വി.എസ്. രതീഷ്
ആലപ്പുഴ: കോണ്‍ഗ്രസിലെ എ,ഐ ഗ്രൂപ്പുകളുടെ അപ്രമാധിത്യത്തിന് വെല്ലുവിളിയാകാൻ അണിയറയിൽ പുതിയ ഗ്രൂപ്പ് ഒരുങ്ങുന്നു. ഹൈക്കമാൻഡ് ഗ്രൂപ്പ് എന്ന പേരിലാണ് ഇരു ഗ്രൂപ്പുകൾക്കും ബദലായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ഗ്രൂപ്പ് രൂപം കൊണ്ടത്. സംസ്ഥാന കോണ്‍ഗ്രസിന്റെ ഉന്നത സ്ഥാനം വഹിക്കുന്നയാളും എഐസിസിയിൽ നിർണായക സ്വാധീനമുള്ള യുവതലമുറ പാർലമെന്റംഗവുമാണ് ഗ്രൂപ്പിന്റെ ചുക്കാൻ പിടിക്കുന്നത്. എ, ഐ ഗ്രൂപ്പുകൾ തമ്മിൽ ശാക്തിക വടംവലി നടത്തി സ്ഥാനങ്ങൾ വീതം വച്ചെടുക്കുന്ന രീതി അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ഗ്രൂപ്പിന് ദേശീയ നേതാക്കളുടേതടക്കമുള്ള പിൻതുണയുണ്ട്.
സാധാരണ കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കുന്ന ദേശീയ നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയുള്ള പുതിയ നീക്കം സംസ്ഥാന രാഷ്ട്രീയത്തിലെ ഗ്രൂപ്പുകളെ ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്. എ ഗ്രൂപ്പ് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെടുന്പോൾ പുനസംഘടന മതിയെന്ന കെപിസിസി നിലപാട് ഇതിന്റെ ഭാഗമാണെന്നാണ് മുതിർന്ന നേതാക്കളടക്കം കരുതുന്നത്.
ബൂത്ത്തലം മുതൽ കമ്മറ്റികൾ പുനസംഘടിപ്പിക്കുന്പോൾ എ, ഐ ഗ്രൂപ്പുകൾക്കൊപ്പം തങ്ങളുടെ നോമിനികളെ ഭാരവാഹികളാക്കാനുള്ള നീക്കമാണ് നിലവിൽ നടക്കുന്നത്. ഇത്തരത്തിൽ താഴെത്തട്ടിൽ വരെ ഗ്രൂപ്പ് സംവിധാനം രൂപപ്പെടുത്തിയശേഷം സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയാൽ കോണ്‍ഗ്രസ് രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമാകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തനം.
ജില്ലാതലത്തിൽ വരെ പുതിയ ഗ്രൂപ്പ് പ്രവർത്തനം വ്യാപിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. 1992 ലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അവസാനം നടന്നത്. അന്ന് കെ. കരുണാകരന്റെ പിൻതുണയോടെ എ.കെ. ആന്റണിയെ വയലാർ രവി തോൽപ്പിക്കുകയായിരുന്നു. പിന്നീടുള്ള ഭാരവാഹിത്വങ്ങളെല്ലാം സമവായത്തിലൂടെ ഉണ്ടാക്കിയതാണ്.
കോണ്‍ഗ്രസിൽ ശക്തമായിരുന്ന ഐ ഗ്രൂപ്പിനെ ദുർബലമാക്കി ശക്തമായ എ ഗ്രൂപ്പ് പിന്നീട് നേതാക്കളുടെ സഹകരണത്തിലുണ്ടായ കുറവ് നിമിത്തം നിലവിൽ ദുർബലപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസിസി പുനഃസംഘടനയിലും ഇത് വ്യക്തമായിരുന്നു. പുനഃസംഘടനയോടെയാണ് പുതിയ ഗ്രൂപ്പ് പ്രവർത്തകർക്കിടയിൽ വ്യക്തമാകുന്ന തരത്തിലായത്. നിലവിൽ എ ഗ്രൂപ്പിന്റെ അക്കൗണ്ടിലുള്ള ഡിസിസി പ്രസിഡന്റുമാരിൽ പലരും ഹൈക്കമാൻഡ് ഗ്രൂപ്പിന് മൗനപിന്തുണ നൽകുന്നവരുമാണ്.