കളമശേരി: ഇടപ്പള്ളി ടോളിലെ ഫ്ലാറ്റിലെ റെയ്ഡിനിടെ പിടിയിലായ പെൺവാണിഭ സംഘത്തിൽ പെട്ട രണ്ട് പേർ റിമാൻഡിൽ. റെയ്ഡിനിടെ 22 വയസുകാരിയെ അപാർട്ട്മെൻെറിലെ പെൺവാണിഭ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുത്തി.
പാല ഭരണങ്ങാനം സ്വദേശി നിമ്മി (40), ചേർത്തല സ്വദേശി കണ്ണൻ (36) എന്നിവരെയാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. നിമ്മി നടത്തിപ്പുകാരിയാണെന്നാണ് പോലീസ് പറയുന്നത്. കണ്ണൻ യൂബർ ടാക്സി ഡ്രൈവറാണ്. രക്ഷപ്പെടുത്തിയ യുവതിയെ അപ്പാർട്ട്മെന്റിൽ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവന്നതാണ്.
ശനിയാഴ്ച രാത്രി പത്ത് മണിയോടെ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. ഇവരോടൊപ്പം പ്രതികളിൽ നിന്നും നാല് മൊബൈൽ ഫോണുകളും ഏതാനും സിംകാർഡുകളും ഉറകളും കണ്ടെടുത്തിട്ടുണ്ട്. അമ്പതിനായിരം രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർ അന്വേഷണത്തിൽ കൂടുതൽ പ്രതികൾ വലയിലാകുമെന്ന് പോലീസ് അറിയിച്ചു.
താത്കാലികമായി വീടുകളും ഫ്ലാറ്റുകളും വാടകയ്ക്ക് എടുത്ത് സൗകര്യമൊരുക്കിയാണ് ഇത്തരം സംഘങ്ങളുടെ ഇപ്പോഴത്തെ പ്രവർത്തനം. സ്ഥിരതാമസമല്ലാത്തതിനാൽ സംഘങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.