40 ദിവസത്തോളം പീഡിപ്പിച്ചു, പലര്‍ക്കായി കാഴ്ച്ചവച്ചു; യുവതിയെ കൊച്ചിയില്‍ എത്തിച്ചത് ജോലി വാഗ്ദാനം ചെയ്ത്; മുഖ്യപ്രതിയടക്കം ഏഴുപേര്‍ ഒളിവില്‍

rape

കൊച്ചി: എറണാകുളത്തെ ഇവന്‍റ് മാനേജ്‌മെന്‍റ് സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടു യുവതിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയടക്കം ഏഴുപേര്‍ ഒളിവില്‍. ഇവര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. അതേസമയം ഇന്നലെ  പിടിയിലായ രണ്ടാം പ്രതി പറവൂര്‍ നായരന്പലം സ്വദേശി അഭിഷ് (28) നെ ഇന്നു കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ദിവസമാണ് യുവതി പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയത്.  യുവതിയെ 40 ദിവസത്തോളം നഗരമധ്യത്തിലെ ഫ്‌ളാറ്റില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ചെന്നാണ് പരാതി.   ഒന്നാം പ്രതിയെന്നു പരാതിയില്‍ പറയുന്ന ഇവന്‍റ് മാനേജ്‌മെന്‍റ് സ്ഥാപനം നടത്തുന്ന ഷൈനിന്‍റെ ഫ്‌ളാറ്റില്‍ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നതായി പോലീസ്  വ്യക്തമാക്കി. രക്ഷപ്പെടാന്‍ അനുവദിക്കാതെ പൂട്ടിയിട്ട് പീഡിപ്പിക്കുകയും പലര്‍ക്കായി കാഴ്ച്ചവയ്ക്കുകയും ചെയ്‌തെന്നും പരാതിയിലുണ്ട്.  അതേസമയം കേസില്‍ അന്വേഷണം നടത്തിവരികയാണെന്ന് എറണാകുളം നോര്‍ത്തു സിഐ ടി.ബി. വിജയന്‍ പറഞ്ഞു.

യുവതിയെ ജോലി വാഗ്ദാനം നല്‍കിയാണ് ഷൈന്‍ എറണാകുളത്തെത്തിച്ചത്. കഴിഞ്ഞ ഡിസംബറില്‍ അവധിദിവസം ആലിന്‍ചുവട്ടിലെ ഫ്‌ളാറ്റില്‍ ജോലിക്കെത്താന്‍  ആവശ്യപ്പെടുകയായിരുന്നു. ഫ്‌ളാറ്റില്‍ വച്ച് ഷൈന്‍ മറ്റൊരാളുമായി ചേര്‍ന്ന് ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിച്ചു.  ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. അന്നു മുതല്‍ ഫ്‌ളാറ്റില്‍ പൂട്ടിയിടുകയായിരുന്നു.
പിന്നീട് മറ്റു ഹോട്ടലുകളിലെത്തിച്ചു പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ഇവരുടെ കൂടെ സദാസമയവും ഗുണ്ടകളുണ്ടായതിനാല്‍ രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നും പരാതിയിലുണ്ട്. ഷൈനും മറ്റ് ഏഴു പേരും തന്നെ ശാരീരികമായി പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു.

മുറിക്കു പുറത്തുപോകാന്‍ ഇവര്‍ അനുവദിച്ചില്ലെന്നും മൊബൈല്‍ ഫോണും പഴ്‌സും പിടിച്ചുവാങ്ങിയെന്നും പരാതിയില്‍ യുവതി വ്യക്തമാക്കി. ഒരുതവണ  രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വണ്ടിയിടിച്ചു വീഴ്ത്തി വീണ്ടും പിടിച്ചുകൊണ്ടു പോയെന്നും പരാതിയിലുണ്ട്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ തുടര്‍ച്ചയായി പീഡിപ്പിച്ചു.

പിന്നീട് കഴിഞ്ഞ 24 നു വീട്ടില്‍  നിന്നു രക്ഷപ്പെട്ട യുവതി പാലാരിവട്ടം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
യുവതിയുടെ കുടുംബാംഗങ്ങളുടെ പരാതിയില്‍ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരികയായിരുന്നു.
ഇന്നലെ കലൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നാണ് രണ്ടാം പ്രതിയായ അഭീഷ് പിടിയിലായത്. ഈവന്‍റ് മാനേജ്‌മെന്‍റ് സ്ഥാപനം നടത്തിയിരുന്ന പറവൂര്‍ സ്വദേശി ഷൈന്‍ എന്നയാളാണ് ഒന്നാം പ്രതി. ഇയാള്‍ ഉള്‍പ്പെടെ മറ്റ് ഏഴു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു.

Related posts