ഇരിങ്ങാലക്കുട: യുവാവിനെ സംഘം ചേർന്ന് മർദ്ദിക്കുകയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുക യുംചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. തുന്പൂർ കണ്ണന്പുഴ വീട്ടിൽ വർഗീസിന്റെ മകൻ റിജോയ് (39)നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
സംഭവത്തെത്തുടർന്ന് ഒളിവിലായിരുന്ന പുത്തൻചിറ സ്വദേശികളായ ശാന്തിനഗറിൽ ലോലൻ ബിജു എന്ന ബിജു (42), അടയണിപറന്പിൽ കോഴി സലിം എന്ന സലിം (36), കണ്ണംപുഴ വീട്ടിൽ ഷെൽബിൻ എന്ന കോലൻ ഷെൽബിൻ (41), തുന്പൂർ ചൂണ്ടേപറന്പിൽ ജിംസൻ (45) എന്നിവരെയാണ് ഇരിങ്ങാലക്കുട സിഐ എം.കെ സുരേഷ് കുമാറും സംഘവും വിവിധ സ്ഥലങ്ങളിൽ നിന്നും പിടികൂടിയത്.
പ്രതിയായ ചൂണ്ടേപറന്പിൽ ജിൻസനെ കഴിഞ്ഞവർഷം പരിക്കേറ്റ റിജോയ് ആക്രമിക്കുകയും വീട് തല്ലിപൊളിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിറകിലെന്നു പോലിസ് പറഞ്ഞു. റിജോയെ ആദ്യം
ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്വാസകേശത്തിനേറ്റ മുറിവ് ഗുരുതരമായതിനാൽ എറണാകുളത്തേക്ക് മാറ്റുകയായിരുന്നു.
റിജോയുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.പ്രതികളായ ബിജു, സലിം, ഷെൽബിൻ എന്നിവർക്കെതിരെ മാള, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പലതവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
പരിക്കേറ്റ റിജോയ് ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവനുമാണെന്നു പോലിസ് പറഞ്ഞു. ആക്രമണത്തിന് ശേഷം പ്രതികൾ പാലക്കാട് നെല്ലിയാന്പതിയിൽ ഒളിവിൽ താമസിക്കുകയായിരുന്നു. പോലിസ് അവിടെയെത്തുമെന്നറിഞ്ഞ പ്രതികൾ അയൽ സംസ്ഥാനത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണു പിടിയിലായത്.