സുബ്രഹ്മണ്യപുരത്തിലെ “കണ്കൾ ഇരണ്ടാൽ’ എന്നു തുടങ്ങുന്ന ഗാനം ആസ്വദിക്കാത്ത മലയാളികൾ കാണില്ല. തമിഴ്നാട്ടുകാരനായ ബെല്ലി രാജാണ് ഈ ഗാനം പാടി ജനങ്ങളുടെ ഇഷ്ടഗായകനായി മാറിയത്. തമിഴിൽ ഗായകനായാണ് അരങ്ങേറിയതെങ്കിൽ, മലയാളത്തിൽ ബെല്ലിരാജ നിർമാതാവായി അരങ്ങേറുന്നു. കലാഭവൻ ഷാജോണ്‍ നായകനായി അഭിനയിക്കുന്ന പരീത് പണ്ഡാരി എന്ന ചിത്രമാണ് ബെല്ലിരാജ നിർമിക്കുന്നത്. എന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ മൊയ്തീന്റെ നാടായ കോഴിക്കോട് മുക്കത്തുനിന്ന് സംവിധായകനാകാൻ എത്തി, നിർമാതാവായിമാറിയ ഷൈബിനാണ് ബെല്ലിരാജിനെ മലയാളത്തിലേക്ക് കൈപിടിച്ച് ആനയിച്ചത്. ചെന്നൈ ഫിലിം ഫാക്ടറിക്കുവേണ്ടി ഷൈബിനും, ബെല്ലിരാജയും ചേർന്നാണ് പരീത്പണ്ഡാരി നിർമിച്ചിരിക്കുന്നത്.
സുബ്രഹ്മണ്യപുരത്തിന് മികച്ച ഗായകനുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് ബെല്ലിരാജ നേടിയപ്പോൾ ആദ്യം അഭിനന്ദിച്ചത് ഷൈബിനായിരുന്നു. സുബ്രഹ്മണ്യപുരത്തിന് മുന്‍പേതന്നെ സുഹൃത്തുക്കളായിരുന്ന ഇവർ, അതോടെ ആത്മമിത്രങ്ങളായി മാറുകയായിരുന്നു. അങ്ങനെയാണ്, ഷൈബിന്റെ വലിയൊരു ആഗ്രഹം സാധൂകരിക്കാൻ ബെല്ലിരാജ് ഇറങ്ങിപ്പുറപ്പെട്ടത്. ഷൈബിന്റെ മനസിൽ കുറച്ചുകാലമായി മങ്ങാതെ കിടന്ന കഥയാണ് പരീത്പണ്ഡാരിയുടേത്. കഥ ബെല്ലിരാജയ്ക്കും ഇഷ്ടമായി. അങ്ങനെ പരീത്പണ്ഡാരിയുടെ കഥ സിനിമയായി.
പരീത്പണ്ഡാരിയിൽ ഒരു ഗാനം ബെല്ലിരാജ ആലപിക്കുന്നുമുണ്ട്. സുബ്രഹ്മണ്യപുരത്തിന്റെ സംഗീത സംവിധായകൻ ജയിംസ് വസന്തൻ തന്നെയാണ് ഗാനത്തിന് സംഗീതം പകർന്നത്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ചിട്ടപ്പെടുത്തിയത് ജയിംസ് വസന്തൻ ആണ്. ഈ ഗാനങ്ങളിലൂടെ ജയിംസ് വസന്തൻ മലയാളത്തിൽ അരങ്ങേറുകയും ചെയ്തു. ചിത്രത്തിന്റെ റിക്കാർഡിംഗ് നിർവഹിച്ചതും ജയിംസ് വസന്തൻ തന്നെ. തമിഴിലെ ഏറ്റവും വിലയുള്ള മ്യൂസിക് ഡയറക്ടറെ മലയാളത്തിൽ അവതരിപ്പിച്ചതിന്റെ ത്രില്ലിലാണ് നിർമാതാക്കളായ ഷൈബിനും, ബെല്ലിരാജും. പരീത്പണ്ഡാരിയിൽ ബെല്ലിരാജ പാടിയ “ഏകത്തിൻ പൊരുൾ നീ’ എന്നു തുടങ്ങുന്ന ഗാനം ടിവി ചാനലുകളിലൂടെയുംമറ്റും ഇപ്പോൾ ഹിറ്റായിമാറിക്കഴിഞ്ഞു.
പാചകം ഒരു കലയാക്കിമാറ്റിയ പരീത്പണ്ഡാരിയുടെയും ഭാര്യ ഹൗവയുടെയും മൂന്നു പെണ്മക്കളുടെയും ജീവിതമാണ് ഈ ഗാനരംഗത്തിലൂടെ സംവിധായകൻ ഗഫൂർ ഇല്യാസ് പകർത്തിയത്. ഗാനരംഗങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിച്ച ഈ സിനിമയിൽ പരീത്പണ്ഡാരിയായി കലാഭവൻ ഷാജോണ്‍ ഗംഭീര പ്രകടനം നടത്തുന്നു. ചിത്രീകരണം പൂർത്തിയായ ഈ സിനിമ ഈ മാസം തന്നെ ചെന്നൈ ഫിലിംഫാക്ടറി തിയറ്ററിലെത്തിക്കും.
നിർമാണം – ഷൈബിൻ ടി., ബെല്ലിരാജ്, തിരക്കഥ, സംവിധാനം – ഗഫൂർ ഇല്യാസ്, കാമറ – ഫൈസൽ വി ഖാലിദ്, ഗാനങ്ങൾ – റഫീക് അഹമ്മദ്, ബാപ്പു വെളിപ്പറാന്പ്,സംഗീതം – ജയിംസ് വസന്തൻ, പ്രൊഡക്ഷൻ കണ്ട്രോളർ – ക്ലിന്റൻ പെരേര. കലാഭവൻ ഷാജോണ്‍,സജിത മഠത്തിൽ, ജോയിമാത്യു, ടിനിടോം, ജാഫർ ഇടുക്കി, സുനിൽ സുഖദ, സത്താർ, അനിൽ മുരളി, ശ്രീനി ഞാറയ്ക്കൽ, ജോർജ്, സുദർശൻ ആലപ്പുഴ, അൻസി ബഹസൻ, രശ്മി സതീഷ്, കബനി, പ്രിയങ്ക, മായ സുരേഷ്, ശാന്തകുമാരി, ദീപിക, ജുനൈദ്, പോളി, റോഷ്നി എന്നിവർ അഭിനയിക്കുന്നു.
-അയ്മനം സാജൻ