നിശാന്ത് ഘോഷ്
കണ്ണൂർ: രാഷ്ട്രീയവിശ്വാസവും അതുമായി ബന്ധപ്പെട്ടുള്ള ആശയവ്യത്യാസവുമെല്ലാം പരസ്യമായി പ്രകടിപ്പിക്കുന്പോഴും ഇ. അഹമ്മദ് ആരാണെന്ന ചോദ്യത്തിന് കണ്ണൂരുകാർക്ക് ഒറ്റ ഉത്തരമേയുള്ളൂ-അദ്ദേഹം നമ്മളിൽ ഒരാളായിരുന്നു. ഡൽഹിയിലെ അധികാര കേന്ദ്രങ്ങളിൽ കർക്കശക്കാരനായ മന്ത്രിയും രാഷ്ട്രീയ നേതാവായും വിലസുന്പോഴും വീണു കിട്ടുന്ന ഇടവേളകളിൽ ജൻമനാട്ടിലെത്താൻ എന്നും ഇ. അഹമ്മദ് ശ്രമിച്ചിരുന്നു.
അധികാരത്തിന്റെ ഇടനാഴികളെക്കാളും അദ്ദേഹം എന്നും ഇഷ്ടപ്പെട്ടത് ജൻമനാട്ടിലെ മണ്ണിലൂടെയുള്ള നടത്തമായിരുന്നു. സംഭവ ബഹുലമാണ് ഇ. അഹമ്മദിന്റെ ജീവിതം. വിദ്യാർഥി പ്രസ്ഥാനത്തിന്റെ സാധാരണ പ്രവർത്തകനിൽ നിന്നും ജനറൽ സെക്രട്ടറിയിലേക്ക്, വിദ്യാർഥി നേതാവിൽ നിന്നും പാർട്ടിയുടെ ദേശീയ പ്രസിഡന്റിലേക്ക്, മുഖപത്രത്തിന്റെ പ്രാദേശിക ലേഖകനിൽ നിന്നും പത്രസ്ഥാപനത്തിന്റെ ഡയറകർ ബോർഡ് മെന്പറിലേക്ക്, പോസ്റ്ററൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും താഴെത്തട്ടിലെ പ്രവർത്തനിയിൽ നിന്നും കേന്ദ്ര മന്ത്രി സ്ഥാനത്തേക്ക്, ചുരുക്കത്തിൽ ഇതെല്ലാമായിരുന്നു ഇ. അഹമ്മദ് എന്നു ഒറ്റ വാചകത്തിൽ പറയാം.
എന്നാൽ ഇവയക്കെല്ലാം അപ്പുറമായിരുന്നു എടപ്പകത്ത് അഹമ്മദ് എന്ന നേതാവ്. രാഷ്ട്രീയാക്രമണങ്ങളാലും കൊലപാതക പരന്പരകളാലും കണ്ണൂർ കലുഷിതമായ കാലഘട്ടത്തിൽ സമാധാനശ്രമങ്ങൾക്കായി ഓടി നടന്നവരിലും മുന്നിലുണ്ടായിരുന്നു ഇദ്ദേഹം.കണ്ണൂരിൽ നിന്നുള്ള ആദ്യ കേന്ദ്രമന്ത്രിയായ ഇ. അഹമ്മദ് കണ്ണൂരിന്റെ വികസനത്തിനു നൽകിയ സംഭാവനകൾ ഏറെ വലുതാണ്. രാഷ്ട്രീയ നേതാവെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും ദീർഘവീക്ഷണത്തിന്റെ പ്രതീകം കൂടിയായിരുന്നു ഇ.അഹമ്മദ്.
