ഗാന്ധിധാം: സൈനികര്‍ക്ക് അനുവദിച്ചിരിക്കുന്ന മദ്യം വിതരണം ചെയ്യുന്നതില്‍ വന്‍ അഴിമതി നടക്കുന്നതായി ഗുജറാത്ത് കേഡറിലെ ബിഎസ്എഫ് ജവാന്. നവരത്നന്‍ ചൗധരി എന്ന ജവാനാണ് ഇതു സംബന്ധിച്ച് ഫേസ്ബുക്ക് വീഡിയോ പുറത്തുവിട്ടത്. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഗാന്ധിധാമില്‍ ബിഎസ്എഫിന്റെ 150 ബറ്റാലിയനില്‍ ക്ലാര്‍ക്കാണ് ചൗധരി.
സൈനികര്‍ക്ക് അനുവദിച്ചിട്ടുള്ള മദ്യം പുറത്തുള്ളവര്‍ക്ക് മറിച്ചു വില്‍ക്കുന്നതിന്റെ വീഡിയോയും ചൗധരി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ നാലു മാസം മുന്‍പ് താന്‍ പരാതി നല്‍കിയിരുന്നതായും എന്നാല്‍ നടപടിയൊന്നും എടുത്തില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. ജനുവരി 26നാണ് ചൗധരി വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഭരണഘടന എല്ലാവര്ക്കും തുല്യ അവകാശമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ജവാന്മാര് നല്ല ഭക്ഷം ചോദിച്ചാല്‍ പോലും അത് കുറ്റകരമാകുന്നു. പരാതി പറഞ്ഞാല്‍ മേലധികാരികള്‍ വളരെ മോശമായാണ് തങ്ങളോട് പെരുമാറുന്നത്. ഇതിനെതിരേ പ്രതികരിക്കാന്‍ ആരുമില്ലെന്നും ചൗധരി പറയുന്നു. അതേസമയം, സംഭവം വിവദമായതിനെ തുടര്‍ന്ന് ബിഎസ്എഫ് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
നേരത്തേ, മോശം ഭക്ഷണമാണ് സൈനികര്‍ക്കു നല്‍കുന്നതെന്ന കാഷ്മീര്‍ കേഡറിലെ ബിഎസ്എഫ് ജവാന് ഫേസ്ബുക്കിലൂടെ അറിയിച്ചത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.