള പരിശ്രമങ്ങളുടെ അമരക്കാരനും ശ്രീജേഷെന്ന ധ്രുവനക്ഷത്രമായിരുന്നു. ഉത്തർപ്രദേശ് വിസാർഡ്സിനു വേണ്ടി ഹോക്കി ഇന്ത്യ ലീഗിൽ കളിക്കുന്ന തിരക്കിലാണ് ശ്രീജേഷിപ്പോൾ. ഭുവനേശ്വറിലേക്കുള്ള യാത്രയും ഇതിന്റെ ഭാഗമായിരുന്നു. കുടുംബത്തിനൊപ്പം സന്തോഷം പങ്കുവയ്ക്കാൻ അതു കൊണ്ടു തന്നെ ശ്രീജേഷിന് ഉടൻ സാധിക്കില്ല. ലീഗ് അടുത്ത മാസം 26നേ അവസാനിക്കൂ.