ആരോപണങ്ങളിൽ പാർട്ടി ഒലിച്ചു പോകുമെന്നു നേതാക്കൾ പോലും ഭയപ്പെട്ട വേളകളിൽ പ്രതിയോഗികളെ പോലും സ്തബ്ധരാക്കി നാടു നീളെ സഞ്ചരിച്ചു പാർട്ടിക്ക് ഒരു ക്ഷീണവും തട്ടാതെ വളർത്തിയവരിൽ മുന്നിലായിരുന്നു ഇ. അഹമ്മദ്. മുസ്്ലിം ലീഗുമായി ബന്ധപ്പെട്ടു വളർന്നുവന്ന വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹ്യ-സേവന സംഘടനകളുടെയെല്ലാം പിറകിൽ ഇ. അഹമ്മദിന്റെ ചിന്തയും തലച്ചോറുമാണ് പ്രവർത്തിച്ചത്. പാർട്ടിയോടൊപ്പം സംസ്കാരിക സംഘടന കൂടി വളരണമെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഇ. അഹമ്മദ് മുന്നോട്ടുവച്ച ഇത്തരം നിർദേശങ്ങൾ കൂടിയാണ് മുസ്്ലിം ലീഗ് എന്ന പാർട്ടിയെ രാഷ്ട്രീയപരമായി ഏറെ മുന്നിലെത്താനും സഹായിച്ചത്
കണ്ണൂർ മുനിസിപാലിറ്റി ചെയർമാനായിരിക്കെ കേരളത്തിൽ അന്നു വരെ ഒരു മുനിസിപാലിറ്റിക്കുമില്ലാത്ത വിധത്തിലുള്ള മാസ്റ്റർ പ്ലാനായിരുന്നു അദ്ദേഹം തയാറാക്കിയത്. എന്നാൽ എന്തു കൊണ്ടോ പദ്ധതികൾ നടന്നില്ല. പ്ലാൻ പരിശോധിച്ച ഉന്നത ഉദ്യോഗസ്ഥലോബി ഉടക്കിട്ടതാണ് കണ്ണൂരിന്റെ മുഖഛായ മാറുമായിരുന്ന പ്ലാൻ വെളിച്ചം കാണാതെ പോയതെന്നു പറയപ്പെടുന്നു.
കണ്ണൂർ വിമാനത്താവളം, തുറമുഖം എന്നിവയുടെ അടിസ്ഥാന സൗകര്യവികസനമൊരുക്കുന്നതിൽ ഇ. അഹമ്മദിന്റെ സംഭാവനകൾ ഏറെയാണ്. ഒരു കാലത്ത് കേരളത്തിന്റെ അഭിമാനമായിരുന്ന മാങ്ങാട്ട്പറന്പിലെ കെൽട്രോണ് യൂണിറ്റിനെ ആ നിലയിലേക്കു വളർത്തിയതിനു പിന്നിലെ ഇ. അഹമ്മദ് എന്ന ഭരണാധികാരിയുടെ സംഭാവനകളുണ്ട്.
1982-87 കാലത്ത് കേരളത്തിന്റെ വ്യവസായ മന്ത്രിയായിരുന്നപ്പാഴാണ് കണ്ണൂരിൽ ജില്ലാ വ്യവസായ കേന്ദ്രവും മാങ്ങാട്ടുപറന്പിൽ കെൽട്രോണും ആരംഭിച്ചത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രിയായിരുന്നപ്പോൾ കണ്ണൂർ സിറ്റിയിൽ ജാമിയ ഹംദർദ് സർവകലാശാലാ കേന്ദ്രവും ഏഴിമല നാവിക അക്കാദമിക്കു വേണ്ടി പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ നിർമ്മിച്ച മേൽപാലവും ഇ. അഹമ്മദിന്റെ സംഭാവനകളിൽ ചിലതുമാത്രം.
കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നപ്പോൾ തിരുവനന്തപുരം മുതൽ കാസർഗോഡ് തീവണ്ടിയിൽ സഞ്ചരിച്ചു കേരളത്തിലെ റെയിൽവെ യാത്രാപ്രശ്നം പഠിച്ച അദ്ദേഹം ഭൂരിഭാഗം റെയിൽവെ സ്റ്റേഷനുകളും നവീകരിക്കുകയും 11 മാസം കൊണ്ട് 11 പുതിയ വണ്ടികൾ അനുവദിക്കുകയും ചെയ്തു. കേരളത്തിന്റെ റെയിൽവേ ചരിത്രത്തിലിന്നോളമില്ലാത്ത മാറ്റമായിരുന്നു ഇ. അഹമ്മദ് നടത്തിയത്.
