അടൂര്‍: യുവാവിനെയും യുവതിയെയും വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കമിതാക്കളെന്നു സംശയം. അടൂര്‍ പന്നിവിഴയ്ക്കു സമീപമുള്ള വാടകവീട്ടിലാണ് ഇന്നലെ രാത്രി ഇരുവരെയും കണ്ടെത്തിയത്. കൊടുമണ്‍ ഐക്കാട് തോട്ടരികില്‍ റിജോമോന്‍ ( 26) ആണ് മരിച്ചത്. പെണ്‍കുട്ടി ഏനാത്ത് കുളക്കട സ്വദേശിനിയാണെന്നു സംശയിക്കുന്നു.
തുന്പമണ്ണില്‍ സ്റ്റുഡിയോ നടത്തിവരികയായിരുന്നു റിജോമോന്‍. പന്നിവിഴ സൊസൈറ്റിക്കു സമീപമുള്ള ഫ്‌ളാറ്റില്‍ മുറി കഴിഞ്ഞ പത്തിനാണ് റിജോ വാടകയ്‌ക്കെടുത്തതെന്നു പറയുന്നു. ഒറ്റയ്ക്കായിരുന്നു താമസം. റിജോ ഇന്നലെ ഫ്‌ളാറ്റിനു പുറത്തിറങ്ങിയിരുന്നില്ലെന്നു പറയുന്നു. ഇയാളുടെ ഓള്‍ട്ടോ കാര്‍ വീടിനു മുന്പില്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇതിനു തൊട്ടുമുന്പില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു താമസക്കാരന്‍റെ കാര്‍ പുറത്തേക്കിറക്കാനാകാതെ വന്നതോടെ നടന്ന അന്വേഷണമാണ് റിജോയുടെ താമസസ്ഥലത്തേക്ക് വ്യാപിപ്പിച്ചത്.
വീട്ടുമുറ്റത്ത് അയ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയര്‍ മുറിച്ചെടുത്തതും നാട്ടുകാരില്‍ സംശയം ജനിപ്പിച്ചു. രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേരെയും വീടിനുള്ളില്‍ കണ്ടത്. തൂങ്ങിമരിച്ച നിലയിലായിരുന്നു ഇവര്‍. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പെണ്‍കുട്ടി ഫ്‌ളാറ്റിലെ സ്വീകരണമുറിയിലും റിജോ കിടപ്പുമുറിയിലുമാണ് മരിച്ചനിലയില്‍ കണ്ടത്. ഇവരുടെ മരണദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നതായും പോലീസ് പറയുന്നു. അടൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി. പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് അയയ്ക്കും.