തൊടുപുഴ: ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ എടുത്തവർ വെട്ടിൽ. ഇഴഞ്ഞിഴഞ്ഞ് ഇതു നീങ്ങുന്നതു കണ്ട് പരാതിപ്പെട്ടിട്ടും കാര്യമില്ല. തകരാർ പരിഹരിക്കാതെ അധികൃതർ ഉപയോക്താക്കളെ കറക്കി കൊണ്ടേയിരിക്കും. കസ്റ്റമർ കെയറിൽ വിളിച്ചാൽ പോലും പലപ്പോഴും കിട്ടാറില്ല. പഴയ കേബിളുകൾ ഇന്റർനെറ്റ് സംവിധാനത്തെ സാരമായി ബാധിക്കുകയാണ്. ഇതു മാറ്റിയിടാനുള്ള നടപടികളും ഇല്ല.
ലാൻഡ് ഫോണുകൾ പലരും ഇതോടെ ഒഴിവാക്കി കഴിഞ്ഞു. തകരാർ വന്നാൽ പരിഹരിക്കുന്ന കാര്യത്തിൽ അധികൃതർ കാണിക്കുന്ന താത്പര്യമില്ലായ്മയാണ് ഉപയോക്താക്കളെ ലാൻഡ് ഫോണ്‍ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്. മൊബൈൽഫോണ്‍ കണക്ഷനുകളുടെ കാര്യവും വ്യത്യസ്തമല്ല. ടവറിനു തൊട്ടു താഴെ നിന്നു വിളിച്ചാലും കണക്ഷൻ കിട്ടാറില്ല. ഉപയോക്താക്കൾ മണിക്കൂറുകളോളം പരിധിക്ക് പുറത്താണ്.
സ്വകാര്യ കന്പനികൾ ഇന്റർനെറ്റ് സൗകര്യം ദിനം പ്രതി വികസിപ്പിച്ചു കൊണ്ടിരിക്കുന്പോഴാണ് ബിഎസ്എൻഎലിന്റെ അവഗണന. 3ജിയുണ്ടെന്ന് പറയുന്നിടത്തു പോലും 2ജി ആണ് ലഭിക്കുന്നത്. സംസാരത്തിനിടയിൽ മറ്റു സംഭാഷണങ്ങൾ കയറി വരിക, ഫോണ്‍ ഓണ്‍ ആയിരിക്കുന്പോഴും സ്വിച്ച് ഓഫ് ആണെന്ന സന്ദേശം ലഭിക്കുക തുടങ്ങി ബിഎസ്എൻഎൽ മൊബൈൽ നെറ്റ്വർക്കിനെ കുറിച്ചുള്ള പരാതികൾ നിരവധിയാണ്.
ടൗണിലെ 200 മീറ്റർ ചുറ്റളവിൽ പൂർണമായി റേഞ്ച് ലഭിക്കാറില്ല. 3ജി സംവിധാനം ഏർപ്പെടുത്തിയെങ്കിലും ഇത് എവിടെയൊക്കെ ലഭ്യമാണെന്നും ഉപയോക്താക്കൾക്ക് അറിയിപ്പ് ലഭിക്കുന്നില്ല. ബിഎസ്എൻഎൽ മൊബൈലിലേയ്ക്ക് ഒരു കോൾ ചെയ്യാൻ കുറഞ്ഞത് അഞ്ച് പ്രാവശ്യമെങ്കിലും വിളിക്കേണ്ട അവസ്ഥയാണ്. കൂടുതൽ കോളുകൾ ഒരുമിച്ച് വരുന്പോൾ ടവറുകൾ നിശ്ചലമാകുന്നതാണ് ഇതിന്റെ കാരണം.
മറ്റ് മൊബൈൽ സേവനദാതാക്കൾ മികച്ച സേവനം നൽകുന്പോഴാണ് ബിഎസ്എൻഎൽ ഉപയോക്താക്കൾ പ്രതിസന്ധിയിലാകുന്നത്.കണക്ഷനുകളുടെ വർധന അനുസരിച്ച് ടവറുകൾ നിർമിക്കാത്തതാണ് പ്രധാന പ്രതിസന്ധി. വൈദ്യുതി പോയാൽ പ്രവർത്തനം നിർത്തുന്ന ടവറുകളും തൊടുപുഴ മേഖലയിലുണ്ട്. അടുത്തടുത്ത് നിന്നു പരസ്പരം ഫോണ്‍ വിളിച്ചാൽ പോലും പലപ്പോഴും പരിധിക്ക് പുറത്താണെന്നാണ് പറയുന്നത്.
ബിഎസ്എൻഎൽ മൊബൈൽ ടവറുകളുടെ ഭാഗമായ ബേസിക് ട്രാൻസ്മിഷൻ സ്റ്റേഷനുകളിലെ പവർ സപ്ലൈയുടെ ബാക്ക്അപ് ഏറെ നാളുകളുകളായി കുറഞ്ഞിരിക്കുകയാണ്. ബാറ്ററികൾ പ്രവർത്തിക്കാൻ ആവശ്യമായ സർക്യൂട്ട് കാർഡുകൾ പുതുക്കാത്തതും പ്രതിസന്ധിക്കിടയാക്കുന്നു. വൈദ്യുതി ബന്ധം നിലച്ചാൽ ജനറേറ്ററിന്റെ പ്രവർത്തനം തുടങ്ങുന്നതിനുള്ളിൽ ടവറിൽ വൈദ്യുതി നൽകേണ്ടത് ഈ ബാറ്ററികളാണ്. നിലവിലുള്ള ടവറുകൾക്ക് താങ്ങാവുന്നതിലപ്പുറമാണ് വരുന്ന കോളുകളുടെ എണ്ണവും. ഇതും ഉപയോക്താക്കൾക്ക് തെറ്റായ സന്ദേശം ലഭിക്കുന്നതിന് കാരണമാകുന്നു.