ചങ്ങരംകുളം : ഉത്സവങ്ങൾക്ക് കൊഴുപ്പേകാൻ ഇനി ബംഗാളി വാദ്യ മേളവും. ചങ്ങരംകുളം പള്ളിക്കരയിൽ കഴിഞ്ഞ ദിവസം നടന്ന ഉത്സവത്തിനാണ് ബംഗാളികളായ യുവാക്കളുടെ വ്യത്യസ്ഥമായ ബാൻഡ് മേളം അരങ്ങേറിയത്. പശ്ചിമ ബംഗാളിൽ ഉത്സവങ്ങൾക്ക് പരിപാടികൾ നടത്തുന്ന വാദ്യസംഘത്തെ ചങ്ങരംകുളം സ്വദേശിയാണ് കേരളത്തിലെത്തിച്ചത്. കേരളത്തിലെ സാധാരണ ഉത്സവങ്ങളോടനുബന്ധിച്ച് നടക്കാറുളള ബാൻഡ് വാദ്യത്തോട് സാമ്യമുളള ഈ ബംഗാളി മേളം കാണാൻ നൂറുക്കണക്കിന് പേരാണ് എത്തിയത്.
മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലായി നിരവധി ചെറുതും വലുതുമായ ക്ഷേത്രത്തിലെ ഉത്സവങ്ങളാണ് സീസണിൽ നടക്കുക. നേർച്ചകളും പള്ളിപ്പെരുന്നാളുകളും ഈ സീസണിൽ തന്നെയാണ് നടക്കുന്നത്. ശിങ്കാരിമേളം, ബാൻഡ്മേളം, തന്പോറം, പഞ്ചാരിമേളം തുടങ്ങിയ വിവിധ രീതിയിലുളള മേളങ്ങൾ ഉത്സവത്തിന് കൊഴുപ്പേകാൻ വിവിധ കമ്മിറ്റികൾ വൻ തുക മുടക്കിയാണ് കൊണ്ടു വരുന്നത്.
സംസ്ഥാനത്തെ വിവിധ തൊഴിൽ മേഖലകൾ കയ്യടക്കിയ ബംഗാളികളുടെ വാദ്യമേളവും കേരളത്തിലെത്തിയത് കൗതുകത്തിനൊപ്പം അൽപം ആശങ്കയും പങ്ക് വയ്ക്കുന്നു. ഉത്സവ സീസണ് കഴിയും വരെ കേരളത്തിൽ തുടർന്ന് പരമാവധി പരിപാടികൾ എടുത്ത് തിരിച്ചു പോകാനാണ് ബംഗാളി ടീം ലക്ഷ്യമിടുന്നത്.