തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ പരിഷ്കരങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം പിറകോട്ടു പോകുമെന്ന് കെ. മുരളീധരൻ എംഎൽഎ. പേരൂർക്കട കോണ്കോഡിയ യുപി സ്കൂളിൽ ആരംഭിച്ച സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതിഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.
സിവിൽ സർവീസ് പോലുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് പ്രൈമറി തലം മുതൽ തന്നെ പരിശീലനം ആവശ്യമാണ്. ഇത്തരത്തിൽ പരിശീലിപ്പിച്ചെങ്കിൽ മാത്രമേ കേരളത്തിൽ നിന്നും കൂടുതൽ പേരെ കേന്ദ്ര സർവീസിലേക്ക് അയക്കുവാൻ കഴിയുകയുള്ളൂ എന്നും അദേഹം പറഞ്ഞു. ലൂഥറൻ സഭ ട്രസ്റ്റിയും സ്കൂൾ മാനേജരുമായ റവ. എം. മോഹനൻ അധ്യക്ഷത വഹിച്ചു.
മൗലാന അബ്ദുൾ കലാം ആസാദ് എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ തൈക്കൂട്ടത്തിൽ സക്കീർ ഹുസൈൻ മുഖ്യാതിഥിയായിരുന്നു. ബ്രെയിൻ ഒാൾ ഇന്ത്യ സിവിൽ സർവീസ് അക്കാദമി ഡയറക്ടർ എൻ. വി. മാധവൻ, അക്കാദമിക് പ്രമോഷൻസ് മാനേജർ ബൈജു വി. മാത്യു, എൻ. ആർ. മേനോൻ, പി. ചിന്മയൻ നായർ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലതാകുമാരി, പിടിഎ പ്രസിഡന്റ് മാജി തുടങ്ങിയവർ പ്രസംഗിച്ചു. ബ്രെയിൻ ആൾ ഇന്ത്യ സിവിൽ സർവീസ് അക്കാദമിയുമായി സഹകരിച്ചാണ് സൗജന്യ സിവിൽ സർവീസ് പരിശീലനം.