എല്ലാ മനുഷ്യര്‍ക്കുമുണ്ടാവും ഏതെങ്കിലും തരത്തിലുള്ള ഹോബികള്‍. അതുപോലെ 98 കാരിയായ ഈ മുത്തശ്ശിയുടെ ഹോബി യോഗയാണ്. എന്നാല്‍ യോഗ വെറും ഹോബി മാത്രമല്ല. മറിച്ച് ഒരു ജീവിതചര്യ തന്നെയാണ്. എട്ടുവയസ്സില്‍ തുടങ്ങിയതാണ് മുത്തശ്ശിയ്ക്ക് യോഗയോടുള്ള അടുപ്പം. ഇന്ത്യയില്‍ താമസിക്കുമ്പോഴായിരുന്നു അത്. പിന്നീട് വിദേശത്തേക്ക് മടങ്ങിയെങ്കിലും യോഗയെ കൈവിടാന്‍ ടയോ പോര്‍ച്ചന്‍ ലിഞ്ച് മറന്നില്ല. ഇപ്പോള്‍ ആ മുത്തശ്ശിക്ക് പ്രായം 98. ഈ പ്രായത്തിലും കക്ഷി അസ്സലായി യോഗ ചെയ്യും. ഒരു ദിവസം പോലും യോഗമുടക്കില്ല എന്നു മാത്രമല്ല 75 വര്‍ഷമായി മുത്തശ്ശി ആളുകളെ യോഗ പരിശീലിപ്പിക്കുന്നുമുണ്ട്.
യോഗമാത്രമല്ല ഈ മുത്തശ്ശിക്ക് പാഷന്‍. അഭിനയം, മോഡലിങ്, ബോള്‍റൂം ഡാന്‍സിങ് എന്നിവയിലും മുത്തശ്ശി കഴിവു പ്രകടിപ്പിച്ചിട്ടുണ്ട്. എലിസബത്ത് ടെയ്‌ലര്‍ക്കൊപ്പം മുത്തശ്ശി അഭിനയിച്ചിട്ടുണ്ട്. യോഗമന്ത്രങ്ങള്‍ ഉരുക്കഴിച്ചിരിക്കുന്ന മുത്തശ്ശിയോട് ആരോഗ്യരഹസ്യം ചോദിച്ചാല്‍ ഒന്നേയുള്ളൂ ഉത്തരം യോഗ. അതിന്റെ കാരണവും മുത്തശ്ശി തന്നെ വ്യക്തമാക്കും. ഈ ഭൂമിയില്‍ അസാധ്യം എന്നൊന്നില്ല. നമുക്കു പറ്റാത്തതായി ഒന്നും തന്നെയില്ല എന്ന ഉറച്ച വിശ്വാസം ആദ്യം മനസ്സിലുണ്ടാക്കണം. ബാക്കിയെല്ലാം താനെ ശരിയായിക്കൊള്ളും. ഇന്നത്തെ ദിവസമായിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസം എന്ന ശുഭപ്രതീക്ഷയോടെവേണം ഉണരാന്‍.
ആ പോസിറ്റീവ് എനര്‍ജി ദിവസം മുഴുവന്‍ ഒപ്പമുണ്ടാകും. സന്തോഷിക്കാനുള്ള കാരണങ്ങള്‍ തേടി അലയാതെ നമ്മുടെ ഉള്ളിലുള്ള സന്തോഷത്തെ കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. എന്റെ എട്ടാം വയസ്സുമുതല്‍ യോഗാപഠനത്തിലൂടെയാണ് ഞാന്‍ ആ സത്യം മനസ്സിലാക്കയത്. പ്രായാധിക്യത്തിനൊന്നും ഈ മുത്തശ്ശിയുടെ മനോവീര്യത്തെ കെടുത്താനായിട്ടില്ല. യൊഗ ശരീരത്തിനും മനസ്സിനും വേണ്ടി മാത്രമുള്ളതല്ല, മറിച്ച് ആത്മാവിനും കൂടി വേണ്ടിയുള്ളതാണെന്നാണ് മുത്തശ്ശി പറയുന്നത്. യോഗയും സസ്യാഹാരശീലവും വല്ലപ്പോഴുമകത്താക്കുന്ന വൈനുകളും ചെറിയ ചോക്ലേറ്റ് പീസുകളുമാണ് തന്റെ നിത്യയൗവനത്തിന്റെ രഹസ്യമെന്നും മുത്തശ്ശി വെളിപ്പെടുത്തുന്നു.