ലോക്സഭയിൽ അംഗമായിരിക്കേ നിര്യാതനാകുന്ന എട്ടാമത്തെ മലയാളി
ലോക്സഭയിൽ അംഗമായിരിക്കേ നിര്യാതനാകുന്ന എട്ടാമത്തെ മലയാളിയാണ് മലപ്പുറത്തിന്റെ പ്രതിനിധിയായ ഇ. അഹമ്മദ്. അഞ്ചാം ലോക്സഭയിൽ അംഗമായിരിക്കെ മഞ്ചേരിയുടെ പ്രതിനിധിയായ മുഹമ്മദ് ഇസ്മായിൽ സാഹിബ് 1972 ഏപ്രിൽ അഞ്ചിന് നിര്യാതനായി. ഇദ്ദേഹത്തിന്റെ ജന്മസ്ഥലം പഴയ മദ്രാസിൽ (ഇന്നത്തെ തമിഴ്നാട്) ആയിരുന്നു.
തിരുവനന്തപുരത്തുനിന്ന് ലോക്സഭയിൽ അംഗമായിരിക്കെ മൂന്നു പേർ നിര്യാതരായി: പി.എസ്. നടരാജപിള്ള (1966 ജനുവരി 10), വി.കെ. കൃഷ്ണമേനോൻ (1974 ഒക്ടോബർ 6), പി.കെ. വാസുദേവൻ നായർ (2005 ജൂലൈ 12) എന്നിവർ. എറണാകുളത്തിന്റെ പ്രതിനിധിയായിരിക്കെ സേവ്യർ അറയ്ക്കൽ (1997 ഫെബ്രുവരി 9), ജോർജ് ഈഡൻ (2003 ജൂലൈ 26) എന്നിവരാണു മരണമടഞ്ഞത്.
കേന്ദ്രമന്ത്രിയായിരിക്കെ നിര്യാതനായ ആദ്യ മലയാളിയാണ് പനന്പിള്ളി ഗോവിന്ദമേനോൻ (1970 മേയ് 23, മുകുന്ദപുരം). ഡോ. കെ.ജി. അടിയോടി (1987 ഒക്ടോബർ 22, കോഴിക്കോട്) ആണ് നിര്യാതനായ മറ്റൊരാൾ. എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന സി.എം.സ്റ്റീഫൻ 1984 ജനുവരി 16 ന് അന്തരിക്കുന്പോൾ കർണാടകയിലെ ഗുൽബർഗയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.
രാജ്യസഭയിൽ അംഗമായിരിക്കെ സി.കെ. ഗോവിന്ദൻ നായർ (1964 ജൂണ് 27), തഴവാ കേശവൻ (1969 നവംബർ 28), ടി.കെ.സി. വടുതല (1988 ജൂലൈ ഒന്ന്), പി. കെ. കുഞ്ഞച്ചൻ (1991 ജൂണ് 14), എൻ.ഇ. ബലറാം (1994 ജൂലൈ 16), കൊരന്പയിൽ അഹമ്മദ് ഹാജി (2003 മേയ് 12), വി.വി. രാഘവൻ (2004 ഒക്ടോബർ 27) എന്നീ കേരള പ്രതിനിധികൾ നിര്യാതരായി. ഒറീസയിൽ നിന്നുള്ള കെ. വാസുദേവ പണിക്കരും 1988 മേയ് മൂന്നിന് നിര്യാതനായി. കേന്ദ്രമന്ത്രി പദത്തിലിരിക്കുന്പോൾ മരണമടയുന്ന രണ്ടാമത്തെ മലയാളിയാണു ലക്ഷദ്വീപുകാരനായ പി.എം. സഈദ്. ഡൽഹിയിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.
കണ്ണൂരിന് വികസനപാത തുറന്ന നഗരപിതാവ്
കണ്ണൂർ: എംഎൽഎയും നഗരസഭാ ചെയർമാനുമായി ഒരേസമയം പ്രവർത്തന മികവ് തെളിയിച്ച നേതാവായിരുന്നു ഇ.അഹമ്മദ്. കൊടുവള്ളി നിയോജക മണ്ഡലത്തിൽ നിന്നു നിയമസഭാംഗമായിരിക്കെയാണ് 1979ൽ അദ്ദേഹം കണ്ണൂരിന്റെ നഗരപിതാവായി മാറിയത്. മുക്കടവ് വാർഡിൽ നിന്നാണ് നഗരസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. അതിനുമുന്പ് നീർച്ചാൽ വാർഡിനെയും അദ്ദേഹം നഗരസഭയിൽ പ്രതിനിധീകരിച്ചിരുന്നു. 1980ൽ താനൂരിൽ നിന്ന് എംഎൽഎ ആയപ്പോഴും നഗരസഭാ ഭരണസാരഥിയായി തുറന്നു. 1982ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ച് വ്യവസായമന്ത്രിയായതോടെയാണ് ചെയർമാൻ സ്ഥാനമൊഴിഞ്ഞത്.
