മുംബൈ: കേന്ദ്രബജറ്റ് നിർദേശങ്ങൾ പലിശ കുറയാൻ വഴിതെളിക്കുമെന്നു നിക്ഷേപ ബാങ്കർമാർ. കേന്ദ്രത്തിന്റെ കടമെടുപ്പു ഗണ്യമായി കുറയുന്നതാണു കാരണം. അടുത്ത ബുധനാഴ്ച ചേരുന്ന റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി (എംപിസി) റീപോ നിരക്കിൽ 0.25 ശതമാനം കുറവ് വരുത്തുമെന്നു ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ച് പറഞ്ഞു.
സെപ്റ്റംബറോടെ 0.75 ശതമാനം കണ്ടു പലിശനിരക്കിൽ കുറവു വരുമെന്നാണു മെറിൽ ലിഞ്ച് കരുതുന്നത്. ബജറ്റിൽ 3.2 ശതമാനം ധനകമ്മി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പൊതു കടമെടുപ്പ് കുറവാകും. ഇക്കൊല്ലം 3.5 ലക്ഷം കോടി രൂപയേ കടപ്പത്രമിറക്കി എടുക്കുന്നുള്ളൂ. ലഘുസന്പാദ്യ പദ്ധതികളെ കൂടുതലായി ആശ്രയിക്കുന്നതു മൂലമാണിത്.
കടപ്പത്രമിറക്കൽ കുറയുന്നതു പലിശനിരക്കു താഴാൻ പ്രേരണയാകും. അപ്പോൾ റിസർവ് ബാങ്കിന്റെ നിരക്കു കുറയ്ക്കൽ വേഗം ബാങ്കുകളുടെ വായ്പ-നിക്ഷേപ പലിശകളിലും പ്രതിഫലിക്കും.ഡിസംബറിലെ യോഗത്തിൽ എംപിസി നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല.