നിലന്പൂർ: ജില്ലാ ആശുപത്രിയിൽ ഡോക്ടർമാർ തമ്മിൽ കയ്യാങ്കളി. സൂപ്രണ്ടിനും നേത്ര രോഗവിദഗ്ധനും പരിക്കേറ്റു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സീമാമു, നേത്രരോഗ വിദഗ്ധൻ ഡോ. ജലാൽ എന്നിവർക്കാണ് പരിക്കേറ്റത്. സീമാമുവിന് തലയുടെ പിറകിലും ജലാലിന് നെറ്റിയിലുമാണ് പരിക്കേറ്റത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തിയതിന് ശേഷമാണ് ആശുപത്രിയിൽ നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരു ജലാലിന്റെ ഡ്യൂട്ടി റൂമിൽ വച്ചാണ് ഇരുവരും ഏറ്റുമുട്ടിയത്. മുറി അകത്തു നിന്നും കുറ്റിയിട്ടതിനാൽ ഉള്ളിലെ ബഹളം കേട്ടു ഡോക്ടർമാരും മറ്റു ജീവനക്കാരും ചേർന്നു വാതിൽ തള്ളിതുറന്ന് അകത്തു കയറി ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നെ ഒരു കാരണവുമില്ലാതെ മുറിയിൽ കയറി സൂപ്രണ്ട് മർദിക്കുകയായിരുന്നുവെന്ന് ജലാൽ പറഞ്ഞു. സൂപ്രണ്ടിന്റെ പല നടപടികളിലും ജീവനക്കാർക്ക് പ്രതിഷേധമുണ്ട്. ഇതു മുന്നിൽ നിന്നു താൻ ചോദ്യം ചെയ്തതാണ് സൂപ്രണ്ടിനെ പ്രകോപിപ്പിച്ചതെന്നും ജലാൽ പറഞ്ഞു. അതേസമയം ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഡ്യൂട്ടി മുറിയിലേക്ക് തന്നെ വിളിച്ചു വരുത്തി അകത്തു നിന്നു വാതിൽ കുറ്റിയിട്ട് ജലാൽ മർദിക്കുകയായിരുന്നുവെന്ന് സൂപ്രണ്ട് സീമാമുവും പറഞ്ഞു.
നിലന്പൂരിലെ രാധാവധക്കേസിലെ പ്രതി ബിജുവുമായി ഇപ്പോഴും ബന്ധം പുലർത്തുന്ന ഒരു ഡോക്ടർ ആശുപത്രിയിലുണ്ട്. ഇവർ ചില മരുന്നു കന്പനികളുമായി ചേർന്ന് കമ്മീഷൻ കൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെടുകയും താൻ ഇതിനു നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതിലുള്ള പകപോക്കലാണ് തന്നെ മർദിക്കാൻ കാരണമെന്നും, ജലാലിനോട് വ്യക്തിപരമായി തനിക്ക് വിരോധവുമില്ലെന്നും സൂപ്രണ്ടും പറഞ്ഞു.
സംഭവത്തെ തുടർന്ന് എസ്ഐ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. വിവരമറിഞ്ഞ് പി.വി അൻവർ എംഎൽഎ സംഭവസ്ഥലത്തെത്തി. ഡിഎംഒയോട് വിശദീകരണം ആവശ്യപ്പെട്ടു. സംഭവം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രിയോട് ശിപാർശ ചെയ്യുമെന്നും എംഎൽഎ പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടിക്കു ശിപാർശ ചെയ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണനും പറഞ്ഞു.
ഒരു ആതുരാലയത്തിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. രോഗികൾക്ക് ചികിൽസ ലഭിക്കേണ്ട സഥലത്തെ ഡോക്ടർമാരുടെ അടിപിടിക്കുള്ള സ്ഥലമാക്കാൻ അനുവദിക്കില്ലെന്നും കാര്യങ്ങൾ ഡിഎംഒയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർപേഴ്സണ് പത്മിനി ഗോപിനാഥും ആശുപത്രിയിൽ എത്തി വിവരങ്ങൾ ആരാഞ്ഞു. സൂപ്രണ്ടിന്റെയും ഡോ. ജലാലിന്റെയും പരാതികളിൽ നിലന്പൂർ പോലീസ് കേസെടുത്തു.