തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രത്തിനൊപ്പം സായി പല്ലവി തമിഴില്‍ ചുവടുറപ്പിക്കുന്നത് കാത്തിരിക്കുകയായിരുന്നു ആരാധകവൃന്ദങ്ങള്‍. എന്നാല്‍ സായിക്ക് പകരം തമന്നയാണ് വിക്രത്തിനൊപ്പം അഭിനയിക്കുന്നതെന്നാണ് പുതിയ വാര്‍ത്തകള്‍. വിജയ് ചന്ദര്‍ സംവിധാനം ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങിയ സായി പല്ലവി ചിത്രത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്നാണ് ചിത്രത്തില്‍ തമന്ന നായികയാകുന്നത്.
ഇതോടെ സായിയുടെ തമിഴ് അരങ്ങേറ്റത്തിന് ഇനിയും ആരാധകര്‍ കാത്തിരിക്കേണ്ടിവരും. ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണമാണ് സായി ചിത്രത്തില്‍ നിന്ന് ഒഴിവായത്. ചിത്രത്തിനായി കൃത്യമായ ഡേറ്റ് നല്‍കിയിരുന്നതാണ്. എന്നാല്‍ പ്രൊജക്ട് പറഞ്ഞ സമയത്ത് തുടങ്ങാത്തതിനാലാണ് സിനിമയില്‍ നിന്നു മാറേണ്ടിവന്നതെന്ന് സായിയോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.
ഓഗസ്റ്റില്‍ റിലീസിനൊരുങ്ങുന്ന ഗൗതം മേനോന്‍ ചിത്രം ധ്രുവനച്ചത്തിരത്തിന് വിക്രം കൂടുതല്‍ പ്രാധാന്യം നല്‍കിയെന്നും ഇതിന്‍റെ ഷൂട്ടിംഗ് പകുതി തീര്‍ന്ന ശേഷമേ വിജയ്ചന്ദര്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗിന് വിക്രം എത്തുകയുള്ളൂവെന്നും റിപ്പോര്‍ട്ടുണ്ട്.
ഇതോടെയാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നീണ്ടു പോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായിരുന്ന ചാര്‍ലിയുടെ തമിഴ് പതിപ്പില്‍ സായിയാണ് നായിക. ഇതിനുവേണ്ടിയാണ് താരം മാറിയതെന്നാണ് സംവിധായകന്‍റെ പക്ഷക്കാര്‍ പറയുന്നത്. എന്തായാലും സായിക്ക് പകരം നറുക്കു വീണതിന്‍റെ ത്രില്ലിലാണ് തമന്ന.