വളരെ ചുരുങ്ങിയ കാലം മാത്രമേ ചെയർമാനായിരുന്നുള്ളുവെങ്കിലും കണ്ണൂരിന്റെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഇ.അഹമ്മദിന് സാധിച്ചു. താവക്കര സബ് വേ, മുനിസിപ്പൽ സ്റ്റേഡിയവും ഷോപ്പിംഗ് കോംപ്ലക്സും , പ്രസ് ക്ലബിന് സമീപത്തെ റെയിൽവേ ഫുട്ഓവർ ബ്രിഡ്ജ് തുടങ്ങിയവ അഹമ്മദ് ചെയർമാനായിരിക്കെ മുൻകൈയെടുത്തു നിർമിച്ചതാണ്. ഡൽഹിയിലെത്തി റെയിൽവേ മന്ത്രിയെ നേരിട്ടുകണ്ടാണ് ഫുട് ഓവർബ്രിഡ്ജ് യാഥാർഥ്യമാക്കിയത്.
കണ്ണൂർ നഗരസഭാ ഓഫീസിനോട് ചേർന്ന അനക്സ് കെട്ടിടവും ഇക്കാലത്ത് നിർമിച്ചതാണ്. കേന്ദ്ര സഹമന്ത്രിയായിരിക്കുന്പോഴും കണ്ണൂരിന്റെ വികസനകാര്യങ്ങൾ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ വികസനകാര്യത്തിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു.
അതിർത്തികൾ കടന്ന നയതന്ത്രം
വി. മനോജ്
മലപ്പുറം: ലോകരാജ്യങ്ങൾക്കിടയിലെ നയതന്ത്ര മേഖലയിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ അടയാളമായിരുന്നു ഇ.അഹമ്മദ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒട്ടേറെ രാജ്യങ്ങളിൽ അതിഥിയായി എത്തിയ അദ്ദേഹത്തിന്റെ ഭാഷാപ്രാവീണ്യവും നയതന്ത്രമികവും ലോകപരിചയവും ഏറെ പ്രശംസിക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭ ഉൾപ്പെടെയുള്ള ആഗോളവേദികളിൽ ഇന്ത്യയുടെ ഉറച്ച ശബ്ദമായി അഹമ്മദ് മാറി. യൂറോപ്പ്, ആഫ്രിക്ക, ഗൾഫ് മേഖലകളിൽ ഇന്ത്യൻ പാർലമെന്റിനെ പ്രതിനിധീകരിച്ച സംഘത്തിന്റെ തലവനായിരുന്നു അദ്ദേഹം.മൂന്നര പതിറ്റാണ്ട് മുന്പ് ഇന്ത്യൻ പാർലമെന്റിലെത്തിയ അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആഗോള വേദികൾ നിരവധിയാണ്.
1984 ൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ വാണിജ്യസംഘത്തെ നയിച്ച് തുടങ്ങി വച്ച നയതന്ത്രയജ്ഞം ഇ. അഹമ്മദ് അവസാന കാലം വരെ മുന്നോട്ടു കൊണ്ടു പോയി. ഗൾഫ് രാജ്യങ്ങളിൽ ഭാരതത്തിന്റെ മുഖവും ശബ്്ദവുമൊക്കെയായിരുന്നു അദ്ദേഹം.ഇന്ദിരാഗാന്ധിയുടെ കാലം മുതൽ അഹമ്മദിനെ ഇന്ത്യാ സർക്കാർ നയതന്ത്രപരമായ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചിരുന്നു. 1992 മുതൽ ’97 വരെ തുടർച്ചായി ആറു തവണ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ ഇന്ത്യൻ പ്രതിനിധിയായി അദ്ദേഹത്തെ അയച്ചത് സർക്കാരിന് അദ്ദേഹത്തിലുള്ള മതിപ്പും ആത്്മവിശ്വാസവും കൊണ്ടാണ്.
