മനുഷ്യരേക്കാള്‍ നന്ദിയും സ്നേഹവും ഉള്ളവരാണ് മൃഗങ്ങള്‍ എന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. അര്‍ജന്റീനയിലെ കോര്‍ഡോബയില്‍ നിന്നും പുറത്തു വന്ന ഒരു വീഡിയോ മൃഗങ്ങളുടെ സഹജീവി സ്നേഹത്തിന് ഉദാഹരണമാകുന്നതാണ്. വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട് പോയ ഒരു നായയെ മറ്റൊരു നായ രക്ഷിക്കുന്ന വീഡിയോ ആണിത്. എന്നാല്‍ അപകടത്തില്‍ പെട്ട നായ കടിച്ച് പിടിച്ചിരിക്കുന്ന കമ്പിന് വേണ്ടിയായിരുന്നു ഈ രക്ഷപ്പെടുത്തലെന്നും മറിച്ച് സഹാനുഭൂതിയല്ലെന്നുമുള്ള അഭിപ്രായവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്തായാലും അത്ഭുതം ജനിപ്പിക്കുന്ന ഈ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഒരു കറുത്ത നായ വെള്ളത്തില്‍ ഒഴുകി നീങ്ങുന്ന ഒരു വടിയെ പിന്തുടര്ന്ന് ഓടുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് നായ ഒരു ചെറിയ ജലപ്രവാഹം മുറിച്ച് കടക്കുകയാണ്. തുടര്‍ന്ന് അത് വഴുക്കുള്ള ഒരു പാറയില്‍ എത്തി വടി നേടുന്നു. നായയുടെ സുഹൃത്തായ നായ ഈ കാഴ്ചകളെല്ലാം ജിജ്ഞാസയോടെ നോക്കി നില്‍ക്കുകയാണ്. എന്നാല്‍ ഇതിനിടയില്‍ കറുത്ത നായ വഴുക്കുള്ള പാറയില്‍ നിന്നും പുഴയിലേക്ക് കാല് തെറ്റി വീണു. ശക്തമായ ഒഴുക്കില്‍ പെട്ട കറുത്ത നായ പുഴയിലെ ഒരു ചെറിയ കുഴിയിലേയ്ക്ക് ഒഴുകിയെത്തിയപ്പോള്‍ മറ്റേ നായ കടിച്ച് പിടിച്ച വടിയില്‍ കടിച്ച് വലിച്ച് കരയ്ക്ക് കയറ്റുന്ന കാഴ്ചയാണ് വീഡിയോയിലൂടെ കാണുന്നത്. ഏതുദ്ദേശത്തിലാണ് നായ ഈ ഉപകാരം ചെയ്തതെങ്കിലും മനുഷ്യരാശിയ്ക്ക് മുഴുവന്‍ പാഠമാക്കാവുന്ന സന്ദേശമാണ് ഈ വീഡിയോയിലൂടെ നായകള്‍ പറയുന്നത്.