ഇനി മടക്കയാത്ര! തന്നെ വഞ്ചിച്ച് മുങ്ങിയ ഭര്‍ത്താവിനെ തേടി കേരളത്തിലെത്തിയ യുവതിയുടെ പോരാട്ടങ്ങള്‍ ഒടുവില്‍ ഫലം കണ്ടു

marium4തൃശൂര്‍:മറിയം ഖാലിക്ക് എന്ന ബ്രിട്ടീഷ് യുവതി രണ്ടുവര്‍ഷം മുമ്പാണ് തൃശൂരെത്തിയത്. അന്നത് വാര്‍ത്തയായിരുന്നു. തന്നെ വിവാഹം കഴിച്ച് വഞ്ചിച്ച തൃശൂര്‍ ചാവക്കാട് സ്വദേശിയായ നൗഷാദ് ഹുസൈനെ കണ്ടുപിടിക്കുകയായിരുന്നു ഉദ്ദേശ്യലക്ഷ്യം. എന്നാല്‍ തൃശൂരെത്തിയ മറിയത്തെ കാത്തിരുന്നത് ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്തയായിരുന്നു. താന്‍ അന്വേഷിച്ചുവന്ന നൗഷാദ് വേറെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത മറിയത്തെ തളര്‍ത്തി. എന്നാല്‍ തോറ്റു കൊടുക്കാന്‍ മറിയം ഒരുക്കമല്ലായിരുന്നു. നൗഷാദിനെതിരെ പോലീസില്‍ കേസു കൊടുക്കുകയും കുന്നം കുളം കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. തുടര്‍ന്ന് രണ്ടുവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ മറിയം വിജയം കണ്ടു. ഭര്‍ത്താവില്‍ നിന്നുള്ള ജീവനാശംവും വാങ്ങിയാണ് പാകിസ്ഥാന്‍ വംശജയായ മറിയം വണ്ടി കയറുന്നത്.

marium-32015ലാണ് മറിയം നൗഷാദിനെ അന്വേഷിച്ച് കേരളത്തിലെത്തുന്നത്. ഫേസ്ബുക്കിലൂടെയുള്ള പ്രണയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് മറിയം പറഞ്ഞത്. ബ്രിട്ടനില്‍ എംബിഎയ്ക്കു പഠിക്കുകയായിരുന്ന താന്‍ ഫേസ്ബുക്കിലൂടെയാണ്് നൗഷാദിനെ പരിചയപ്പെടുന്നതെന്നും 18 മാസം നീണ്ട പ്രണയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നുവെന്നും മറിയം പറഞ്ഞിരുന്നു. 2013 ഏപ്രില്‍ മാസം സ്‌കോട്‌ലന്റിലെ ഡണ്ടിയില്‍ വച്ചായിരുന്നു വിവാഹം. ഒരു വര്‍ഷം ഒരുമിച്ചു കഴിഞ്ഞതിനു ശേഷം മാതാപിതാക്കളുടെ സമ്മതം വാങ്ങി മറിയത്തെ കേരളത്തിലേക്ക് കൊണ്ടുപോകാമെന്ന വ്യവസ്ഥയില്‍ 2014 മാര്‍ച്ചില്‍ നൗഷാദ് മുങ്ങുകയായിരുന്നു എന്നായിരുന്നു യുവതിയുടെ ആരോപണം.

നൗഷാദുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് മറിയം ഇയാളെ അന്വേഷിച്ച് കേരളത്തിലെത്തുന്നത്. ഭര്‍ത്താവിന്റെ വീടു കണ്ടെത്താന്‍ മറിയത്തെ സഹായിച്ചത് മലപ്പുറത്തെ പൂക്കോട്ടൂരുള്ള സ്‌നേഹിത എന്ന കുടുംബശ്രീ ഗ്രൂപ്പായിരുന്നു. അവര്‍ മുഖേന നൗഷാദിന്റെ വിലാസവും വീടിന്റെ ചിത്രവുമെല്ലാം മറിയത്തിനു ലഭിച്ചു.എന്നാല്‍ നൗഷാദിന്റെ കുടുംബം മറിയത്തെ സ്വീകരിക്കാന്‍ തയ്യാറല്ലായിരുന്നു. മാത്രമല്ല മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം തീരുമാനിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു മറിയം നിയമപോരാട്ടം തുടങ്ങിയത്. മറിയം കുന്നംകുളം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനൊപ്പം കഴിയാനുള്ള അനുമതിയും പോലീസ് സംരക്ഷണവും കോടതി മറിയത്തിന് നല്‍കുകയും ചെയ്തു. ഇതിനിടയ്ക്ക് നൗഷാദ് വിവാഹിതനായി.

marium-1തന്റെ പാകിസ്ഥാന്‍ വംശീയത വിസാനിഷേധത്തിന് കാരണമാകുമെന്നാണ് നൗഷാദിന്റെ കുടുംബം കരുതിയതെന്ന് മറിയം ഒരു പ്രമുഖദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്നെ രാജ്യദ്രോഹിയായും തീവ്രവാദിയായും ചിത്രീകരിക്കുകയും നൗഷാദിനെ ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുകയാണെന്നും പണവും അധികാരവുമുപയോഗിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിശ്വസിപ്പിച്ചെന്നും മറിയം ആരോപിക്കുന്നു. ഇന്ത്യയില്‍ പ്രവേശിച്ചാല്‍ കൊല്ലുമെന്ന് പോലീസ് വകുപ്പിലെ ഒരു ഉന്നതന്‍ ഭീഷണിപ്പെടുത്തിയതായി മറിയ പറഞ്ഞു. എന്നാല്‍ ഇന്ത്യയിലെ ഒരു രഹസ്യാന്വേഷണ ഏജന്‍സിയും തന്റെ അഭിഭാഷകരും ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുമെല്ലാം തനിക്ക് സംരക്ഷണം നല്‍കിയെന്നും മറിയം പറയുന്നു.

ലണ്ടനിലേക്കു മടങ്ങിയ മറിയം ലണ്ടനിലെ കോടതിയില്‍ നിന്നും വിവാഹബന്ധം വേര്‍പെടുത്തിയുള്ള കരാറുമായാണ് കേരളത്തില്‍ തിരിച്ചെത്തിയത്. ഇപ്പോള്‍ മറിയം അതില്‍പ്പറഞ്ഞിരുന്ന ജീവനാംശവും വാങ്ങിയെടുത്തെന്നും ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന മറിയം രണ്ടായഴ്ചയ്ക്കു ശേഷം നാട്ടിലേക്ക് മടങ്ങും. ഇനിയൊരു പുതിയ ജീവിതം കരുപ്പിടിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നു പറഞ്ഞു കൊണ്ടാണ് മറിയം യാത്രയാവാനൊരുങ്ങുന്നത്.

Related posts