1997 ലെ ഹജ്ജ് തീർഥാടനകാലത്തുണ്ടായ മിനാദുരന്തത്തെ തുടർന്നുള്ള ഇന്ത്യൻ സംഘത്തെ നയിച്ചതും അഹമ്മദായിരുന്നു.1995 ൽ നടന്ന ലോക സോഷ്യൽ സമ്മിറ്റിൽ ഇന്ത്യൻ ശബ്്ദമായി ഇ. അഹമ്മദ് മാറി. ബ്രിട്ടീഷ് കോമണ്വെൽത്ത് സമ്മേളനം, ജോർദാൻ പാർലമെന്ററി സമ്മേളനം, കൊളംബോ സഹകരണ സമ്മേളനം, സുഡാൻ സമാധാന സംഗമം, മൗറീഷ്യസ് ദ്വീപം സംഗമം, അൾജിയേഴ്്സ് അറബ് ലീഗ് സമ്മേളനം, ഓസ്ലോയിൽ നടന്ന സുഡാൻ സഹായ സമ്മേളനം, ഖത്തർ ജി 77 സമ്മേളനം, യുഎൻ സാന്പത്തിക സഹായ സമ്മേളനം തുടങ്ങി അദ്ദേഹം ഇന്ത്യക്കു വേണ്ടി പങ്കെടുത്ത ആഗോള സമ്മേളനങ്ങൾ ഒട്ടനവധിയാണ്.
അറബ് ലോകത്തെ രാഷ്ട്രീയ അസ്ഥിരതയെയും സമാധാന ഭംഗത്തെയും തുടർന്നുണ്ടായ ആഗോളസാഹചര്യങ്ങളിൽ ഇ.അഹമ്മദ് ഇന്ത്യയുടെ പ്രതിനിധിയായി ചർച്ചകളിൽ പങ്കെടുത്തിരുന്നു. പലസ്തീൻ, സിറിയ തുടങ്ങി വിവിധ രാജ്യങ്ങളിലെ പ്രശ്്നപരിഹാരങ്ങൾക്കുള്ള ആഗോള ചർച്ചകളിൽ അദ്ദേഹം വളരെ വിലപ്പെട്ട നിർദേശങ്ങളാണ് നൽകിയത്. ടെഹ്റാനിൽ നടന്ന റിംസ് കോണ്ഫറൻസ്, ഖാർത്തൂം അറബ്ലീഗ് സംഗമം, ദോഹ ജിസിസി സമ്മിറ്റി, സിയോൾ ഏഷ്യൻ സഹകരണ സംഗമം എന്നിവയിലും അഹമ്മദ് പങ്കെടുത്തു. താഷ്കന്റ്, ന്യൂയോർക്ക്, കസാക്കിസ്ഥാൻ, ഖത്തർ, ഹവാന, റിയാദ്, ഖാർത്തും തുടങ്ങി ലോകത്തിലെ വിവിധ നഗരങ്ങളിൽ വിവിധ വർഷങ്ങളിൽ നടന്ന ആഗോള സംഗമങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ഇ.അഹമ്മദായിരുന്നു.
വിദേശ രാജ്യങ്ങളിലുണ്ടായ രാഷ്ട്രീയ അട്ടിമറികളിലും ദുരന്തങ്ങളിലും ഉൾപ്പെട്ട ഇന്ത്യക്കാർക്കായി ആദ്യം ഓടിയെത്താൻ ഇന്ത്യാ സർക്കാർ നിയോഗിച്ചത് അദ്ദേഹത്തെയാണ്. ഇന്ദിരാഗാന്ധിയുടെ കാലം മുതൽ തുടങ്ങിയ ആ നയതന്ത്ര മികവ് പിൽക്കാലത്ത് ബിജെപിയുടെ ഭരണകാലത്തും വിദേശകാര്യമന്ത്രാലയങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നുവെന്നത് ശ്രദ്ധേയകരമാണ്.
