ആലപ്പുഴ: എസ്എൻഡിപിയുടെ അനിയന്ത്രിതമായ ഇടപെടൽ മൂലം സംസ്ഥാന സർക്കാരിനെതിരായ ബിഡിജഐസ് സമരങ്ങൾ പാളുന്നു. സംസ്ഥാന സർക്കാരിനെതിരേ പാർട്ടി സമരങ്ങൾ സംഘടിപ്പിക്കുന്നതിനോട് എസ്എൻഡിപി നേതൃത്വത്തിനുള്ള താല്പര്യക്കുറവാണ് സമരങ്ങളിൽ നിന്നും പാർട്ടിയെ പിന്നോട്ടാടിക്കുന്നത്. സംസ്ഥാന സർക്കാരിനെതിരേ പ്രത്യക്ഷസമരങ്ങൾ നടത്തുന്നതിനു പകരം പ്രസ്താവനകൾ അടക്കമുള്ള മൃദുസമീപനം മതിയെന്ന നിലപാടിലാണ് എസ്എൻഡിപി നേതൃത്വം. എന്നാൽ ഈ നിലപാടിനെതിരേ ശക്തമായ അമർഷം പാർട്ടി പ്രവർത്തകരിലും നേതാക്കളിലും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം കണിച്ചുകുളങ്ങരയിൽ ചേർന്ന ബിഡിജഐസ് സംസ്ഥാന എക്സിക്യൂട്ടീവ് റേഷൻ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരേ സമരം നടത്താൻ തീരുമാനിച്ചിരിന്നു.ഫെബ്രുവരി ആദ്യവാരം സംസ്ഥാന വ്യാപകമായി സമരം നടത്തുന്നത് സംബന്ധിച്ച് പാർട്ടി പത്രക്കുറിപ്പും ഇറക്കിയിരുന്നു. എന്നാൽ യോഗനേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായ ശക്തമായ എതിർപ്പ് നിമിത്തം ഈ സമരം നടത്തുന്നത് തുലാസിലായിരിക്കുകയാണ്.
എസ്എൻഡിപിയുടെ നിലപാട് പാർട്ടിയുമായി ബന്ധപ്പെട്ട മറ്റു സംഘടനകളുടെ പ്രതിനിധികളിലും വ്യാപക പ്രതിഷേധമുയർത്തിയിട്ടുണ്ട്. സംസ്ഥാനത്തെ റേഷൻ വിതരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെപിഎംഎസ് നേതൃത്വത്തിൽ ഇന്നലെ ഭക്ഷ്യമന്ത്രി പി.തിലോത്തമന്റെ മണ്ഡലം ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. സമരത്തെക്കുറിച്ച പത്രസമ്മേളനം നടത്തുന്നതിനിടയിൽ പിന്നോക്ക വിഭാഗങ്ങളുടെ അടിസ്ഥാന വിഷയങ്ങൾ ഏറ്റെടുക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ കാണിക്കുന്ന മൗനമാണ് സമുദായ സംഘടന ഇത്തരത്തിലൊരു സമരത്തിലേക്ക് നീങ്ങാൻ കാരണമെന്ന് നേതാക്കൾ അറിയിച്ചിരുന്നു.
സമരം സംഘടിപ്പിച്ച വിഭാഗത്തിന്റെ രക്ഷധികാരി ബിഡിജഐസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ബിഡിജഐസ് പ്രതിനിധി പ്രധാന സ്ഥാനം വഹിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിലെ മറ്റുപാർട്ടികൾ സംസ്ഥാന സർക്കാരിനെതിരെ വിവിധ വിഷയങ്ങളിൽ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുന്പോൾ ബിഡിജഐസിന്റെ തണുത്ത സമീപനം എൻഡിഎയ്ക്കുള്ളിലും ചർച്ചയായിട്ടുണ്ട്. സംസ്ഥാന സർക്കാരിനെതിരെ സമരം സംഘടിപ്പിക്കുന്നതിൽ ബിഡിജഐസിനുള്ളിലുണ്ടായ അഭിപ്രായ ഭിന്നത പുറത്തുവരുന്നത്.