ഇരിട്ടി: ആറുമാസംകൊണ്ട് അഞ്ചുലക്ഷം പേരുടെ പെൻഷൻ ഇല്ലാതാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരിട്ടി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിക്ക് നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ അന്നം മുട്ടിച്ച സർക്കാരാണ് പിണറായിയുടേത്. ഭരണമികവില്ലാത്ത മന്ത്രിമാരെ കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് മന്ത്രിമാരോടും മന്ത്രിമാർക്ക് മുഖ്യമന്ത്രിയോടും വിശ്വസ്തത നഷ്ടപ്പെട്ടിരിക്കുകയാണ്.
പാവപ്പെട്ടവർക്കുള്ള അരി പോലും വിതരണം ചെയ്യാതെ സർക്കാർ ജനങ്ങളെ പട്ടിണിക്കിടുകയാണ്.സ്വന്തം മണ്ഡലത്തിൽ പോലും കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും നേതൃത്വം നൽകുന്ന ഒരു ഫാസിസ്റ്റ് ഭരണാധികാരിയായി മുഖ്യമന്ത്രി മാറി. കറൻസി പിൻവലിച്ച് സാധാരണ ജനങ്ങളെ ദ്രോഹിച്ച നരേന്ദ്രമോദിയും അരിയും പെൻഷനും നൽകാത്ത പിണറായി സർക്കാറും ഒരു നാണയത്തിന്റെ ഇരുവശങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി സമരങ്ങൾക്ക് നേതൃത്വം നൽകുവാൻ കോണ്ഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ സതീശൻ പാച്ചേനി സ്വീകരണത്തിന് നന്ദി പറഞ്ഞു. അഡ്വ.സണ്ണി ജോസഫ് എംഎൽഎ, വി.എ.നാരായണൻ, ചന്ദ്രൻ തില്ലങ്കേരി, പി.കെ.ജനാർദനൻ, ഇബ്രാഹിം മുണ്ടേരി, പടിയൂർ ദാമോദരൻ മാസ്റ്റർ, ,പി.സി.രാമകൃഷ്ണൻ, ജയ്സണ് തോമസ് , ഡെയ്സി മാണി, പി.എ.നസീർ, കെ.വേലായുധൻ, പി.സി.പോക്കർ, പി.സി.ജോസ്, മാർഗരറ്റ് ജോസ്, ഷിജി നടുപ്പറന്പിൽ, ഷീജ സെബാസ്റ്റ്യൻ, പി.എ.സലാം, പി.വി.നാരായണൻകുട്ടി, പി.വി.മോഹനൻ, സി.അശ്റഫ്, സാജു യോമസ് ,എം.അജേഷ്, വി.ടി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.