മലപ്പുറത്തിന്റെ പ്രിയനേതാവ്
മലപ്പുറം: കണ്ണൂരിൽ ജനിച്ച മലപ്പുറത്തുകാരനായിരുന്നു ഇ.അഹമ്മദ്. മലപ്പുറത്തിന്റെ മണ്ണിലൂടെ നടന്നാണ് അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിലും ആഗോള നയതന്ത്ര വേദികളിലും തിളങ്ങിയത്. മുസ്്ലിംലീഗിന്റെ കൊടിക്കീഴിൽ തെരഞ്ഞെടുപ്പുകളെ നേരിട്ട അദ്ദേഹത്തെ മലപ്പുറത്തെ വോട്ടർമാർ എന്നും നെഞ്ചോടുചേർത്തു നിർത്തി. എതിരാളികൾക്ക് പോലും സമ്മതനായിരുന്നു അദ്ദേഹം. എതിരാളികളുടെ രാഷ്ട്രീയ തന്ത്രങ്ങളെ മണത്തറിഞ്ഞ രാഷ്ട്രീയക്കാരനുമായിരുന്നു അഹമ്മദ്്.
അതു കൊണ്ടു തന്നെ സമകാലീന മുസ്്ലിം ലീഗ് നേതാക്കളിൽ മലപ്പുറത്തിന്റെ മണ്ണിൽ തെരഞ്ഞെടുപ്പിൽ തോൽവി അറിയാത്ത നേതാവുമാണ് അദ്ദേഹം. പാർലമെന്ററി രാഷ്ട്രീയത്തിൽ 1967 ൽ കണ്ണൂരിൽ വച്ച വിജയച്ചുവടുകൾ പിന്നീട് അദ്ദേഹം മലപ്പുറത്തേക്ക് നീട്ടിവച്ചു. കണ്ണൂരിൽ ഒരിക്കലേറ്റ തേൽവി പിന്നീട് അദ്ദേഹത്തെ പിടികൂടിയില്ല. മലപ്പുറം എന്നും അദ്ദേഹത്തെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ചാണ് പോന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വന്നില്ലെങ്കിലും മുസ്ലിംലീഗ് സ്ഥാനാർഥികൾ വിജയിച്ചിരുന്ന മലപ്പുറത്തിന്റെ പഴയ രാഷ്ട്രീയ പാരന്പര്യത്തിലെ കണ്ണിയായിരുന്നു അദ്ദേഹം. പാർലിമെന്റിലേക്ക് ഇ.അഹമ്മദിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്പോൾ തന്നെ മുസ്്ലിം ലീഗ് വിജയമുറപ്പിച്ചിരുന്നു. പിന്നീട് മലപ്പുറത്തിന്റെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ അവസാന തെരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിനും പ്രാചരണം ശക്തമാക്കേണ്ടി വന്നിരുന്നെങ്കിലും പരാജയത്തെ ഭയപ്പെടേണ്ടി വന്നിട്ടില്ല. സംസ്ഥാന നിയമസഭയിലും ഇന്ത്യൻ പാർലിമെന്റിലും പതിറ്റാണ്ടുകളുടെ ഭരണസാന്നിധ്യമറിച്ച കേരളത്തിൽ നിന്നു അപൂർവം നേതാക്കളിലൊരാളാണ് ഇ.അഹമ്മദ്.
1980 ലാണ് അദ്ദേഹം മലപ്പുറത്തിന്റെ സ്ഥാനാർഥിയായി രംഗപ്രവേശനം ചെയ്തത്. താനൂർ മണ്ഡലത്തിൽ മൽസരിച്ച അഹമ്മദ് കോണ്ഗ്രസിലെ യു.കെ.ഭാസിയെ കാൽലക്ഷത്തോളം വോട്ടിന് തോൽപ്പിച്ചാണ് വിജയയാത്ര തുടങ്ങിയത്. 1982 ലെ തെരഞ്ഞെടുപ്പിൽ താനൂരിൽ വൻവിജയം ആവർത്തിച്ച അദ്ദേഹം കേരള വ്യവസായ മന്ത്രിയുമായി. 1987 ലെ തെരഞ്ഞെടുപ്പിൽ അഹമ്മദിനു താനൂരിലെ വോട്ടർമാർ ഹാട്രിക് വിജയവും സമ്മാനിച്ചു. പിന്നീട് കേരള രാഷ്്ട്രീയത്തിൽ നിന്ന് മാറി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടു വെച്ച അദ്ദേഹത്തിന് അവിടെയും പിഴച്ചില്ല.
