ന്യൂഡൽഹി: പൊതുമേഖല, സ്വകാര്യ, ഗ്രാമീണ, സഹകരണ ബാങ്കുകളിലെ ജീവനക്കാരും ഓഫിസർമാരും ഫെബ്രുവരി 28 ന് രാജ്യവ്യാപകമായി പണിമുടക്കും. ബാങ്ക് വായ്പകൾ തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിക്കുക, നോട്ടു നിരോധനത്തെത്തുടർന്നുള്ള നിയന്ത്രണം നീക്കുക, എല്ലാ ബാങ്ക് ശാഖകളിലും ആവ ശ്യത്തിനു നോട്ട് എത്തിക്കുക, വൻകിടക്കാരിൽ വൻതോതിൽ പുതിയ കറൻസി എത്തിയതു സിബിഐ അന്വേഷിക്കുക, അധികജോലി ചെയ്ത ബാങ്ക് ജീവനക്കാ ർക്കുള്ള ഓവർടൈം വേതനം ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു പണിമുടക്ക്.
പണിമുടക്കിൽ ഒന്പതു യൂണിയനുകൾ പങ്കെടുക്കുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) ജനറൽ സെക്രട്ടറി സി.എച്ച് വെങ്കിടാചലം അറിയിച്ചു. നേരത്തെ മൂന്നു യൂണിയനുകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. ഫെബ്രുവരി ഏഴിന് നടത്താനിരുന്ന സമരം ഇതോടെ പിൻവലിച്ചു. ഏകദേശം 10 ലക്ഷം വരുന്ന ജീവനക്കാരും ഓഫിസർമാരും സമരത്തിൽ പങ്കെടുക്കും.