ജാതിപ്പേര് വിളിച്ചു ആക്ഷേപിച്ചു! ലക്ഷ്മി നായര്‍ക്കെതിരേ പോലീസ് കേസെടുത്തു; ഇതുവരെ പോലീസ് കേസ് എടുക്കാതിരുന്നത് രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം

Lakshmi

തിരുവനന്തപുരം: ലോ അക്കാഡമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരേ പോലീസ് കേസെടുത്തു. ജാതിപ്പേര് വിളിച്ചാക്ഷേപിച്ചു എന്ന വിദ്യാര്‍ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പേ നല്‍കിയ പരാതിയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതെ ഒളിച്ചുകളിക്കുകയായിരുന്നു. ഒടുവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെയും രൂക്ഷ വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.

സര്‍ക്കാര്‍ ലക്ഷ്മി നായരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കും പരാതി നല്‍കിയിരുന്നു. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഒരു കേസ് പോലും ലക്ഷ്മി നായര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയാറായിരുന്നില്ല. സിപിഎമ്മിന്‍റെ സംരക്ഷണയിലാണ് ലക്ഷ്മി നായര്‍ എന്ന വിമര്‍ശനം ഇതോടെ ഉയര്‍ന്നിരുന്നു.

ദളിത് പീഡനം, ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. കന്റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണറാണ് കേസ് അന്വേഷിക്കുന്നത്. വിദ്യാര്‍ഥികളുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷനും കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ പരാതികള്‍ അന്വേഷിക്കണമെന്നായിരുന്നു കമ്മീഷന്‍ നിര്‍ദ്ദേശം.

Related posts