ജനപ്രീതിയുള്ള നേതാവായി അദ്ദേഹം വളർന്നു. കേരളത്തിൽ ഗ്രാമീണ വികസന ബോർഡിന്റ് സ്ഥാപക ചെയർമാനായും സിഡ്കോ ചെയർമാനായും ഇടക്കാലത്ത് അദ്ദേഹം സേവനമനുഷ്ഠിച്ചു. 1991 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഞ്ചേരിയിൽ നിന്ന് പാർലമെന്റിലേക്കുള്ള ആദ്യവിജയം നേടിയ അദ്ദേഹം പിന്നീട് വിജയരഥത്തിൽ മുന്നേറുകയായിരുന്നു. തുടർച്ചായ മൂന്നു പാർലിമെന്റ് തെരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തെ മഞ്ചേരി വിജയിപ്പിച്ചു. 2004 ലെ തെരഞ്ഞെടുപ്പിൽ പൊന്നായിലേക്ക് മാറിയ അദ്ദേഹം അവിടെയും വിജയമാവർത്തിച്ചു.
മുസ്്ലിം ലീഗിന്റെ മുൻനേതാവ് ജി.എം.ബനാത്ത് വാലയുടെ നിര്യാണത്തെ തുടർന്ന് പൊന്നാനിയിൽ അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരനായാണ് അഹമ്മദ് പാർലമെന്റിൽ എത്തിയത്. പൊന്നായിലെ ആദ്യ വിജയം അദ്ദേഹത്തെ എത്തിച്ചത് കേന്ദ്രമന്ത്രി പദത്തിലാണ്. കേന്ദ്രവിദേശ കാര്യമന്ത്രിയായ അദ്ദേഹം വിദേശ രാജ്യങ്ങളിൽ, ഗൾഫ് നാടുകളിൽ പ്രത്യേകിച്ച് ഇന്ത്യയുടെ കരുത്തുറ്റ ശബ്ദമായി. 2009 ലെ തെരഞ്ഞെടുപ്പിൽ പുതിയ മണ്ഡലമായ മലപ്പുറത്ത് മൽസരിച്ച അദ്ദേഹം അവിടെയും ജനപ്രീതിയുടെ വിജയമാഘോഷിച്ചു.
തുടർന്നുള്ള രണ്ട് വർഷം അഹമ്മദ് കേന്ദ്ര റെയിൽവെ സഹമന്ത്രിയുമായിരുന്നു. തുടർന്ന് വീണ്ടും വിദേശകാര്യ മന്ത്രിപദത്തിലെത്തി. 2009 തെരഞ്ഞെടുപ്പിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് വീണ്ടും ഇന്ദ്രപ്രസ്ഥത്തിലെത്തിയ അദ്ദേഹം ആരോഗ്യപരമായ പരിമിതികൾക്കിടയിലും മലപ്പുറത്തിന്റെ വികസനത്തിനായി പ്രയത്നിക്കുകയായിരുന്നു.
അഹമ്മദിനു മലപ്പുറത്തു നിന്നു ലഭിച്ച തെരഞ്ഞെടുപ്പു വിജയങ്ങൾ എന്നും വലുതായിരുന്നു. കൂറ്റൻ ഭൂരിപക്ഷത്തിനാണ് അദ്ദേഹത്തെ ഓരോ തവണയും വോട്ടർമാർ വിജയരഥത്തിലേറ്റിയത്. മലപ്പുറത്തിന്റെ വികസനത്തിൽ കയ്യൊപ്പ് ചാർത്തിയ നേതാവാണ് അദ്ദേഹം. കേന്ദ്ര സർക്കാരിൽ നിന്നു പദ്ധതികൾ നേടിയെടുക്കുന്നതിൽ ഏറെ വിജയിച്ചു.
കരിപ്പൂർ വിമാനത്താവളം, പെരിന്തൽമണ്ണയിലെ അലിഗഡ് യൂനിവേഴ്സിറ്റി കാന്പസ്, മലപ്പുറത്തെ പാസ്പോർട്ട് ഓഫീസ്, എയർ ഇന്ത്യ ഓഫീസ് തുടങ്ങിയവ അദ്ദേഹം ഡെൽഹിയിൽ ചെലുത്തിയ സ്വാധീനത്തിന്റെ സാഫല്യങ്ങളാണ്. കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് എന്നും അദ്ദേഹം അത്താണിയായിരുന്നു. കേരളത്തിന്റെ ഹജ്ജ് ക്വാട്ട വർധിപ്പിക്കുന്നതിൽ സുപ്രധാന പങ്കാണ് അദ്ദേഹം വഹിച്ചത്.
