നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലെ (സിയാൽ) അന്താരാഷ്ട്ര ടെർമിനൽ മാർച്ച് ആദ്യവാരത്തിൽ പ്രവർത്തനക്ഷമമാകും. പുനർ സമർപ്പണത്തിന്റെ മുന്നോടിയായി ഈ ടെർമിനൽ ഓഹരി ഉടമകൾക്കും മാധ്യമ പ്രവർത്തകർക്കും സന്ദർശിക്കുന്നതിന് അവസരം ക്രമീകരിച്ചിട്ടുണ്ട്.
15 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ടെർമിനൽ നിർമാണത്തിന് 1100 കോടി രൂപയോളം ചെലവഴിച്ചിട്ടുണ്ട്. ഇരുനിലകളിലായിട്ടാണ് ടെർമിനൽ പ്രവർത്തിക്കുന്നത്. മുകളിലത്തെ നിലയിൽനിന്നാണ് പുറപ്പെടൽ. ആഗമനം താഴത്തെ നിലയിലാണ്. നിലവിൽ ഈ ടെർമിനലിൽ 84 ചെക്ക് ഇൻ കൗണ്ടറുകൾ ക്രമീകരിച്ചിട്ടുണ്ട്.
ഇത് അടുത്ത ഘട്ടത്തിൽ 112 ആകും. ഷോപ്പിംഗ് ആർക്കേഡ്, ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ, ഫുഡ് കോർട്ടുകൾ, എയ്റോ ബ്രിഡ്ജുകൾ, എക്സിക്യൂട്ടീവ് ലോഞ്ചുകൾ, മൂവിംഗ് വാക്ക് വേയ്സ്, ലിഫ്റ്റ് എസ്കലേറ്റർ തുടങ്ങിയവയെല്ലാം ഇതിലുണ്ട്. 2100 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. സൗരോർജ പാനലുകൾ വച്ചിട്ടുള്ള മേൽക്കൂരയോടു കൂടിയുള്ളതാണ് കാർ പാർക്കിംഗ് ഏരിയ.