തിരുവനന്തപുരം: ലോ അക്കാഡമി വിഷയത്തിൽ സമരം ചെയ്ത ബിജെപി പ്രവർത്തകരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ബുധനാഴ്ച തലസ്ഥാന ജില്ലയിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഉച്ചയ്ക്ക് ശേഷം പേരൂർക്കടയിൽ റോഡ് ഉപരോധിച്ച പ്രവർത്തകർക്ക് നേരെയാണ് പോലീസ് നടപടിയുണ്ടായത്. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ആദ്യം ജലപീരങ്കിയും പിന്നീട് ലാത്തിച്ചാർജും നടത്തുകയായിരുന്നു. നിരവധി പ്രവർത്തകർക്ക് ലാത്തിയടിയേറ്റു. കെ.സുരേന്ദ്രൻ, വി.വി.രാജേഷ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു റോഡ് ഉപരോധം.