മട്ടന്നൂർ: നഗരസഭയിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കിയ സാഹചര്യത്തിൽ പുതിയ ക്യാരി ബാഗുകൾ സൗജന്യമായി നൽകി നഗരസഭ മാതൃകയാവുന്നു. നഗരസഭയിലെ മുഴുവൻ വീടുകളിലും ഒന്ന് വീതമാണ് ക്യാരി ബാഗുകൾ സൗജന്യമായി വിതരണം ചെയ്യുക. മട്ടന്നൂർ നഗരസഭയെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
50 മൈക്രോണിൽ താഴെ കനമുള്ള പ്ലാസ്റ്റിക് ബാഗുകളാണ് നിരോധിച്ചിരുന്നത്. ഇതിന് ബദൽ സംവിധാനമായാണ് നഗരസഭയുടെ നേതൃത്വത്തിൽ ക്യാരി ബാഗുകൾ സൗജന്യമായി വിതരണം ചെയുന്നത്. 100 രൂപ വിലമതിക്കുന്ന പേഴ്സ് രൂപത്തിലുള്ള ബാഗാണ് കുടുംബങ്ങൾക്ക് നൽകുക. 30 സെന്റിമീറ്റർ വീതിയിലും 40 സെന്റിമീറ്റർ നീളവുമുള്ള ബാഗാണ് സൗജന്യമായി വിതരണം ചെയാൻ തയാറായി വരുന്നത്.
10 കിലോയിലധികം അരി നിറയ്ക്കാൻ സാധിക്കുന്ന ബാഗാണ് ഇവ. നഗരസഭയിലെ പതിനായിരം വീടുകളിൽ കൗണ്സിലറുടെയും കുടുംബശ്രീയുടെയും സഹായത്തോടെയാണ് ബാഗുകൾ വിതരണം ചെയ്യുക. മാർച്ച് അവസാനത്തോടെ ബാഗുകൾ വിതരണം ചെയ്യുമെന്ന് നഗരസഭ വൈസ് ചെയർപേഴ്സണ് കെ. ശോഭന പറഞ്ഞു. കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ വർധിച്ച സാഹചര്യത്തിലാണ് നഗരസഭയിൽ പ്ലാസ്റ്റിക് നിരോധിച്ചത്. പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം നഗരസഭ പ്രത്യേക നിയമാവലി തയാറാക്കുകയും ചെയ്തിരുന്നു.