ബുദ്ധിമുട്ടാണ് എന്നാലും…! ജിഷയുടെ അമ്മയ്ക്ക് ബുദ്ധിമുട്ടുകള്‍ സഹിച്ചും കാവല്‍ തുടരുമെന്ന് പോലീസ്; കാവല്‍ ഡ്യൂട്ടി ഏറ്റെടുക്കാന്‍ പോലീസിന് മടി

jisha

കൊച്ചി: പെരുന്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും തമ്മിലുള്ള വഴക്കുകള്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ സഹിച്ചും കുടുംബത്തിനുള്ള കാവല്‍ തുടരുമെന്നു പോലീസ്.  ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടിവരുന്നതുമൂലം പോലീസുകാര്‍ ഏറെ ബുദ്ധിമുട്ടു സഹിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇവര്‍ക്കുള്ള പോലീസ് കാവല്‍ അവസാനിപ്പിച്ചേക്കുമെന്നു വാര്‍ത്തകളുണ്ടായിരുന്നു. ഇവിടെ കാവല്‍ ഡ്യൂട്ടി ഏറ്റെടുക്കാന്‍ പോലീസ് മടിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.

എന്നാല്‍, പോലീസ് സംരക്ഷണം പിന്‍വലിക്കില്ലെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി എ.വി. ജോര്‍ജ് രാഷ്ട്രദീപികയോടു പറഞ്ഞു. വീട്ടില്‍ ജിഷയുടെ അമ്മയും സഹോദരിയും  തമ്മിലുള്ള വഴക്കുകള്‍ പോലീസിനു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ടെങ്കിലും അവര്‍ക്കു നല്‍കി വരുന്ന സുരക്ഷ പിന്‍വലിക്കുന്നതു സംബന്ധിച്ചു യാതൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. ഇവരുടേതുപോലുള്ള പ്രത്യേക സാഹചര്യത്തില്‍ സുരക്ഷ പിന്‍വലിക്കില്ലെന്നും കാവല്‍ തുടരുമെന്നും എ.വി.ജോര്‍ജ് പറഞ്ഞു. ജിഷയുടെ മരണത്തെത്തുടര്‍ന്ന് ഇവര്‍ക്കു കിട്ടിയ പണത്തെച്ചൊല്ലി രാജേശ്വരിയും ദീപയും തമ്മില്‍ വഴക്കു പതിവായിരുന്നു.

രാജേശ്വരിയും ദീപയും തമ്മിലുള്ള കയ്യാങ്കളി അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കു കസേര കൊണ്ട് അടികിട്ടിയിരുന്നു.   തര്‍ക്കവും വാക്കേറ്റവും തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കോതമംഗലം സ്വദേശിനിയായ പോലീസ് ഉദ്യോഗസ്ഥയ്ക്കു പരുക്കേറ്റത്. ജിഷയുടെ മുടക്കുഴയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ജിഷയുടെ അമ്മയുടെ സുരക്ഷയ്ക്ക് നിന്നിരുന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കാണ് പരിക്ക് പറ്റിയത്.

മണിക്കൂറുകള്‍ നീണ്ട വാക്കേറ്റത്തിനു ശേഷമാണ് കൈയാങ്കളി തുടങ്ങിയത്. രാജേശ്വരിയെ കസേരയ്ക്ക് അടിക്കുന്നതു കണ്ട് പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ പുറത്ത് അടി കൊള്ളുകയായിരുന്നു.   പെരുന്പാവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും ചികില്‍സ തേടി. പോലീസ് ഇവരുടെ മൊഴി എടുത്തു. എന്നാല്‍ സംഭവം വിവാദമാക്കേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ്.
അതിനാല്‍ കേസെടുത്തിരുന്നില്ല. എറണാകുളം റൂറല്‍ ജില്ലയ്ക്കു കീഴിലുള്ള പോലീസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലീസുകാര്‍ക്കാണ് ഇവിടുത്തെ കാവല്‍ ഡ്യൂട്ടി. ഓരോ ദിവസവും ഓരോ സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല.

Related posts