കോട്ടയം: മെഡിക്കൽ കോളജ് മോർച്ചറി പരിസരം ഇന്നലെ രാവിലെ നാടകീയരംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. കോട്ടയം ഗാന്ധിനഗർ എസ്എംഇയിൽ പൊള്ളലിനെത്തുടർന്നു മരിച്ച വിദ്യാർഥികളായ ലക്ഷ്മി(22)യുടെയും ആദർശി (25)ന്റെയും പോസ്റ്റുമോർട്ടം നടക്കുന്പോൾ നിറമിഴികളോടെയാണ് സുഹൃത്തുക്കളും അധ്യാപകരും മോർച്ചറിയ്ക്കു മുന്നിൽ നിന്നത്. ലക്ഷ്മിയുടെ ഇൻക്വസ്റ്റ് നടപടികളാണ് ആദ്യം പൂർത്തിയാക്കിയത്.
തുടർന്നു രാവിലെ 8.30ഓടെ പോസ്റ്റുമോർട്ടം ആരംഭിച്ചു ഒന്നര മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു കൈമാറി. വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതദേഹം കണ്ട് സഹപാഠിയും ഉറ്റസുഹൃത്തുമായ ഭരണങ്ങാനം സ്വദേശി അശ്വതി കുഴഞ്ഞു വീണു. മൃതദേഹം വഹിച്ച ആംബുലൻസിനു പിന്നാലെ സഹപാഠികളും അധ്യാപകരും ലക്ഷ്മിയുടെ ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം വീട്ടിലേക്ക് യാത്രതിരിച്ചു.
ലക്ഷ്മിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതിനുശേഷമാണ് ആദർശിന്റെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചത്. നടപടികൾ പൂർത്തിയാക്കി ഉച്ചകഴിഞ്ഞ് രണ്ടോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇരുവരുടെയും ആന്തരവയവങ്ങൾക്കേറ്റ പൊള്ളലാണു മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. 2016 ഒക്ടോബർ 23നു ആദർശിന്റെ വിവാഹം നിശ്ചയിച്ചിരുന്നു.
നിശ്ചയത്തിനു ദിവസങ്ങൾക്കു മുന്പ് ലക്ഷ്മി ആദർശിന്റെ വീട്ടിലേക്ക് ഫോണ്വിളിച്ചു താനും ആദർശും തമ്മിൽ പ്രണയത്തിലാണെന്ന വിവരം വീട്ടുകാരെ അറിയിച്ചിരുന്നതായി ആദർശിന്റെ ബന്ധുക്കൾ പറഞ്ഞു. തുടർന്ന് ആദർശിന്റെ വീട്ടുകാർ ലക്ഷ്മിയുടെ പിതാവുമായി ഫോണിൽ ബന്ധപ്പെട്ടു. നവംബർ 18നു തങ്ങളുടെ കുടുംബത്തിന്റെ യോഗം ഉണ്ടെന്നും അതിനുശേഷം വിവരം അറിയിക്കാമെന്നും ലക്ഷ്മിയുടെ പിതാവ് ആദർശിന്റെ പിതാവിനെ അറിയിക്കുകയും ചെയ്തു.
തുടർന്ന് ആദർശിന്റെ വിവാഹ നിശ്ചയം ഉപേക്ഷിച്ചുവെന്ന് ആദർശിന്റെ ബന്ധുക്കൾ പറഞ്ഞു. വൈകാതെ കായംകുളം പോലീസ് സ്റ്റേഷനിൽനിന്നും വിളിച്ച് ആദർശ്, ലക്ഷ്മിയെ ശല്യം ചെയ്തതായി കേസ് ലഭിച്ചിട്ടുണ്ടെന്നു പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് ജനപ്രതിനിധികളുമായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ലക്ഷ്മിയ്ക്കു ആദർശുമായുള്ള ബന്ധത്തിനു താല്പര്യമില്ലെന്ന വിവരം അറിയുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.
ലക്ഷ്മിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനാലാണ് ആദർശ് മറ്റൊരു വിവാഹത്തിനു സമ്മതിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. അതേസമയം ആദർശ് പ്രണയാഭ്യർഥനയുമായി പലതവണ ലക്ഷ്മിയുടെ വീട്ടിൽ എത്തിയിരുന്നതായും തങ്ങൾ എതിർത്തതിനുശേഷവും ഇതു തുടർന്നപ്പോഴാണു കേസ് കൊടുക്കേണ്ടിവന്നതെന്നും ലക്ഷ്മിയുടെ ബന്ധുക്കൾ പറഞ്ഞു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 1.30നാണ് നാടിനെ നടുക്കിയ ദാരുണസംഭവം ഗാന്ധിനഗർ സ്കൂൾ ഓഫ് മെഡിക്കൽ എഡ്യുക്കേഷനി(എസ്എംഇ)ലുണ്ടായത്. നാലാം വർഷ ഫിസിയോ തെറാപ്പി വിദ്യാർഥിനി ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം കൃഷ്ണ കുമാറിന്റെ മകൾ കെ. ലക്ഷ്മിയെ(21), കോളജിലെ പൂർവവിദ്യാർഥി കൊല്ലം നീണ്ടകര പുത്തൻതുറ കൈലാസമംഗലത്ത് സിനിജന്റെ മകൻ ആദർശ്(25) പട്രോൾ ഒഴിച്ചു തീകൊളുത്തിയതിനുശേഷം സ്വയം ജീവനൊടുക്കുകയായിരുന്നു.
ബാഹ്യമായ പൊള്ളലുകൾക്കു പുറമെ ശ്വാസകോശം, ഹൃദയം, വൃക്ക, ഉദരകോശങ്ങൾ എന്നിവയ്ക്കും പൊള്ളലേറ്റിരുന്നു. തീ ശരീരത്തിൽ പടർന്നതിനുശേഷമുണ്ടായ നിലവിളിയിലും മരണവെപ്രാളത്തിലും വായ്ക്കുള്ളിലൂടെ തീ അകത്തേക്കും കടന്നിരുന്നു. അതീവ ഗുരുതരാവസ്ഥയിലും ഇരുവരും മജിസ്ട്രേറ്റിനു വ്യക്തമായ മരണ മൊഴി നൽകിയിട്ടുണ്ട്. മരണ മൊഴി നൽകിയതിനുപിന്നാലെ ഇരുവരും അബോധാവസ്ഥയിലായി മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയും ചെയ്തു.ഇരുവരുടെയും സംസ്കാരം ഇന്നലെ അതാത് വീടുകളിൽ വൈകുന്നേരത്തോടെ നടത്തി.