നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭ പരിധിയിലെ സ്കൂളുകളിലെ എസ്എസ്എൽസി വിദ്യാർഥികൾക്കായി തയാറാക്കിയ വിദ്യാദീപ്തി പരീക്ഷാസഹായി ശ്രദ്ധേയമാകുന്നു. അധ്യാപിക കൂടിയായ നഗരസഭ ചെയർപേഴ്സണ് ഡബ്ല്യു.ആർ ഹീബയുടെ നേതൃത്വത്തിൽ നടത്തിയ ഈ ദൗത്യം സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തന്നെ ആദ്യത്തേതെന്ന് അധികൃതർ. നെയ്യാറ്റിൻകര നഗരസഭയുടെ അതിർത്തിയിലുൾപ്പെടുന്ന നാല് സർക്കാർ സ്കൂളുകൾ, മൂന്നു എയ്ഡഡ് സ്കൂളുകൾ എന്നിവയിലെ എണ്ണൂറോളം വിദ്യാർഥികളാണ് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.
ഈ കുട്ടികളെല്ലാം ഉപരിപഠന യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാദീപ്തി തയാറാക്കിയിരിക്കുന്നതെന്ന് ഡബ്ല്യൂ.ആർ ഹീബ ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇക്കൂട്ടത്തിലെ അന്പതു ശതമാനത്തോളം കുട്ടികളെങ്കിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടണമെന്നും നഗരസഭ ആഗ്രഹിക്കുന്നു. നഗരസഭയുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് വിദ്യാർഥികൾക്കായി ഒരുക്കിയ ഈ സമഗ്ര പരീക്ഷാ സഹായിക്ക് നഗരസഭയുടെ ഫണ്ടിൽ നിന്നും ഒരു രൂപ പോലും വിനിയോഗിച്ചിട്ടില്ലായെന്നതും മറ്റൊരു സവിശേഷത.
27 അധ്യാപകരുടെ കൂട്ടായ്മയാണ് പുസ്തകം ചിട്ടയോടെ ഒരുക്കിയത്. പ്രതിഫലം വാങ്ങാതെ, സേവന സന്നദ്ധതയോടെ അധ്യാപകർ ഈ സദുദ്യമത്തിന്റെ ഭാഗമായതെന്നും ചെയർപേഴ്സണ് വ്യക്തമാക്കി. മുഹമ്മദ് ഹനീഫയാണ് കണ്വീനർ. കുട്ടികൾക്ക് സൗജന്യമായാണ് പുസ്തകം വിതരണം ചെയ്തത്. നഗരസഭ പരിധിയിലെ സ്കൂളുകളിലെ എസ്എസ്എൽസി വിദ്യാർഥികൾക്കായി ദിവസവും സായാഹ്ന ക്ലാസ്സുകളും ആരംഭിച്ചിട്ടുണ്ടെന്ന് ഹീബ അറിയിച്ചു. വൈകുന്നേരം ആറ് മുതൽ എട്ടര വരെയാണ് ക്ലാസുകൾ. ചെയർപേഴ്സണും സമയം കണ്ടെത്തി ക്ലാസ് കൈകാര്യം ചെയ്യുന്നു.