കടുത്തുരുത്തി: മണ്ണു മാഫിയയെ നിലയ്ക്കു നിർത്തുകയും കടുത്തുരുത്തിയിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു സാധാരണക്കാരന്റെ കൈയടി നേടിയ എസ്ഐയെ സ്ഥലം മാറ്റാൻ അണിയറയിൽ കരുനീക്കം സജീവം. ഭരണകക്ഷയിൽപെട്ട ചിലരുടെ പിന്തുണയും കടുത്തുരുത്തി എസ്ഐ ജെ.രാജീവിനെ കടുത്തുരുത്തിയിൽ നിന്നും തെറിപ്പിക്കാൻ നീക്കം നടത്തുന്നവർക്കുണ്ട്. എന്നാൽ ഭരണമുന്നണിക്ക് നേതൃത്വം നൽകുന്ന പ്രബലകക്ഷിയുടെ തലമുതിർന്ന നേതാക്കളിൽ പലരും എസ്ഐയുടെ പ്രവർത്തനങ്ങളിൽ തൃപ്തരാണ്.
രാഷ്ട്രീയക്കാർ ഉൾപെടെ ആരായാലും ന്യായമായ കാര്യത്തിന് മാത്രം കൂടെ നിൽക്കുന്ന എസ്ഐ നിയമം വിട്ടുള്ള ഏത് കാര്യത്തിനും എത്ര ഉന്നതൻ ശിപാർശയായി വന്നാലും ചെവി കൊടുക്കാറില്ല. ഇതു തന്നെയാണ് കക്ഷിവിത്യാസമില്ലാതെ ചില ഇടത്തട്ടിലുള്ള നേതാക്കളുടെ അപ്രീതിക്ക് ഇടയാക്കിയിരിക്കുന്നത്. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കൂടിയായ കടുത്തുരുത്തി സിഐ കെ.പി. തോംസണ്ന്റെ പിന്തുണയും എസ്ഐക്കുണ്ട്. മുന്പ് കടുത്തുരുത്തിയിൽ എസ്ഐയായി ഇരുന്നിട്ടുള്ള ഇപ്പോഴത്തെ സിഐക്ക് കടുത്തുരുത്തിയിലെ കാര്യങ്ങൽ കൃത്യമായി അറിയാവുന്നതിനാൽ എസ്ഐയുടെ പ്രവർത്തനങ്ങൾക്ക് വേണ്ട പിന്തുണ ഇദേഹം നൽകുന്നതിനാൽ ആവഴിക്കും തത്പരകക്ഷികൾ ഉദ്ദേശിക്കുന്ന കാര്യങ്ങൽ നടക്കുന്നില്ല.
അടുത്തകാലം വരെ കടുത്തുരുത്തിയുടെ ശാപമായിരുന്ന അനധികൃത മണ്ണെടുപ്പിനെതിരെ ശക്തമായ നടപടിയാണ് എസ്ഐ ജെ.രാജീവ് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോൾ കടുത്തുരുത്തിയിൽ മണ്ണെടുപ്പ് ഇല്ലെന്ന് തന്നെ പറയാവുന്ന അവസ്ഥയാണ്. രാവിലെയും വൈകൂന്നേരങ്ങളിലും കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളുമായി മോഡിഫൈ ചെയ്ത ബൈക്കുമായി ടൗണുകളിൽ ഇറങ്ങി കോപ്രായം കാണിച്ചിരുന്നവർക്കെതിരെ എസ്ഐയുടെ നേതൃത്വത്തിൽ പോലീസ് എടുത്തിരിക്കുന്ന നടപടികളും പൊതുജനങ്ങൾക്കിടയിൽ ഏറേ സ്വീകാര്യതയുണ്ടാക്കി.
ഇപ്പോൾ ടൗണിൽ ഇത്തരക്കാരെ കാണാനേയില്ലാത്ത അവസ്ഥയാണ്. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന ബൈക്കുകൾ കോടതിയിലേ കൊടുക്കുവെന്നത് പോലീസ് വ്യക്തമാക്കിയിട്ടുള്ളതിനാൽ ഇപ്പോൾ ആരും ഈ സാഹസത്തിന് മുതിരാറില്ല. രാത്രികാലങ്ങളിൽ ടൗണിൽ കൂട്ടം കൂടി നിന്നിരുന്നവരെയും ഇപ്പോൾ കടുത്തുരുത്തിയിൽ ഉൾപെടെ കാണാനില്ല. കൈക്കൂലി വാങ്ങാത്ത സത്യസന്ധനായ ഓഫീസറെന്ന പേരും ഇദേഹത്തിനുണ്ട്.
പരാതികൾ ലഭിച്ചാൽ കൃത്യമായി ഫോളോ അപ്പ് നടത്തി നടപടി ഉണ്ടാകുമെന്നതും ന്യായമല്ലാത്ത കാര്യത്തിന് കൂട്ട് നിൽക്കില്ലയെന്നതും എസ്ഐയെ ജനപ്രിയനാക്കിയിട്ടുണ്ട്. കടുത്തുരുത്തി സ്റ്റേഷനിൽ ചാർജെടുത്ത നാളിൽ വേഷപ്രച്ഛന്നനായി സ്വന്തം കാറിൽ പുലർച്ചെ സൈറ്റിലെത്തി അനധികൃത മണ്ണെടുപ്പ് നടത്തിയ വാഹനങ്ങൾ പിടിച്ചെടുത്തതോടെയാണ് ഇദേഹത്തിന്റെ പ്രവൃത്തികൾ ജനം ശ്രദ്ധിച്ചു തുടങ്ങിയത്. ജനങ്ങൾക്ക് പ്രിയങ്കരനായ, നാട്ടുകാർക്ക് നല്ലതു ചെയ്യുന്ന ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ ജനപ്രതിനിധികൾ തന്നെ തയാറാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.