ആലുവ: ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച കുഞ്ഞിനെ ഏറ്റെടുക്കാൻ മാതാപിതാക്കൾക്ക് ഒരവസരംകൂടി നൽകാൻ ശിശുക്ഷേമ സമിതി തീരുമാനിച്ചു. ഡിസംബർ 11നാണ് ജനിച്ച് 24 മണിക്കൂർ പോലും തികയാത്ത കുഞ്ഞിനെ എടത്തലയിൽ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
മാതാപിതാക്കളെ പോലീസ് പിടികൂടി കേസെടുത്തെങ്കിലും കുഞ്ഞിനെ വേണ്ടെന്ന് മുദ്രപത്രത്തിൽ എഴുതി നൽകിയതിനാൽ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു. എങ്കിലും കുഞ്ഞിനെ വിട്ടുകിട്ടുന്നതിന് ദന്പതികൾക്ക് ഒരവസരംകൂടി നൽകാനാണ് തീരുമാനം.
30 ദിവസത്തിനകം രേഖകൾ ഹാജരാക്കിയിൽ കുട്ടിയെ വിട്ടുനൽകും. അല്ലാത്തപക്ഷം ദത്തെടുക്കാൻ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് കൈമാറും. രണ്ടുകുട്ടികളുള്ള മാതാപിതാക്കളാണ് മൂന്നാമത്തെ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചത്.
രണ്ടാമത്തെ കുട്ടിക്ക് ഒരു വയസ് തികയുന്നതിനു മുന്‍പേ അടുത്ത കുട്ടിയും ജനിച്ചതിന്റെ പേരിലാണ് ഉപേക്ഷിച്ചതെന്നാണ് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത്. കളമശേരി വാത്സല്യം ശിശുഭവന്റെ സംരക്ഷണയിലാണ് ഗ്രേസ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞ്.
11 മാസം പ്രായമുള്ള മറ്റൊരു പെണ്‍കുഞ്ഞും ഇതോടൊപ്പം അവകാശികളെ തേടുന്നുണ്ട്. പുല്ലുവഴി സ്നേഹ ജ്യോതി ശിശുഭവനിലാണ് കുഞ്ഞ്. മാതാപിതാക്കളെക്കുറിച്ച് ശിശുക്ഷേമ സമിതിയിൽ വിവരങ്ങളൊന്നുമില്ല. ഈ കുഞ്ഞിനും രേഖകൾ സഹിതം മാതാപിതാക്കളെത്തിയാൽ വിട്ടുനൽകും. അല്ലാത്തപക്ഷം ദത്തെടുക്കാൻ അപേക്ഷ നൽകിയവർക്ക് കൈമാറും.