അടൂർ: യുവാവിനെയും യുവതിയെയും വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കമിതാക്കളെന്നു സംശയം. അടൂർ പന്നിവിഴയ്ക്കു സമീപമുള്ള വാടകവീട്ടിലാണ് ഇന്നലെ രാത്രി ഇരുവരെയും കണ്ടെത്തിയത്. കൊടുമണ്‍ ഐക്കാട് തോട്ടരികിൽ റിജോമോൻ ( 26), ഏനാത്ത് – കുളക്കട ഷിനു (32) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തുന്പമണ്ണിൽ സ്റ്റുഡിയോ നടത്തിവരികയായിരുന്നു റിജോമോൻ.പന്നിവിഴ സൊസൈറ്റിക്കു സമീപമുള്ള ഫ്ളാറ്റിൽ മുറി കഴിഞ്ഞ പത്തിനാണ് റിജോ വാടകയ്ക്കെടുത്തതെന്നു പറയുന്നു. ഒറ്റയ്ക്കായിരുന്നു താമസം.
റിജോ ഇന്നലെ ഫ്ളാറ്റിനു പുറത്തിറങ്ങിയിരുന്നില്ലെന്നു പറയുന്നു. ഇയാളുടെ ഓൾട്ടോ കാർ വീടിനു മുന്പിൽ പാർക്ക് ചെയ്തിരുന്നു. ഇതിനു തൊട്ടുമുന്പിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു താമസക്കാരന്റെ കാർ പുറത്തേക്കിറക്കാനാകാതെ വന്നതോടെ നടന്ന അന്വേഷണമാണ് റിജോയുടെ താമസസ്ഥലത്തേക്ക് വ്യാപിപ്പിച്ചത്. വീട്ടുമുറ്റത്ത് അയ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയർ മുറിച്ചെടുത്തതും നാട്ടുകാരിൽ സംശയം ജനിപ്പിച്ചു. രാത്രിയിൽ നടത്തിയ പരിശോധനയിലാണ് രണ്ടുപേരെയും വീടിനുള്ളിൽ കണ്ടത്. തൂങ്ങിമരിച്ച നിലയിലായിരുന്നു ഇവർ.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പെണ്‍കുട്ടി ഫ്ളാറ്റിലെ സ്വീകരണമുറിയിലും റിജോ കിടപ്പുമുറിയിലുമാണ് മരിച്ചനിലയിൽ കണ്ടത്. ഇവരുടെ മരണദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയിരുന്നതായും പോലീസ് പറയുന്നു. അടൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി. പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് അയയ്ക്കും.