വടക്കാഞ്ചേരി: മന്ത്രി എ.സി. മൊയ്തീന്റെ തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകരയിലുള്ള വീട്ടിൽ മോഷണശ്രമം. മന്ത്രിയും കുടുംബവും ഇന്നലെ പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. വീടിന്റെ മുൻ വാതിലിന്റെ ലോക്ക് തകർത്ത് അകത്തുകയറിയ മോഷ്ടാവ് വാതിൽ ഉള്ളിൽനിന്ന് കുറ്റിയിട്ടിട്ടുണ്ട്. പിൻവാതിൽ തുറന്നിട്ട നിലയിലാണ്. വൈദ്യുതി മീറ്റർ ബോർഡിലെ ഫ്യൂസ് ഉൗരി വീട്ടുവളപ്പിലെ കിണറ്റിൽ ഇട്ടിട്ടുണ്ട്.
വീടിനകത്തെ മുഴുവൻ വാതിലുകളുടെ ലോക്കുകളും അലമാരകളുടെ പൂട്ടുകളും പൂർണമായും തകർത്തു. വാതിലുകൾ തകർത്ത വെട്ടുകത്തിയും മറ്റ് ഉപകരണങ്ങളും മോഷ്ടാക്കൾ കിണറ്റിലേക്ക് എറിഞ്ഞു. ബൈഡ് റൂമുകളിൽ ഉണ്ടായിരുന്ന അലമാരകളിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും മറ്റു സാധനങ്ങളും മുറികളിൽ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. മന്ത്രി സ്ഥലത്തില്ലാത്തതിനാൽ ഇന്നലെ പുലർച്ചെ മൂന്നിന് വടക്കാഞ്ചേരി പോലീസ് മന്ത്രിയുടെ വീട്ടിലെത്തി ബീറ്റ് പുസ്തകത്തിൽ ഒപ്പുവച്ചിരുന്നു. അതിനുശേഷമായിരിക്കണം മോഷണശ്രമമെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ ഗൾഫിൽനിന്ന് വന്ന മകൾ ഡോ. ഷീബയെ നെടുന്പാശേരിയിൽനിന്ന് മരുമകന്റെ വീട്ടിൽ കൊണ്ടുപോയി വിട്ടുശേഷമാണ് മന്ത്രി പനങ്ങാട്ടുകരയിൽ എത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് റൂറൽ എസ്പി വിജയകുമാർ, കുന്നംകുളം ഡിവൈഎസ്പി പി.വിശ്വംഭരൻ, വടക്കാഞ്ചേരി സിഐ ടി.എസ്.സിനോജ്, വിരലടയാള വിദഗ്ധരായ പി.ജി.നാരായണപ്രസാദ്, കെ.എസ്.രാധാകൃഷ്ണൻ, വി.രാമദാസ്, സയിന്റിഫിക് ഓഫീസർ ഡോ. അനു എന്നിവർക്കു പുറമെ ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് വെട്ടുകത്തി ഉൾപ്പടെയുള്ള ഉപകരണങ്ങൾ പോലീസ് കിണറ്റിൽനിന്ന് കണ്ടെത്തിയത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ തെക്കുംകര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി മുപ്പതോളം വീടുകളിൽ മോഷണശ്രമം നടന്നിരുന്നു.