കേന്ദ്ര റെയിൽവെ സഹമന്ത്രിയായിരിക്കെ അഹമ്മദ് നടത്തിയ പ്രവർത്തനങ്ങൾ ജില്ലയുടെ റെയിൽഗതാഗത വികസനത്തിൽ പ്രധാന പങ്കുവഹിച്ചു. റെയിൽവെ സ്റ്റേഷനുകളുടെ വികസനം അതിൽ സുപ്രധാനമായിരുന്നു. അന്താരാഷ്ട്ര വേദികളിൽ തിളങ്ങി നിന്നപ്പോഴും മലപ്പുറത്തെ സാധാരണക്കാരുമായി അടുത്തിടപഴകിയ നേതാവായിരുന്നു ഇ.അഹമ്മദ്.
പ്രവാസി കുടുംബങ്ങൾ ഏറെയുള്ള മലപ്പുറത്തുകാരുടെ ഗൾഫിലെ പ്രശ്നങ്ങളിൽ അദ്ദേഹം നിരന്തരം ഇടപെട്ടു. ഗൾഫ് രാജ്യങ്ങളിൽ നിയമക്കുരുക്കുകളികപ്പെട്ടും തൊഴിൽ പ്രശ്്നങ്ങളിൽ കുടുങ്ങിയും ദുരിതമനുഭവിച്ച ആയിരങ്ങൾക്ക് അദ്ദേഹത്തിന്റെ ഇടപെടലുകൾ വലിയ ആശ്വാസമാണ് നൽകിയത്.
കണ്ണൂർ ജില്ലയിൽ നാളെ ഹർത്താൽ
കണ്ണൂർ: മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയും പാർലമെന്റംഗവുമായ ഇ.അഹമ്മദിന്റെ ദേഹവിയോഗത്തിൽ അനുശോചിച്ച് നാളെ കണ്ണൂർ ജില്ലയിൽ ഹർത്താൽ ആചരിക്കുവാൻ സർവകക്ഷി ആഹ്വാനം.
രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. കടകന്പോളങ്ങൾ അടച്ച് ഹർത്താലുമായി സഹകരിക്കണമെന്ന് വിവിധ രാഷ് ട്രീയ പാർട്ടി നേതാക്കളായ പി.ജയരാജൻ(സിപിഎം), സതീശൻ പാച്ചേനി(കോണ്ഗ്രസ്), പി.കുഞ്ഞിമുഹമ്മദ് (മുസ്ലിം ലീഗ്) , പി.സത്യപ്രകാശ് (ബിജെപി), പി.സന്തോഷ്കുമാർ (സിപിഐ), കെ.പി.മോഹനൻ (ജനതാദൾ-യു), പി.പി.ദിവാകരൻ (ജനതാദൾ-എസ്), ജോയ്സ് പുത്തൻപുര (കേരള കോണ്ഗ്രസ്-എം), ഇല്ലിക്കൽ ആഗസ്തി (ആർഎസ്പി), കെ.എ.ഫിലിപ്പ് (കേരള കോണ്ഗ്രസ് ജേക്കബ്), കെ.കെ.ജയപ്രകാശ് (കോണ്ഗ്രസ്-എസ്), വി.പി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ(എൻസിപി)തുടങ്ങിയവർ ആഹ്വാനം ചെയ്തു. വാഹനങ്ങൾ, പത്രം, പാൽ വിതരണം എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇ.അഹമ്മദിന്റെ ഖബറടക്കം നാളെ കണ്ണൂരിൽ
കണ്ണൂർ: മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദ് (78) എംപിയുടെ ഖബറടക്കം നാളെ ഉച്ചയ്ക്ക് ഒന്നിന് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഇന്നു രാത്രി ഭൗതികദേഹം കണ്ണൂർ താണയിലെ വീട്ടിലെത്തിക്കും.
നാളെ രാവിലെ എട്ടു മുതൽ കണ്ണൂർ കോർപറേഷൻ ഓഫീസ് കോന്പൗണ്ടിലും 11.30 മുതൽ കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാംസഭ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലും പൊതുദർശനത്തിന് വച്ചശേഷമായിരിക്കും ഖബറടക്കം.