നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്ടറുടെ മുന്നിൽ രോഗികളെ അക്രിമസംഘം വെട്ടിപരിക്കേൽപ്പിക്കുകയും കാഷ്വാലിറ്റിയിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി പോലീസ്. അക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും പ്രതികളെ സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
നെയ്യാറ്റിൻകര വഴുതൂരിൽ ഇന്നലെ വൈകുന്നേരം നടന്ന ആക്രമണത്തിന്റെ തുടർച്ചയാണ് രാത്രിയിൽ ആശുപത്രിയിലും അരങ്ങേറിയതെന്ന് പറയപ്പെടുന്നു. ആർഎസ്എസ് പ്രവർത്തകരും വഴുതൂർ സ്വദേശികളുമായ മണികണ്ഠൻ(31), രാജേഷ് (26) എന്നിവർക്കു നേരെ വഴുതൂരിൽ ആദ്യം ആക്രമണമുണ്ടായി. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രി കാഷ്വാലിറ്റിയിലെ ഡോക്ടർ പരിശോധിക്കവെയാണ് അക്രമിസംഘം മുറിയിലേയ്ക്ക് മാരകായുധങ്ങളുമായെത്തിയത്.
ഡ്യൂട്ടി ഡോക്ടറുടെ മുന്നിൽ വച്ചുതന്നെ ഇവരെ ആക്രമിച്ചു.
ചോദ്യം ചെയ്ത ഡോക്ടറെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. അദ്ദേഹം ഭയന്ന് മുറിയിൽ നിന്നും ഇറങ്ങിഓടി. ഇതിനിടയിൽ മുറിയിലെ സാധന സാമഗ്രികൾ നശിപ്പിച്ച സംഘം ട്യൂബ് ലൈറ്റുകളും മറ്റും അടിച്ചു തകർത്തു. വിവരം അറിഞ്ഞ് നെയ്യാറ്റിൻകര പോലീസ് ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും അക്രമികൾ രക്ഷപ്പെട്ടു. അക്രമത്തിൽ പരിക്കേറ്റ മണികണ്ഠൻ, രാജേഷ്, വിഷ്ണു എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് ബിജെപി നേതാക്കൾ ആശുപത്രിയിലെത്തി.
അക്രമം നടന്നിട്ടും അങ്ങോട്ടേയ്ക്ക് തിരിഞ്ഞു നോക്കാതിരുന്ന ആശുപത്രി സൂപ്രണ്ടിന്റെ നടപടിയിൽ നേതാക്കൾ പ്രതിഷേധിച്ചു. പോലീസും ആശുപത്രി അധികൃതരും പ്രതികളെ സംരക്ഷിക്കാനായി കേസ് വഴിതിരിച്ചു വിടാൻ ശ്രമിക്കുന്നതായി ബിജെപി ആരോപിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് സുരേഷ് തന്പി, വൈസ് പ്രസിഡന്റ് മഞ്ചത്തല സുരേഷ്, നഗരസഭ കൗണ്സിലർമാരായ നിലമേൽ ഹരി, അഡ്വ. സ്വപ്നജിത്, എന്നിവർ സ്ഥലത്തെത്തി പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. നെയ്യാറ്റിൻകര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം തുടരുന്നതായും എസ്ഐ അറിയിച്ചു.