നവാസ് മേത്തര്‍
തലശേരി: ബിജെപി പ്രവര്‍ത്തകന്‍ ധര്‍മടം അണ്ടലൂര്‍ ചോമന്‍റെവിട സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഏഴ് പ്രതികളും സിപിഎം പ്രവര്‍ത്തകരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍റെ റിപ്പോര്‍ട്ട്. റിമാന്‍ഡില്‍ കഴിയുന്ന ഏഴ് പ്രതികളേയും കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥനായ പാനൂര്‍ സിഐ കെ.എം. ഷാജി തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. സന്തോഷിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്‌പോഴാണ് പ്രതികള്‍ സിപിഎമ്മുകാരാണെന്ന് സാക്ഷി മൊഴികളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ കണ്ടെത്തിയതായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. പാര്‍ട്ടി നേതൃത്വം പ്രതികളെ സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതിനു പിന്നാലെയാണ് പ്രതികള്‍ സിപിഎമ്മുകാരാണെന്ന് പോലീസ് തന്നെ വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ പ്രദ്യുവാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്നത്.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അരിലിനെ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലാന്‍ ശ്രമിച്ചതിന്‍റെ വിരോധം വെച്ച് സിപിഎം പ്രവര്‍ത്തകരായ ഒന്നു മുതല്‍ എട്ട് വരേയുള്ള പ്രതികള്‍ ന്യായവിരോധമായി സംഘം ചേര്‍ന്ന് മാരാകായുധങ്ങളുമായി സന്തോഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രൊഡക്ഷന്‍ വാറണ്ടു പ്രകാരം കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ ഏഴ് പ്രതികളെയും കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി സിഐ കെ.എസ്. ഷാജി നല്‍കിയ റിപ്പോര്‍ട്ടിലാണ് കൊല നടത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. അഞ്ച് ദിവസത്തേക്കാണ് പോലീസ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു കൊണ്ട് കോടതി ഉത്തരവിട്ടു. 30 ന് രാവിലെ 11 ന് പ്രതികളെ കോടതിയില്‍ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്.
ഒന്നാം പ്രതി അണ്ടല്ലൂര്‍ മണപ്പുറം വീട്ടില്‍ മിഥുന്‍(27), രണ്ടാം പ്രതി ധര്‍മ്മടം അണ്ടലൂരിലെ വൈഷ്ണവ് എന്ന വാവകുട്ടന്‍(28), നാലാം പ്രതി അണ്ടല്ലൂരിലെ രോഹന്‍(29), അഞ്ചാം പ്രതി അണ്ടല്ലൂര്‍ ലീലറാമില്‍ പ്രജുല്‍(25), ആറാം പ്രതി പാലയാട് ഷാഹിനം വീട്ടില്‍ ഷമില്‍(26), ഏഴാം പ്രതി പാലയാട് തോട്ടുമ്മല്‍ വീട്ടില്‍ റിജേഷ്(27), എട്ടാം പ്രതി പാലയാട് കേളോത്ത് വീട്ടില്‍ അജേഷ്(27), എന്നിവരെയാണ് മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. ഈ കേസില്‍ മൂന്നാം പ്രതിയായ അപ്പു മാത്രമാണ് അറസ്റ്റിലാകാനുള്ളത്. ആദ്യം അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ആറ് പ്രതികള്‍ക്കു വേണ്ടി അഡ്വ.പ്രദ്യു സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.