ചങ്ങനാശേരി: തുരുത്തിയിലുള്ള ഉദയാ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞു പ്രാക്ടീസ് നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ. ആലപ്പുഴ എസ്എൽ പുരം ചാലുങ്കൽ, രാമചന്ദ്രൻ (ഷിഹാബുദിൻ-57) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി എൻ.രാമചന്ദ്രനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ചങ്ങനാശേരി ഡിവൈഎസ്പി വി.അജിത്, സിഐ സിബി തോമസ്, ഷാഡോ പോലീസ് അംഗങ്ങളായ എഎസ്ഐ കെ.കെ.റെജി, ആന്റണി സെബാസ്റ്റ്യൻ, പ്രതീഷ് രാജ്, പ്രകാശ് എന്നിവരാണ് അറസ്റ്റിനു നേതൃത്വം നൽകിയത്. കേസിനെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ഒരു വർഷമായി ഇയാൾ ഈ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞു ചികിത്സ നടത്തിവരികയായിരുന്നു. മരുന്നു കുറിക്കുന്നതു സംബന്ധിച്ചു സംശയം തോന്നിയ രോഗികളിൽ ചിലർ പോലീസിനു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് തട്ടിപ്പു കണ്ടെത്തിയത്.
രാമചന്ദ്രൻ എന്ന പേരിലാണ് ഇയാൾ നേരത്തെ അറിയപ്പെട്ടിരുന്നത്. 1998ൽ ഇയാൾ മതപരിവർത്തനം നടത്തി ഷിഹാബുദിൻ എന്നു പേരുകാരനാവുകയും ഷാ കോട്ടേജ്, ആനാട് പി.ഒ, നെടുമങ്ങാട് എന്ന വിലാസം സ്വീകരിക്കുകയുംചെയ്തു. ആലപ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണു തുരുത്തിയിലുള്ള ആശുപത്രി. 24 മണിക്കൂറും അത്യാഹിത വിഭാഗത്തിലാണ് ഇയാൾ ഡോക്ടറായി പ്രവർത്തിച്ചിരുന്നത്. നാലു നഴ്സുമാർ ഇയാളുടെ കീഴിൽ ജോലി ചെയ്തിരുന്നു.
രാമചന്ദ്രൻ ബിഎസ്സി, എംബിബിഎസ് എന്ന പേരിലുള്ള സീലുകളും ഇയാളുടെ കൈയിൽനിന്നു പിടിച്ചെടുത്തു. പത്താംക്ലാസ് വരെ മാത്രമേ ഇയാൾസ്കൂളിൽ പോയിട്ടുള്ളു. എന്നാൽ, പത്തിലെ സർട്ടിഫിക്കറ്റ് പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. ആശുപത്രി ഉടമ ഇയാൾക്ക് 12,500 രൂപയാണ് ശമ്പളം നൽകിയിരുന്നത്.
നിരവധി രോഗികൾ ഈ ആശുപത്രിയിൽ ചികിത്സ തേടി എത്തിയിരുന്നു. രോഗികളെ അഡ്മിറ്റ് ചെയ്യാനും ഇയാൾ മടിച്ചിരുന്നില്ല. എന്നാൽ, ഗുരുതര രോഗമെന്നു കണ്ടാൽ വേറെ ആശുപത്രിയിലേക്കു പോകാൻ നിർദേശിക്കുകയായിരുന്നു ഇയാളുടെ രീതി. ആശുപത്രി കെട്ടിടത്തിൽത്തന്നെയായിരുന്നു താമസം. കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലുള്ള ചില ആശുപത്രികളിലും ഇയാൾ ഡോക്ടറായി പ്രാക്ടീസ് നടത്തിയിട്ടുണ്ട്.
ഡോക്ടറായി ജോലി ഇല്ലാത്ത സമയത്ത് ഇയാൾ കെട്ടിടങ്ങളുടെ വാർക്കപ്പണികൾക്കു പോകുമായിരുന്നു. കെട്ടിടം പണിക്കിടയിൽ താഴെ വീണു കാലൊടിഞ്ഞു ചികിത്സിച്ചിട്ടുള്ളതായും ഇയാൾ പോലീസിനു മൊഴി നൽകി. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യംചെയ്യുമെന്നും ആശുപത്രി നടത്തിപ്പുകാരനെതിരെ കേസെടുക്കുമെന്നും എസ്ഐ സിബി തോമസ് പറഞ്ഞു.