ചിന്തിക്കാന്‍ പോലുമാകാത്ത രീതിയിലുള്ള ചൂഷണരീതികളാണ് ഇപ്പോള്‍ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികളുടെ നമ്പറുകള്‍ വില്‍ക്കുന്ന ബിസിനസാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ മൊബൈല്‍ റീചാര്‍ജിങ് ഷോപ്പുകളില്‍ പൊടിപൊടിക്കുന്നത്. അജ്ഞാതരില്‍ നിന്നും ഫോണ്‍ കോളുകള്‍ വരുന്നുവെന്ന പരാതിയില്‍ സ്ത്രീകള്‍ കൂട്ടത്തോടെ പോലീസ്് ഹെല്പ്പ്ലൈനില് ബന്ധപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ നമ്പര്‍ വില്‍ക്കുന്ന റാക്കറ്റുകളുടെ വിവരം പുറത്തുവന്നത്.
നാല് വര്‍ഷത്തിനിടെ 6.6 ലക്ഷത്തിലധികം പരാതികളാണ് പോലീസിനെ തേടിയെത്തിയത്. ഇതില്‍ 90 ശതമാനം പരാതികളും(5.8 ലക്ഷം) ഫോണ്‍ വഴിയുള്ള ഉപദ്രവങ്ങളെ സംബന്ധിച്ചായിരുന്നു. സുഹൃത്താകാന്‍ ആഗ്രഹിക്കുന്നുവെന്ന മുഖവരയോടെ ആണ് ഭൂരിഭാഗം പുരുഷന്മാരും ഫോണ്‍ വിളിക്കാറുള്ളത്. പെണ്‍കുട്ടികള്‍ മൊബൈല്‍ റീചാര്‍ജിനായി സമീപിക്കുന്ന ഷോപ്പുകളില്‍ നിന്നാണ് പുരുഷന്മാര് നമ്പറുകള്‍ വാങ്ങുന്നതെന്ന് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘സ്ഥിരമായി അജ്ഞാത നമ്പറില്‍ നിന്നും കോള്‍ വരുന്നത് കണ്ട് പോലീസില്‍ പരാതി നല്കി. പരാതി നല്‍കിയെന്ന് മനസ്സിലാക്കിയതോടെ അയാള്‍ തന്ത്രം മാറ്റി. അര്‍ധരാത്രി വെവ്വേറെ നമ്പറുകളില്‍ നിന്നായി വിളികള്‍. ഇങ്ങനെ കോളുകള്‍ വരുന്നത് എന്റെ ഭര്‍ത്താവില്‍ സംശയമുണ്ടാക്കുമോ എന്ന ഭയത്തിലാണ് ഞാന്‍.’ നഗരത്തിലെ വീട്ടമ്മ ആശങ്കപ്പെടുന്നു.
റീചാര്‍ജ് ചെയ്യാനെത്തുന്ന പെണ്‍കുട്ടികളുടെ നമ്പര്‍ സൂക്ഷിച്ചുവെക്കുന്ന ഷോപ്പുടമകള്‍ അത് ആവശ്യക്കാര്‍ക്ക് വില്‍ക്കുകയാണ് പതിവ്. പെണ്‍കുട്ടികളുടെ ‘ലുക്കി’ ന്റെ അടിസ്ഥാനത്തിലാണ് നമ്പറിന്റെ വില. സുന്ദരികളായ പെണ്‍കുട്ടികളുടെ നമ്പറിന് 500 രൂപയാണ് ഈടാക്കുന്നത്. മറ്റു പെണ്‍കുട്ടികളുടെ നമ്പറിന് 50 രൂപയും. പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവരെ കണ്ടുപിടിക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് പോലീസ്. വ്യജ ഐഡികള്‍ നല്കിയാലും സിം നല്കുന്ന കടകളുമുണ്ട്. പെണ്‍കുട്ടികളെ വിളിച്ച് ശല്യം ചെയ്യുന്നവരില്‍ ഭൂരിഭാഗവും യുവാക്കളോ കൗമാരക്കാരോ ആണെന്നാണ് പോലീസിന് ലഭിച്ച വിവരം. പെണ്‍കുട്ടി മുമ്പ് തന്റെ കാമുകി ആയിരുന്നുവെന്നും അറിയാതെ നമ്പര്‍ ഡയല് ചെയ്തതാണെന്നുമാണ് ചോദ്യം ചെയ്യലില്‍ ചില വിരുതന്മാര് പറയുന്നത്.
എന്നാല്‍ പെണ്‍കുട്ടികളുടെ നമ്പറുകള്‍ വില്‍ക്കുന്ന ഒരൊറ്റ റീചാര്‍ജ് ഷോപ്പ് ഉടമകളും ഇതുവരെ പിടിയിലായിട്ടില്ല എന്നതാണ് സത്യം. അത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് ഉന്നതരുടെ പ്രതികരണം. വ്യാജ ഐഡികളില്‍ സിം നല്‍കുന്നവരെ മാത്രമാണ് പോലീസ് ഇപ്പോള്‍ പിടികൂടി വരുന്നത്. ഒരു ജയിലില്‍ തികയാത്ത വിധത്തില്‍ അത്രയധികം ആളുകള്‍ ഇത്തരം ബിസിനസുമായി രംഗത്തുണ്ടെന്നും അതിനാല്‍ അത്തരക്കാരെ മുഴുവന്‍ പിടികൂടി ഉന്മൂലനം ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നുമാണ് പോലീസ് പറയുന്നത്.