കാട്ടാക്കട: വിവാഹം ക്ഷണിച്ച് വീട്ടിലേക്ക് മടങ്ങിയ യുവാവിനെ മൂന്നംഗ സംഘം ക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. മഠത്തിങ്കൽ സ്വദേശി ഹരികൃഷ്ണനാണ് (24) അറസ്റ്റിലായത്. മലയിൻകീഴ് ശാന്തുമൂല അനീഷ് ഭവനിൽ അനീഷിനാണ് (29) മർദനമേറ്റത്. പോലീസ് പറയുന്നത് – വിദേശത്തായിരുന്ന അനീഷിന്റെ വിവാഹം ഫെബ്രുവരി ആറിനാണ്. സുഹൃത്തുക്കളെ കല്യാണം ക്ഷണിക്കാനായി പോയതായിരുന്നു അനീഷ്. വിവാഹം ക്ഷണിച്ച് മടങ്ങവെ ശാന്തുമൂല മച്ചേൽ റോഡ് തുടങ്ങുന്നിടത്തു വച്ച് മച്ചേൽ സ്വദേശിയും സുഹൃത്തുമായ ഷെല്ലിയെ കണ്ടു.
അനീഷ് ഷെല്ലിയോട് വിവാഹക്കാര്യം ഓർമിപ്പിക്കുകയും കല്യാണത്തിന് എത്തണമെന്നും പറഞ്ഞു. എന്നാൽ മദ്യലഹരിയിലായിരുന്ന ഷെല്ലി ബൈക്കിലിരിക്കുകയായിരുന്ന അനീഷിനെ ചവിട്ടി വീഴ്ത്തുകയും ഒപ്പമുണ്ടായിരുന്ന പാലോട്ടുവിള സ്വദേശി ഹരിപ്രസാദ് (24), മലയിൻകീഴ് മഠത്തിങ്കൽ സ്വദേശി ഹരികൃഷ്ണൻ (25 )എന്നിവർ ചേർന്ന് ആക്രമിക്കുകയുമായിരുന്നു. ഇതിനിടെ സമീപവാസികളെത്തി അനീഷിനെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി.
എന്നാൽ അൽപ്പ സമയത്തിനുള്ളിൽ ഷെല്ലിയും ഹരികൃഷ്ണനും അനീഷിന്റെ വീട്ടിലെത്തി വീടിന്റെ മുൻവശത്തെ ജനൽ ഗ്ലാസുകൾ അടിച്ച് തകർത്തു. തുടർന്ന് വീട്ടിൽ കയറി അനീഷിന്റെ പിതാവ് സോമരാജനെയും മാതാവ് രേണുകാദേവിയെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിൽ അക്രമം നടക്കുന്നതറിഞ്ഞ അനീഷ് മറ്റൊരു സ്ഥലത്ത് അഭയം തേടുകയായിരുന്നു.
സ്ഥലത്തെത്തിയ മലയിൻകീഴ് പോലീസ് മഠത്തിങ്കൽ സ്വദേശി ഹരികൃഷ്ണനെ (24) കസ്റ്റഡിയിലെടുത്തു. ഇതിനിടെ ഷെല്ലി ഓടി രക്ഷപ്പെട്ടിരുന്നു. തലയ്ക്കും കഴുത്തിനും മുഖത്തും പരിക്കേറ്റ അനീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയിൻകീഴ് പോലീസ് കേസെടുത്തു. ഷെല്ലി, ഹരിപ്രസാദ് എന്നിവർ ഒളിവിലാണ്.