വൈക്കം: തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന സോളാർ ബോട്ടിലെ രണ്ട് പ്രൊപ്പല്ലറുകളിൽ ഒന്ന് കാണാതായതിൽ ദുരൂഹത ഏറുന്നു. 18 ലെഡുകളിൽ ഉറപ്പിച്ചിരിരുന്ന രണ്ട് പ്രൊപ്പല്ലറുകളിൽ ഒന്നാണ് കാണാതായത്. കഴിഞ്ഞ ദിവസം രാവിലെ സർവീസ് ആരംഭിക്കാനായി സ്റ്റാർട്ടുചെയ്തപ്പോൾ എൻജിൻ കൂടുതലായി ശ്രദ്ധയിൽപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിലാണ് പ്രൊപ്പല്ലർ കാണാതായത് കണ്ടെത്തിയത്.
വിജയകരമായി നടന്നുവന്ന സോളാർ ബോട്ട് സർവീസ് അട്ടിമറിക്കുന്നതിന് ബോധപൂർവമായ ശ്രമമുണ്ടായോയെന്നും ജീവനക്കാരിലാരുടെയെങ്കിലും പിൻബലത്തോടെ മറ്റാരെങ്കിലും ബോട്ടിന്റെ യന്ത്രഭാഗം മോഷ്ടിച്ചതാണെന്ന സംശയവും ബലപ്പെടുകയാണ്. ഇവിടെ സർവീസ് നടത്തുന്ന സാധാന ബോട്ടിന് ദിനം പ്രതി എണ്ണായിരത്തോളം രൂപ കളക്ഷൻ ലഭിക്കുന്പോൾ അതിൽ ആറായിരത്തോളം രൂപ ഇന്ധനത്തിന് ചെലവാകുന്നുണ്ട്. 22 സർവീസുകൾ സോളാർ ബോട്ട് പൂർത്തിയാക്കിയാൽ ആറായിരത്തോളം രൂപയാണ് ലാഭമുണ്ടാകുന്നത്.
വൈക്കം തവണക്കടവ് സർവീസ് ജംഗാർ സർവീസ് മുന്പ് വിജയകരമായി നടത്തിവന്നപ്പോഴും സമാന രീതിയിലുള്ള അട്ടിമറി നടന്നതായി അന്നത്തെ കരാറുകാരൻ ആരോപിച്ചിരുന്നു. 10,30,000 രൂപയ്ക്ക് കരാറിൽ ജംഗാർ സർവീസ് ഏതാനും മാസങ്ങൾ വിജയകരമായി നടത്തിവരുന്നതിനിടയിൽ ജംഗാർ അടിക്കടി കേടാകുകയും അധികമായി ഡീസൽ ചെലവാകുകയും ചെയ്തിരുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് ജംഗാറിന്റെ പ്രൊപ്പല്ലർ അടിച്ചുപരത്തിയ നിലയിൽ കണ്ടെത്തിയത്.
അന്ന് സാധാരണ വേണ്ടതിലും എണ്പത് ലിറ്റർ ഡീസൽ അധികമായി ഉപയോഗിച്ചാണ് ജംഗാർ സർവീസ് നടത്തിയത്. പിന്നീട് ജംഗാർ സർവീസ് കരാറുകാരൻ അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോൾ സോളാർ ബോട്ടിലെ പ്രൊപ്പല്ലർ കാണാതായ സംഭവത്തിൽ ഇത്തരത്തിലുള്ള അട്ടിമറി വല്ലതും നടന്നിട്ടുണ്ടോയെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ജനുവരി 12-നാണ് സോളാർ ബോട്ട് സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.