പിറവം: “സേവ് പിറവം പുഴ’ എന്ന സംഘടന രൂപീകരിച്ച് പുഴയിൽ നിന്നു ശേഖരിച്ചത് ഒന്നര ടണ്ണോളം മാലിന്യം. പ്ലാസ്റ്റിക് കുപ്പികളും, അറവു മാലിന്യമുൾപ്പെടെയുള്ളവയുടെ സംസ്കരണം ശുചിത്വമിഷൻ ഏറ്റെടുക്കാമെന്ന് അറിയിച്ചെങ്കിലും ഇവർ കൈയൊഴിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കളക്ടറെ വീണ്ടും സമീപിക്കാൻ തയാറെടുക്കുകയാണ് പ്രവർത്തകർ. പുഴയിൽ നിന്നു ശേഖരിച്ച മാലിന്യം വള്ളത്തിൽ പുഴയോരത്ത് സൂക്ഷിച്ചിരിക്കുകയാണ്.
ഇനിയും ധാരാളം മാലിന്യങ്ങൾ പുഴയിലുള്ളതിനാൽ വള്ളത്തിലുള്ളവ നീക്കം ചെയ്തെങ്കിലെ വീണ്ടും ശേഖരിക്കാനാവൂ. നാല് വന്പൻ കുടിവെള്ള പദ്ധതികളുടെ പ്രധാന സ്രോതസായ പിറവം പുഴ മലിനമായിക്കൊണ്ടിരിക്കുന്നതിനെ തുടർന്നാണ് നഗരസഭ സ്ഥിരംസമിതി ചെയർമാൻ ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ “സേവ് പിറവം പുഴ’ എന്ന പേരിൽ എതാനും സന്നദ്ധ പ്രവർത്തകരായ യുവാക്കളുടെ സഹകരണത്തോടെ പുഴ ശുചീകരണം ആരംഭിച്ചത്.
വേനൽ കടുത്തതോടെ നീരൊഴുക്ക് കുറയുകയും പുഴയിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെയാണ് മാലിന്യം കുമിഞ്ഞുകൂടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പന്പിംഗ് സ്റ്റേഷനുകളുടെ സമീപം അറവ് മാലിന്യങ്ങളടക്കമുള്ളവ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയിരുന്നു.പുഴയുടെ മേൽത്തട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക്ചില്ലു കുപ്പികളും, മറ്റു മാലിന്യങ്ങളും ഏറെക്കുറെ നീക്കം ചെയ്തെങ്കിലും ഇനിയും അവശേഷിക്കുന്നുണ്ട്.
നിലവിലുള്ളവ സംസ്കരിക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ വികസന സമിതിയംഗം കൂടിയായ ജിൽസ് പെരിയപ്പുറം സമിതി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഈ യോഗത്തിലാണ് ശുചിത്വ മിഷനോട് മാലിന്യം ഏറ്റെടുത്ത് സംസ്കരിക്കാൻ കളക്ടർ ആവശ്യപ്പെട്ടത്. ശുചിത്വ മിഷന്റെ ജില്ലാ ഓഫീസർ പിറവത്തെത്തി പരിശോധന നടത്തിയിരുന്നു. ഇത്രയും മാലിന്യം ഏറ്റെടുക്കാൻ സാധ്യമല്ലെന്ന് പറഞ്ഞ് ഇവർ മടങ്ങുകയായിരുന്നു. ഇതുമൂലമാണ് മാലിന്യങ്ങൾ പുഴയോരത്ത് തന്നെ സൂക്ഷിച്ചിരിക്കുന്നത്.