ആലപ്പുഴ: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതുമൂലം ദിവസേന ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴാകുന്നു. ദേശീയ- സംസ്ഥാന പാതകളുടെ ഓരത്തുകൂടിയും പിഡബ്ളിയുഡി റോഡുകളുടെ സമീപത്തുകൂടിയും കടന്നുപോകുന്ന പൈപ്പ് ലൈനുകളിലുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതുമൂലം സാധിക്കാത്തതാണ് ശുദ്ധജലം പാഴാകുന്നതിന് പ്രധാനകാരണം.
ടാറിംഗിന് അടിയിലൂടെ കടന്നുപോകുന്ന ശുദ്ധജല വിതരണ പൈപ്പിൽ തകരാറുണ്ടായി വെള്ളം റോഡിന്റെ ഉപരിതലത്തിൽ എത്തിയാലും റോഡ് പൊളിച്ച് അറ്റകുറ്റപണി നടത്താൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കാൻ വൈകുന്നതുമൂലം പലപ്പോഴും ചെറിയ അറ്റകുറ്റപണി നടത്തേണ്ട തകരാർ ദിവസങ്ങളോളം ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന നിലയിലേക്ക് വളർന്നതിനുശേഷമാണ് അറ്റകുറ്റപണികൾ നടത്തുന്നത്. ജലവകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മിൽ ഏകോപനമില്ലാത്തതാണ് ഇത്തരത്തിൽ തകരാറുകൾ പരിഹരിക്കാൻ വൈകുന്നത്.
വേനലെത്തുന്നതിന് മുന്പുതന്നെ ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഓരോ തുള്ളി ജലവും അമൂല്യമാണെങ്കിലും സർക്കാർ സംവിധാനത്തിലെ മെല്ലേപ്പോക്കുമൂലം പലയിടങ്ങളിലും ശുദ്ധജലം അധികൃതരുടെ കണ്മുന്പിൽ പാഴാകുകയാണ്. ആലപ്പുഴ ബോട്ട് ജെട്ടിക്ക് മുൻവശം റോഡിന് താഴെ പൈപ്പ് ലൈൻ തകരാറിലായതുമൂലം ആഴ്ചകളോളമാണ് ശുദ്ധജലം പാഴായത്. പകൽ ഗതാഗതത്തിരക്കേറെയുള്ള ഇവിടെ റോഡ് പൊളിച്ച് അറ്റകുറ്റപണി സാധ്യമല്ല.
എന്നാൽ രാത്രിയിൽ ഗതാഗതത്തിന് തടസമുണ്ടാക്കാത്ത തരത്തിൽ അറ്റകുറ്റപണി നടത്താമെങ്കിലും സാങ്കേതികത്വം പറഞ്ഞ് തകരാർ പരിഹരിക്കുന്നത് നീട്ടികൊണ്ടുപോയതുമൂലം ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലമാണ് ഇവിടെ റോഡിലൊഴുകിയത്. ഭൂമിക്കടിയിലൂടെ കുടിവെള്ള വിതരണ പൈപ്പ് ലൈനുകൾ കടന്നുപോകുന്നയിടങ്ങളിൽ മുൻകരുതലില്ലാതെ കേബിളുകളും പുതിയ പൈപ്പ് ലൈനുകളും സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുന്നതുമൂലം പൈപ്പ് ലൈൻ തകരാറിലാകുന്നത് നിത്യസംഭവമാണ്.
കല്ലുപാലത്തിന് സമീപം കഴിഞ്ഞദിവസം രാത്രി ഇത്തരത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിയെടുത്തപ്പോൾ കുടിവെള്ള വിതരണ പൈപ്പ് ലൈൻ തകരാറിലായി പ്രദേശത്ത് വെള്ളപൊക്കം തന്നെയുണ്ടായിരുന്നു. ചട്ടപ്പടി കാര്യങ്ങൾ നടത്തുന്നതിന് പകരം കുടിവെള്ള പൈപ്പുലൈൻ തകരാറുകൾ പരിഹരിക്കുന്നതിന് പ്രായോഗികമായ ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.