കോട്ടയം: യുവാവിനെ സുഹൃത്ത് കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽ കൂടുതൽ പ്രതികളുണ്ടെന്നു അഭിജിത്തിന്റെ മാതാപിതാക്കൾ ആരോപിച്ചു.കഴിഞ്ഞ 26നു മൈലാടിക്കര പള്ളിയിൽ പെരുന്നാളിൽ പങ്കെടുക്കാൻ പോയ കാഞ്ഞിരം സ്വദേശി അഭിജിത്തിനെ കാണാതാകുകയും ഒരു ദിവസത്തിനുശേഷം സമീപത്തെ കിണറ്റിൽനിന്നു മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു.
അടുത്തദിവസം മരണം കൊലപാതകമാണെന്നു കണ്ടെത്തിയ പോലീസ് പ്രതി ജിജോയെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ ദുരൂഹതകളുണ്ടെന്നു മാതാപിതാക്കളും ആക്ഷൻ കൗണ്‍സിൽ ഭാരവാഹികളും പറയുന്നു. സംഭവശേഷം പലതവണ കിണറ്റിൽ പരതിയെങ്കിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല. മൃതദേഹം കിണറ്റിൽനിന്നു കണ്ടെടുത്തുവെന്നു പോലീസ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ എത്തുന്പോഴേക്കും മൃതദേഹം പുറത്തെടുത്തിരുന്നു.
മൃതദേഹം വെള്ളത്തിൽ കിടന്നതിന്റേതായ ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. മൃതദേഹത്തിന്റെ പിൻഭാഗത്തു വലിച്ചിഴച്ച രീതിയിൽ തൊലി പോയ നിലയിലായിരുന്നു. മാത്രമല്ല, അഭിജിത് പോയ ജിജോയുടെ വീട്ടിൽ ഒന്നിലേറെ തവണ മാതാപിതാക്കൾ രാത്രി തന്നെ വീട്ടിൽ എത്തിയെങ്കിരുന്നുവെങ്കിലും വീട്ടിനുള്ളിലേക്കു കയറാൻ മാതാപിതാക്കൾ അനുവദിച്ചിരുന്നില്ല.
മൃതദേഹം പുറത്തെടുക്കുന്നതുമായി ബന്ധപ്പെട്ട പോലീസ് കാണിച്ച ദൃശ്യങ്ങളിലൊന്നും മൃതദേഹം കിണറ്റിനുള്ളിൽ കിടക്കുന്ന ദൃശ്യങ്ങളൊന്നും ഇല്ലായിരുന്നുവെന്നും മാതാപിതാക്കൾ ആരോപിച്ചു.