പാലാ: കാരുണ്യപ്രവൃത്തികൾ ചെയ്യണമെന്ന് മറ്റുള്ളവരോട് പറയുക മാത്രമല്ല സ്വന്തം വൃക്ക ദാനം ചെയ്തു മാതൃകയാകുകയാണ് പാലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി പുരയിടത്തിൽ സെബാസ്റ്റ്യൻ ജോസഫ് (ബേബിച്ചൻ). നിർധന കുടുംബാംഗവും അന്യമതത്തിൽപ്പെട്ടതുമായ ഇരുപത്തിമൂന്നുകാരനാണ് ബേബിച്ചൻ തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്തത്.
എറണാകുളം പിവിഎസ് ഹോസ്പിറ്റലിൽ ഇന്നലെ നടന്ന ശസ്ത്രക്രിയയിലൂടെ ആലപ്പുഴ മുഹമ്മ സ്വദേശി വിഷ്ണുവിൽ ബേബിച്ചന്റെ വൃക്ക സ്പന്ദിച്ചു തുടങ്ങി. സ്വന്തം ചെലവിൽ ടെസ്റ്റുകൾ നടത്തി സൗജന്യമായാണ് ബേബിച്ചൻ വൃക്ക ദാനം ചെയ്തത്. ഈ സംരംഭത്തിന് പാലാ പേഷ്യന്റ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ജിജി പറമുണ്ട മുൻകൈയെടുത്തു.
പാലാ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് 25 വർഷമായി ജീവകാരുണ്യ മേഖലയിൽ സജീവമാണ്. ചികിത്സാസഹായത്തിനു പുറമെ പാലായിലെ മൂന്നു ഗവ. ആശുപത്രികളിലും 25 വർഷമായി എല്ലാ ദിവസവും ഭക്ഷണം നൽകി വരികയും ചെയ്യുന്നു. ഇടമലക്കുടി ആദിവാസി മേഖലയിലും മറയൂരും ഭക്ഷണവും വസ്ത്രവും മറ്റു സഹായവുമെത്തിച്ച കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ മെഡിക്കൽ ക്യാമ്പുകളും നടത്തുകയുണ്ടായി.
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ കാണിച്ച മാതൃകയാണ് ട്രസ്റ്റിന് പ്രചോദനമായിരിക്കുന്നതെന്ന് ട്രസ്റ്റ് രക്ഷാധികാരി പാപ്പച്ചൻ കയ്യാലയ്ക്കകവും ചെയർമാൻ കുര്യൻ ജോസഫ് പൂവത്തിങ്കലും പറഞ്ഞു.